ഗുരുതര ആരോപണവുമായി ഇലോൺ മസ്ക്; ഇന്ത്യൻ വംശജന്‍റേത് ആത്മഹത്യയല്ല, കൊലപാതകം; ഓപ്പൺഎഐ സിഇഒയുടെ പ്രസ്താവന തള്ളി

Published : Sep 12, 2025, 12:07 AM IST
Elon-Musk-and-Sam-Altman

Synopsis

സുചീർ ബാലാജിയുടെ മരണം ആത്മഹത്യയാണെന്ന സാം ആൾട്ട്മാന്റെ പ്രസ്താവന ഇലോൺ മസ്ക് തള്ളി. മസ്കിന്റെ അഭിപ്രായത്തിൽ, ബാലാജി കൊല്ലപ്പെട്ടതാണ്. ടക്കർ കാൾസണുമായുള്ള ആൾട്ട്മാന്റെ അഭിമുഖത്തിന് പിന്നാലെയാണ് ഈ പ്രസ്താവന.

ന്യൂയോർക്ക്: മുൻ ഗവേഷകനും വിസിൽബ്ലോവറുമായിരുന്ന സുചീർ ബാലാജി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന ഓപ്പൺഎഐ സിഇഒ സാം ആൾട്ട്‌മാന്റെ പ്രസ്താവന തള്ളി ഇലോൺ മസ്ക്. സുചീർ ബാലാജി കൊല്ലപ്പെട്ടതാണ് എന്നാണ് മസ്ക് പ്രഖ്യാപിച്ചു. സാം ആൾട്ട്‌മാനും അമേരിക്കൻ ബ്രോഡ്കാസ്റ്ററായ ടക്കർ കാൾസണും തമ്മിലുള്ള അഭിമുഖം വൈറലായതിന് പിന്നാലെയാണ് മസ്കിന്‍റെ ഈ അഭിപ്രായം. സുചീർ ബാലാജിയുടെ വിവാദപരമായ മരണത്തെക്കുറിച്ച് ഈ അഭിമുഖം വീണ്ടും ചോദ്യങ്ങൾ ഉയർത്തിയിരുന്നു.

അഭിമുഖത്തിനിടെ, സുചീർ ബാലാജിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ചും മരണത്തെക്കുറിച്ചും ടക്കർ കാൾസൺ സാം ആൾട്ട്‌മാനോട് നേരിട്ട് ചോദ്യം ഉന്നയിച്ചു "നിങ്ങളുടെ കമ്പനി ആളുകളുടെ വിവരങ്ങൾ മോഷ്ടിക്കുകയും അവർക്ക് പണം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് ഒരു പ്രോഗ്രാമർ പരാതിപ്പെട്ടു. അതിനുശേഷം അയാൾ കൊല്ലപ്പെട്ടു. എന്താണ് അത്?," ടക്കർ കാൾസൺ ചോദിച്ചു.

"അതും ഒരു വലിയ ദുരന്തമാണ്. അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു," എന്ന് സാം ആൾട്ട്‌മാൻ പറഞ്ഞു. സുചീർ ബാലാജി തന്‍റെ പഴയ സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു എന്നും ലഭ്യമായ എല്ലാ വിവരങ്ങളും താൻ വ്യക്തിപരമായി പരിശോധിച്ചു എന്നും അദ്ദേഹം പറഞ്ഞു. "എനിക്കിത് ഒരു ആത്മഹത്യയായിട്ടാണ് തോന്നുന്നത്," എന്ന് അദ്ദേഹം ടക്കർ കാൾസനോട് പറഞ്ഞു. ഈ മരണം തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ടക്കർ കാൾസൺ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. സിസിടിവി വയറുകൾ മുറിച്ച നിലയിലായിരുന്നുവെന്നും പിടിവലിയുടെ സൂചനകളുണ്ടായിരുന്നുവെന്നും രണ്ട് മുറികളിൽ രക്തം ഉണ്ടായിരുന്നുവെന്നും ഒരു ദുരൂഹമായ വിഗ്ഗ് കണ്ടെടുത്തുവെന്നും കാൾസൺ ചൂണ്ടിക്കാട്ടി. ഒപ്പം "എന്തുകൊണ്ടാണ് ഇതൊരു ആത്മഹത്യയായി തോന്നുന്നത്" എന്നും കാൾസൺ ചോദിച്ചു. സുചീർ ബാലാജി നിയമപരമായി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് മരിച്ചതെന്നും, എല്ലാ തെളിവുകളും ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സാം ആൾട്ട്‌മാൻ ആവർത്തിച്ചു.

സുചീർ ബാലാജിയുടെ മരണം

ഇന്ത്യൻ വംശജനായ സുചീർ ബാലാജി ഒരു എഐ ഗവേഷകനായിരുന്നു. 2024 നവംബറിൽ തന്‍റെ സാൻ ഫ്രാൻസിസ്കോയിലെ അപ്പാർട്ട്മെന്‍റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓപ്പൺഎഐ അതിന്‍റെ മോഡലുകളുടെ പരിശീലനത്തിൽ പകർപ്പവകാശ ലംഘനം നടത്തിയെന്ന് പരസ്യമായി ആരോപിച്ചതിന് ഏതാനും ആഴ്ചകൾക്ക് ശേഷമായിരുന്നു മരണം. സാൻ ഫ്രാൻസിസ്കോ മെഡിക്കൽ എക്സാമിനർ സ്വയം വെടിയുതിർത്തുള്ള ആത്മഹത്യയാണ് മരണകാരണമെന്ന് വിധിച്ചു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ, സുചീർ ബാലാജിയുടെ കുടുംബം ഈ കണ്ടെത്തലുകളെ എതിർക്കുകയും എഫ്ബിഐ ഉൾപ്പെടെയുള്ള സുതാര്യമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം