ആപ്പിൾ സ്റ്റോറിലേക്ക് പാഞ്ഞുകയറി മുഖംമൂടിധാരികൾ, ഷെൽഫുകളെല്ലാം കാലിയാക്കി; ലോസ് ഏഞ്ചൽസ് പ്രക്ഷോഭത്തിനിടെ കവർച്ച

Published : Jun 11, 2025, 11:54 AM IST
masked man apple store

Synopsis

ലോസ് ഏഞ്ചൽസിലെ കുടിയേറ്റ റെയ്ഡുകൾക്കെതിരായ പ്രക്ഷോഭത്തിനിടെ മുഖംമൂടി ധരിച്ച സംഘം ആപ്പിൾ സ്റ്റോറും മറ്റ് കടകളും കൊള്ളയടിച്ചു. കടകൾ നശിപ്പിക്കപ്പെടുകയും പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 

ലോസ് ഏഞ്ചൽസ്: യുഎസിലെ ലോസ് ഏഞ്ചൽസ് ഡൗൺടൗണിൽ കുടിയേറ്റ റെയ്ഡുകൾക്കെതിരെയുള്ള പ്രക്ഷോഭത്തിനിടെ മുഖംമൂടി ധരിച്ചെത്തിയവർ ഒരു ആപ്പിൾ സ്റ്റോറിലും മറ്റ് നിരവധി കടകളിലും അതിക്രമിച്ച് കടന്ന് മോഷണം നടത്തി. അക്രമം പൊട്ടിപ്പുറപ്പെടുകയും കടകൾ നശിപ്പിക്കപ്പെടുകയും ചെയ്തതോടെ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടം വെള്ളിയാഴ്ച കുടിയേറ്റ റെയ്ഡുകൾ ആരംഭിച്ചതിന് ശേഷം ദിവസങ്ങളായി നഗരം വലിയ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്.

ഇതിനിടെയാണ് മുഖംമൂടി ധരിച്ച ഒരു സംഘം ജനൽ തകർത്ത് ഒരു ആപ്പിൾ സ്റ്റോറിലേക്ക് ഇരച്ചുകയറി ഉൽപ്പന്നങ്ങൾ മോഷ്ടിച്ചത്. അവർ കെട്ടിടത്തിൽ ചുവരെഴുത്തുകളും നടത്തി. ഓൺലൈനിൽ പങ്കുവെച്ച വീഡിയോകളിൽ അഡിഡാസ് സ്റ്റോറുകൾ, ഫാർമസികൾ, മരിജുവാന ഡിസ്പെൻസറികൾ, ആഭരണക്കടകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് കടകളും നശിപ്പിക്കപ്പെട്ടതായി കാണാം. ഈ കടകളിലെ ഷെൽഫുകൾ പൂർണ്ണമായും ഒഴിഞ്ഞ നിലയിലായിരുന്നു.

ആപ്പിൾ സ്റ്റോറിൽ നടന്ന കവർച്ചയുടെ സ്ഥലത്തുനിന്ന് ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തുവെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് ഡിപ്പാർട്ട്‌മെന്‍റിലെ ഓഫീസർ ക്രിസ് മില്ലർ പറഞ്ഞു. കൂടാതെ മറ്റ് രണ്ട് പേർ കൂടി പിടിയിലായിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ കൃത്യമായ എണ്ണം അധികൃതർ പുറത്തുവിട്ടിട്ടില്ല.

വാരാന്ത്യത്തിൽ, കലാപത്തിനിടെ പൊലീസ് ഇതിനകം 50-ഓളം പേരെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസുകാർക്കെതിരെ പെട്രോൾ ബോംബ് ഉപയോഗിക്കാൻ ശ്രമിച്ച ഒരാളും ഇതിൽ ഉൾപ്പെടുന്നു. അക്രമങ്ങൾ കാരണം ലോസ് ഏഞ്ചൽസ് മേയർ കാരെൻ ബാസ് ചൊവ്വാഴ്ച നഗരത്തിന്‍റെ ഡൗൺടൗൺ പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തി. ഐ.സി.ഇ (ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ്) റെയ്ഡുകൾക്കെതിരെ ദിവസങ്ങളോളം നീണ്ട പ്രതിഷേധങ്ങളിൽ പ്രകടനക്കാരും നിയമപാലകരും തമ്മിൽ ഏറ്റുമുട്ടലുകൾ നടന്നിരുന്നു. പ്രദേശത്ത് സുരക്ഷ ഉറപ്പാക്കാൻ നാഷണൽ ഗാർഡിന്‍റെ സഹായവും ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ബ്ലെയർ ബെസ്റ്റൺ ആവശ്യപ്പെട്ടു. സമാധാനപരമായ പ്രതിഷേധത്തെ തുടർന്നുണ്ടായ ക്രിമിനൽ പ്രവർത്തനങ്ങളെ നഗര അധികൃതരും പ്രാദേശിക നേതാക്കളും അപലപിച്ചു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം