
ന്യൂയോര്‍ക്ക്: വിവാഹമോചനത്തോടെ ലോകത്തിലെ അതിസമ്പന്നരായ വനിതകളില്‍ നാലാം സ്ഥാനം മക്കെന്‍സി ബെസോസ് സ്വന്തമാക്കി. ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസിന്‍റെ ഭാര്യയാണ് മക്കെന്‍സി. വിവാഹമോചനത്തോടെ 2.42 ലക്ഷം കോടി രൂപയാണ് മക്കെന്‍സിക്ക് ലഭിച്ചത്. ഇതോടെ ലോകത്തിലെ സമ്പന്നരായ വനിതകളുടെ പട്ടികയില്‍ മക്കെന്‍സി നാലാമതെത്തി.
ഇരുവരുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളുടെ 35,00 കോടി ഡോളര്‍(2.42 ലക്ഷം കോടി) മൂല്യമുള്ള ഓഹരികള്‍ ബെസോസ് മക്കെന്‍സിക്ക് നല്‍കണമെന്നാണ് ധാരണ. ആമസോണിന്‍റെ 16.3 ശതമാനം ഓഹരികളാണ് ബെസോസിന്‍റെ പക്കലുള്ളത്. ഇതില്‍ നാലുശതമാനമാണ് മക്കെന്‍സിക്ക് ലഭിക്കുക. ഇരുവരുടെയും ഉടമസ്ഥതയിലുള്ള യുഎസ് മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പരീക്ഷണ സ്ഥാപനമായ ബ്ലൂ ഒറിജിന്‍ എന്നിവയില്‍ തനിക്കുള്ള മുഴുവന്‍ ഓഹരികളും ബെസോസിന് വിട്ടുനല്‍കുമെന്ന് മക്കെന്‍സിയും വ്യക്തമാക്കി.
ആമസോണിന്‍റെ 12 ശതമാനം ഓഹരി സ്വന്തമായുള്ള ബെസോസ് ലോകത്തിലെ അതിസമ്പന്നനായി തന്നെ തുടരും. 89,00 കോടി ഡോളറിന്‍റെ ആസ്തിയാണ് ആമസോണിനുള്ളത്.
വിവാഹമോചന വിവരം ട്വിറ്ററിലൂടെയാണ് ഇരുവരും അറിയിച്ചത്. 1993-ലാണ് ബെസോസും എഴുത്തുകാരിയായ മക്കെന്‍സിയും വിവാഹിതരായത്. ഇവര്‍ക്ക് നാല് മക്കളുണ്ട്. 1994-ലാണ് ഇരുവരും ചേര്‍ന്ന് യുഎസിലെ സിയാറ്റിലില്‍ ആമസോണ്‍ സ്ഥാപിച്ചത്.