Latest Videos

ബിലാവൽ ഭൂട്ടോ പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ്; മോദി വിരുദ്ധ പരാമർശത്തിൽ വിമർശനവുമായി മന്ത്രിമാർ

By Web TeamFirst Published Dec 16, 2022, 4:48 PM IST
Highlights

നരേന്ദ്രമോദി  മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഇത്തരം പരമാർശങ്ങൾക്ക് മോദിയുടെ പ്രതിഛായയിൽ മങ്ങലേൽപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ ആക്രമണത്തിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയെ വിമർശിച്ച് ഇന്ത്യൻ മന്ത്രിമാർ രം​ഗത്ത്. നരേന്ദ്രമോദി  മാനസികമായി പാപ്പരാണെന്നും ഉത്തരവാദിത്തം ഇല്ലാത്തയാളാണെന്നുമാണ് ബിലാവൽ ഭൂട്ടോ പറഞ്ഞത്. ഇത്തരം പരമാർശങ്ങൾക്ക് മോദിയുടെ പ്രതിഛായയിൽ മങ്ങലേൽപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി പ്രതികരിച്ചു. 
 
പാപ്പരത്തമുള്ള രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, മാനസികമായും പാപ്പരാണെന്ന് പാക് വിദേശകാര്യ മന്ത്രി ഉപയോഗിച്ച ഭാഷ വ്യക്തമാക്കുന്നു. മീനാക്ഷി ലേഖി പറഞ്ഞു. 'ഒസാമ ബിൻ ലാദൻ മരിച്ചു, എന്നാൽ ഗുജറാത്തിലെ കശാപ്പുകാരൻ ജീവിച്ചിരിക്കുന്നു' എന്ന് ബിലാവൽ ഭൂട്ടോ ആക്ഷേപിച്ചിരുന്നു. പാകിസ്ഥാനെ ഭീകരതയുടെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യ വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

"ഉത്തരവാദിത്തം ഒരാളുടെ പദവിയിൽ നിന്ന് വരുന്നതല്ല, അത് ഒരാളുടെ സ്വഭാവത്തിന്റെ ഭാഗമാണ്. പലരും ഒരു പദവിയും കൂടാതെ ഉത്തരവാദിത്തത്തോടെ സംസാരിക്കുന്നു, പദവികൾ വഹിച്ചിട്ടും പലരും നിരുത്തരവാദപരമായി സംസാരിക്കുന്നു. ബിലാവൽ ഭൂട്ടോ പരാജയപ്പെട്ട ഒരു രാജ്യത്തിന്റെ പ്രതിനിധിയാണ്. അദ്ദേഹം സ്വയം പരാജയപ്പെട്ടു, അതിനാൽ പാകിസ്ഥാനും പരാജയപ്പെട്ടു. തീവ്രവാദ ചിന്താഗതിയുള്ളവരിൽ നിന്ന് നിങ്ങൾക്ക് എന്താണ് പ്രതീക്ഷിക്കാൻ കഴിയുക?" മീനാക്ഷി ലേഖി അഭിപ്രായപ്പെട്ടു. 

അതേസമയം, രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നതിൽ സൈനികരോട് എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. പാകിസ്ഥാനെതിരായ യുദ്ധ വിജയത്തിന്റെ ഓർമയിൽ സൈനികർക്ക് ആദരമർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി. സൈനികരുടെ ധൈര്യത്തെയും ത്യാഗത്തെയും രാജ്യം നമിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. 1971-ലെ യുദ്ധം മനുഷ്യത്വമില്ലായ്മയ്‌ക്കും അനീതിക്കുമെതിരെ ധാർമികതയുടെ വിജയമായിരുന്നു, ആ വിജയത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു. ദില്ലിയിലെ യുദ്ധ സ്മാരകത്തിലെത്തി പ്രതിരോധമന്ത്രി പുഷ്പചക്രം അർപ്പിച്ചു.

Read Also: 'രാജ്യത്തെ സുരക്ഷിതമായി നിർത്തുന്നതിൽ എന്നും കടപ്പെട്ടിരിക്കുന്നു', സൈനികർക്ക് ആദരമർപ്പിച്ച് പ്രധാനമന്ത്രി

 

click me!