
വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള പ്രതിരോധ ഇടപാടുകളിലും വ്യാപാര വിഷയങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ നിർണായക ചർച്ചകളെക്കുറിച്ച് വെളിപ്പെടുത്തലുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഹൗസ് ജിഒപി മെമ്പർ റിട്രീറ്റിൽ സംസാരിക്കവെയാണ് മോദിയുമായുള്ള തന്‍റെ ആത്മബന്ധത്തെക്കുറിച്ചും ഇന്ത്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വാങ്ങലിലെ കാലതാമസത്തെക്കുറിച്ചും ട്രംപ് പരാമർശിച്ചത്. അഞ്ചു വർഷമായി മുടങ്ങിക്കിടന്ന ഹെലികോപ്റ്റർ കൈമാറ്റവുമായി ബന്ധപ്പെട്ട് മോദി തന്നെ വ്യക്തിപരമായി സമീപിച്ചുവെന്നും 'സർ' എന്ന് അഭിസംബോധന ചെയ്തുകൊണ്ട് തനിക്കൊന്ന് കാണാൻ പറ്റുമോ എന്ന് മോദി ചോദിച്ചതായും ട്രംപ് അവകാശപ്പെട്ടു. പ്രധാനമന്ത്രിയുമായി തനിക്ക് വളരെ മികച്ച ബന്ധമാണ് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഓർഡർ ചെയ്തിട്ടുണ്ടെന്നും ആ തടസ്സങ്ങൾ താൻ നീക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, വ്യാപാര നികുതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രി മോദിക്ക് തന്നോട് അതൃപ്തിയുണ്ടെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിൽ ഇന്ത്യക്ക് വലിയ തോതിലുള്ള നികുതി നൽകേണ്ടി വരുന്നുണ്ടെന്നും എന്നാൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ ഗണ്യമായി കുറച്ചത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഇറക്കുമതി നികുതികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, ഈ ഇനത്തിൽ രാജ്യത്തിന് 650 ബില്യൺ ഡോളറിലധികം വരുമാനം ലഭിക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് മേൽ തീരുവ ചുമത്തുന്നത് വഴി അമേരിക്ക കൂടുതൽ സമ്പന്നമാകുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു. ഏകദേശം 650 ബില്യൺ ഡോളർ ഇത്തരത്തിൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയിലേക്ക് ഉടൻ എത്തും എന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. ഇന്ത്യ റഷ്യൻ എണ്ണ വിഷയത്തിൽ സഹായിച്ചില്ലെങ്കിൽ തീരുവ ഇനിയും വർദ്ധിപ്പിക്കും എന്നും അദ്ദേഹം എയർ ഫോഴ്സ് വണ്ണിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.
എങ്കിലും, മോദി ഒരു നല്ല മനുഷ്യനാണെന്നും അദ്ദേഹവുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും ട്രംപ് ആവർത്തിച്ചു. മാർ-എ-ലാഗോ വിരുന്നിൽ വെച്ച് തന്‍റെ ടീമിലുള്ള ഉദ്യോഗസ്ഥരോട് അപ്പാച്ചെ ഡെലിവറി വേഗത്തിലാക്കാൻ ട്രംപ് ഉത്തരവിട്ടതായും സൂചനയുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam