സൗദി അറേബ്യയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ട സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. കൂടാതെ, വിമാന സർവീസുകൾ മുടങ്ങി സൗദിയിൽ കുടുങ്ങിയ ഉംറ തീർത്ഥാടകരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ദില്ലി: സൗദി അറേബ്യയിലെ സാധാരണക്കാർക്ക് നേരെയും അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുമുള്ള ഹൂതി വിമതരുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇന്ത്യ. ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രതികരണം നടത്തിയത്.
അതേസമയം പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ടെലിഫോൺ സംഭാഷണം നടത്തി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇരുനേതാക്കളും ചൂണ്ടിക്കാട്ടിയതോടൊപ്പം നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു.
ആക്രമണത്തിൽ കടുത്ത പ്രതിഷേധം
സാധാരണക്കാർ താമസിക്കുന്ന മേഖലകളെയും ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അത്യന്തം അപലപനീയമാണെന്നും അത് ഉടനടി അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒക്ടോബർ 21-ന് ദമ്മാം വിമാനത്താവളത്തിനും കിഴക്കൻ പ്രവിശ്യയിലെ സൗദി അരാംകോയുടെ ശൈബ എണ്ണപ്പാടത്തിനും നേർക്കുണ്ടായ ആക്രമണങ്ങളെ ഇന്ത്യ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്.
ബുധനാഴ്ച രാത്രി ദമ്മാം വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനടക്കം രണ്ടുപേർ കൊല്ലപ്പെടുകയും രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരണപ്പെട്ട പൗരന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച വിദേശകാര്യ മന്ത്രാലയം, പരിക്കേറ്റവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ റിയാദിലെ ഇന്ത്യൻ എംബസി സൗദി അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കി. സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്നതിൽ ഇന്ത്യ പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. വിമാന സർവീസുകൾ തടസ്സപ്പെട്ടതിനെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഇന്ത്യൻ ഉംറ തീർത്ഥാടകരെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ നയതന്ത്ര തലത്തിൽ ശക്തമായ ഇടപെടലുകൾ ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഏകദേശം 3,000 തീർത്ഥാടകരെ ലഭ്യമായ വിമാനങ്ങളിൽ ഇന്ത്യയിലെത്തിച്ചു. കൂടാതെ 10,000-ത്തിലധികം പേർ മറ്റ് വിമാന മാർഗ്ഗങ്ങളിലൂടെയും നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന ബാക്കിയുള്ളവരെ കൂടി എത്രയും വേഗം തിരിച്ചെത്തിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. മക്കയിലും മദീനയിലും ആയിരക്കണക്കിന് ഇന്ത്യൻ തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവർക്കായി പ്രത്യേക വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്നും എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.









