
അമേരിക്കയെ നടുക്കിയ കൊലപാതകമായിരുന്നു മാധ്യമ പ്രവര്‍ത്തകനായ ചാര്‍ലി കിര്‍ക്കിന്‍റേത്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഏറ്റവും അടുത്ത അനുയായിയി കൂടിയായ മാധ്യമ പ്രവര്‍ത്തകൻ യൂട്ടാ വാലി സർവകലാശാലയിൽ വിദ്യാർത്ഥികളോട് സംവദിക്കവെയായിരുന്നു നടുക്കുന്ന കൊലപാതകം. ഏറ്റവും പ്രിയപ്പെട്ട അനുയായി വെടിയേറ്റ് മരിച്ചതിന് പിന്നാലെ ട്രംപ് അദ്ദേഹത്തോടുള്ള ആദരസൂചകമായി വമ്പൻ പ്രഖ്യാപനവുമായി രംഗത്തെത്തി. ചാർളി കെർക്കിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം സമ്മാനിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
പ്രമുഖ യാഥാസ്ഥിതിക ആക്ടിവിസ്റ്റും ടേണിംഗ് പോയിന്റ് യു എസ് എ സ്ഥാപകനുമായ ചാർളി കെർക്ക് ഇന്ന് രാവിലെ യൂട്ടാ വാലി സർവകലാശാലയിലാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വിദ്യാർത്ഥികളോട് സംവദിക്കവെ, കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്നായിരുന്നു വെടിവെപ്പ് ഉണ്ടായത്. പ്രസിഡന്‍റ് ട്രംപാണ് സാമൂഹികമാധ്യമങ്ങളിലൂടെ മരണവാര്‍ത്ത പുറത്തുവിട്ടത്. ചാർലി കിർക്കിൻ്റെ മരണത്തിൽ തനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയെയാണ് നഷ്ടപ്പെട്ടതെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. അമേരിക്കൻ ഐക്യനാടുകളിലെ യുവാക്കളുടെ ഹൃദയം ചാർലിയെക്കാൾ നന്നായി മറ്റാർക്കും മനസ്സിലായില്ലെന്നും ട്രംപ് അനുസ്മരണ കുറിപ്പിൽ പറഞ്ഞിരുന്നു. ഞായറാഴ്ച വരെ അമേരിക്കൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുവാക്കളെ ട്രംപിലേക്ക് അടുപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു ചാർളി. അമേരിക്കയിൽ ഏറെ പ്രചാരമുള്ള പോഡ്‌കാസ്റ്റുകളുടെ അവതാരകനുമായിരുന്നു അദ്ദേഹം.ഇന്ത്യക്കെതിരെയും, എച്ച് 1 ബി വീസകൾക്കെതിരെയും കടുത്ത നിലപാട് പ്രചരിപ്പിച്ചിരുന്നു.
അതേസമയം ചാർളി കെർക്കിന്‍റെ കൊലയാളിക്കായി യു എസ് എയിലെങ്ങും വ്യാപക തിരച്ചിൽ തുടരുകയാണ്. കെർക്കിന്‍റെ കൊലപാതകത്തിന് പിന്നാലെ പ്രതിയെന്ന് സംശയിക്കുന്ന കോളേജ് പ്രായത്തിലുള്ള ഒരാൾ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇയാളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. അതിനിടെ കൊലക്ക് ഉപയോഗിച്ച ഹൈ പവർ റൈഫിൾ ക്യാമ്പസിന് സമീപത്തെ വനപ്രദേശത്ത് നിന്ന് എഫ് ബി ഐ കണ്ടെടുത്തു.
വെടിയേറ്റ് ചാർളി മരിച്ച് വീണതിന് പിന്നാലെ ക്യാമറയിലേക്ക് നോക്കി ആഹ്ളാദം പ്രകടിപ്പിക്കുന്ന അജ്ഞാതന്‍റെ വീഡിയോ അതിനിടെ പുറത്തുവന്നിട്ടുണ്ട്. അജ്ഞാതനെ കണ്ടെത്തണമെന്നാവശ്യം സമൂഹ മാധ്യമങ്ങളില്‍ ശക്തമായി. അദ്ദേഹത്തിന് കൊലപാതകവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. ചാർളി വെടിയേറ്റ് വീണതിന് പിന്നാലെ ഒരാൾ തന്‍റെ ഇരിപ്പിടത്തില്‍ നിന്നും ഏഴുന്നേറ്റ് ആര്‍പ്പുവിളിക്കുകയും കൈകളുയർത്തി സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത് വീഡിയോയിൽ വ്യക്തമാണ്. ഇയാൾ ക്യാമറയിലേക്ക് നോക്കി നിൽക്കുകയും വായുവിൽ മുഷ്ടി ചുരുട്ടി ആഘോഷിക്കുന്നതും ഉച്ചത്തിൽ ആർപ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam