ഗൾഫ് രാജ്യങ്ങളുമായി ചർച്ചക്ക് മോദി, ഇസ്രയേലിന് ഖത്തറിന്‍റെ തിരിച്ചടി ഉറപ്പ്, അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി, തങ്കച്ചന് വിട; ഇന്നത്തെ വാർത്തകൾ

Published : Sep 11, 2025, 07:28 PM IST
PM modi qatar emir

Synopsis

ഇസ്രയേലിന് തിരിച്ചടി നൽകാൻ ഖത്തർ, അറബ് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി, അയ്യപ്പ സംഗമത്തിന് അനുമതി, പിപി തങ്കച്ചൻ അന്തരിച്ചു, ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ അറിയാം

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. 87 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആരോഗ്യനില മോശമായി. വെന്‍റിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകിട്ട് മരണം സംഭവിക്കുകയും ചെയ്തു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്കാരം.

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിനൊരുങ്ങി സര്‍ക്കാര്‍, കോഴിക്കോടോ കൊച്ചിയോ വേദിയാകും; ന്യൂനപക്ഷ വകുപ്പ് നേതൃത്വം നല്‍കും

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. വളരെ പെട്ടന്ന് അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചത് പോലെ തന്നെയാണ് ന്യൂന പക്ഷ സംഗമത്തിന്‍റെ വാര്‍ത്തയും വരുന്നത്. അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പരുപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

ആഗോള അയ്യപ്പ സംഗമത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി; ‘പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കണം, ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുത്’

ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ലെന്നും സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. ഇന്നലെ അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വാദം പൂര്‍ത്തിയായി വിധി പറയാനായി മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് അനുമതി നൽകികൊണ്ട് ഹൈക്കോടതി വിധി പറഞ്ഞത്.

ഇസ്രയേലിന് തിരിച്ചടി; ഖത്തർ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാൻ അറബ് രാജ്യങ്ങൾ, തിങ്കളാഴ്ച അടിയന്തര ഉച്ചകോടി

ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാൻ അറബ് രാജ്യങ്ങൾ. ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തറിൽ നിർണായക യോഗങ്ങൾ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം.

ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തര്‍, ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് പ്രധാനമന്ത്രി

ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്ന് ഖത്തർ. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ ബുള്ളിയിങ് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. അർത്ഥവത്തായ നടപടി ഉണ്ടാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൾഫ് മേഖലയാകെ ഭീഷണി നേരിടുകയാണ്. നെതന്യാഹു കാണിക്കുന്നത് തെമ്മാടിത്തരം എന്നും മുഹമ്മദ്‌ ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി വിമര്‍ശിച്ചു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു അദേഹത്തിന്‍റെ പ്രതികരണം.

ദോഹയിലെ ഇസ്രയേൽ ആക്രമണം; സംഘര്‍ഷം വഷളാകുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ, കൂടുതൽ ഗൾഫ് നേതാക്കളുമായി മോദി ചർച്ച നടത്തും

ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ എതിർക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഗൾഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും. ഖത്തർ അമീറുമായി നടത്തിയ സംഭാഷണത്തിൽ ഇസ്രയേൽ ആക്രമണത്തെ മോദി അപലപിച്ചിരുന്നു. സംഘർഷം വഷളാകുന്നതിലുള്ള ആശങ്കയും ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിക്കും. ''ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നു.''- ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി നടത്തിയ സംഭാഷണത്തിൽ അറിയിച്ചത്.

'ഡിവൈഎഫ്ഐ നേതാവ് ജോയൽ മരിച്ചത് കസ്റ്റഡി മര്‍ദനത്തെതുടര്‍ന്ന്, സിപിഎം നേതാക്കള്‍ക്കും പങ്ക്'; ഗുരുതര ആരോപണവുമായി കുടുംബം

അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണം കസ്റ്റഡി മർദനം മൂലമെന്ന ആരോപണവുമായി കുടുംബം. ജോയലിനെ മർദ്ദിച്ചതിൽ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു. 2020ൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നായിരുന്നു മര്‍ദനം. 2020 ജനുവരി ഒന്നിനാണ് ജോയലിന് മര്‍ദനമേറ്റത്. ഇതിനുശേഷം ഗുരുതരമായ ശാരീരിക പ്രശ്നങ്ങള്‍ ജോയൽ നേരിട്ടു. അഞ്ചുമാസമാണ് ചികിത്സയിൽ തുടര്‍ന്നതെന്നും മൂത്രത്തിൽ പഴുപ്പും ചോരയുമായിരുന്നുവെന്നും ജോയലിന്‍റെ പിതൃ സഹോദരി കെകെ കുഞ്ഞമ്മ പറഞ്ഞു. ശാരീരിക അവശതകളെ തുടർന്ന് 2020 മേയ് 22 നാണ് ജോയൽ മരിച്ചത്.

'മഞ്ഞുമ്മല്‍ ബോയ്‍സ്' വഞ്ചനാ കേസില്‍ സൗബിന് വീണ്ടും തിരിച്ചടി; ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ നടന്‍ സൗബിന്‍ ഷാഹിറിന് വീണ്ടും തിരിച്ചടി. ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള ഹർജി ഹൈക്കോടതി തള്ളി. വിചാരണ കോടതിയുടെ നടപടി ചോദ്യം ചെയ്താണ് സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാസ്പോർട്ട് വിട്ടുനൽകണമെന്നും വിദേശത്ത് പോകാൻ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹൈക്കോടതി തള്ളിയിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിൻ ഷാഹിറിനെ നേരത്തെ മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നടന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് സുരേഷ് ഗോപി; ‌'സർക്കാർ തടസ്സം നിന്നാൽ തൃശൂരിൽ കൊണ്ടുവരാൻ സമരം ചെയ്യും'

കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ മനസ്സിലുള്ളത് ആലപ്പുഴയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം തന്നാൽ എയിംസ് വരും. ഭൂമി കച്ചവടത്തിന് വഴങ്ങിയാൽ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടും. ആലപ്പുഴയിൽ സംസ്ഥാന സർക്കാർ തടസ്സം നിന്നാൽ തൃശൂരിൽ കൊണ്ടുവരാൻ സമരം ചെയ്യുമെന്നും സുര്ഷേ ​ഗോപി പറഞ്ഞു. തൃശൂരിലെ പുള്ളിൽ കേന്ദ്രമന്ത്രി കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിങ്, കോൺഗ്രസിന് ദില്ലിയിൽ നേതൃത്വമുണ്ടോ? വിമർശിച്ച് കെ വി തോമസ്

കോൺഗ്രസ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് ദില്ലിയിൽ നേതൃത്വമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം എല്ലാം ജനം കണ്ടിരിക്കുകയാണെന്നും കോൺഗ്രസ് സംവിധാനം പൊളിഞ്ഞെന്നും പറഞ്ഞു. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിം​ഗ് നടന്നതിൽ കോൺ​ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആംആദ്മി പാർട്ടിയിലെയും ഡിഎംകെയിലെയും എംപിമാരെ കൂടാതെ മഹാരാഷ്ട്രയിലെ ചില കോൺ​ഗ്രസ് എംപിമാരും കൂറുമാറി വോട്ട് ചെയ്തെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

'സംസ്ഥാന സർക്കാരുകളുടെ അധികാരം കവർന്നെടുക്കുന്നു, ഗവര്‍ണര്‍ പട്ടം ആനാവശ്യം, പദവി ഒഴിയണം'; പ്രമേയം അവതരിപ്പിച്ച് സിപിഐ

ഗവർണർ പദവി ഒഴിവാക്കണമെന്ന് സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് ഗവര്‍ണര്‍ വദവി ഒഴിയണം എന്ന പ്രമേയം അവതരിപ്പിച്ചത്. ഗവർണർ പദവി അനാവശ്യ പട്ടമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. രാഷ്ട്രത്തിന്‍റെ ഫെഡറൽ സംവിധാനത്തെയും ജനാധിപത്യ അവകാശങ്ങളെയും തകർക്കുമെന്നും ആര്‍എസ്എസ് വേഷഭൂഷാദികൾ അണിഞ്ഞ ഗവർണർമാരുടെ നടപടി സിപിഐ നിലപാട് ശരിവെക്കുന്ന തരത്തിലുള്ളതാണ്. സംസ്ഥാന സർക്കാരുകളുടെ അധികാരം കവർന്നെടുക്കുകയാണ് സംഘകുടുംബാംഗമായ ഗവർണർ എന്നും സിപിഐ പ്രമേയത്തില്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്