'ന്യൂ ബ്രൺസിക് സിൻഡ്രം'; കാനഡയിൽ തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗ വ്യാപനം, ആശങ്ക

By Web TeamFirst Published Jun 6, 2021, 7:52 PM IST
Highlights

തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം പടരുന്നതിൽ ആശങ്കയിലായി കാനഡ. കാഴ്ചാ ശക്തി, കേൾവി, സംതുലനം, ഓർമ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണമാണ് ഈ രോഗബാധിതരിൽ കണ്ടുവരുന്നത്. 

ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്ന അജ്ഞാത രോഗം പടരുന്നതിൽ ആശങ്കയിലായി കാനഡ. കാഴ്ചാ ശക്തി, കേൾവി, സംതുലനം, ഓർമ നഷ്ടപ്പെടൽ തുടങ്ങിയ ലക്ഷണമാണ് ഈ രോഗബാധിതരിൽ കണ്ടുവരുന്നത്. കാനഡയിലെ ന്യൂ ബ്രൺസിക് പ്രവിശ്യയിൽ റിപ്പോർട്ട് ചെയ്തതിനാൽ ബ്രൺസിക് സിൻഡ്രം എന്നാണ് രോഗത്തിന് പേര് നൽകിയിരിക്കുന്നത്. 

50 പേർക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ആറ് പേർ രോഗബാധയേറ്റ് മരിച്ചതായും ന്യൂയോർക്ക് ടൈംസടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തലച്ചോറിനെയാണ് രോഗം ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുവരെ 18-മുതൽ 85-വരെ പ്രായമുള്ളവരിൽ രോഗം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. 

രോഗം പടരുന്നത് എങ്ങനെയാണെന്ന് കണ്ടെത്താനോ ജനങ്ങൾക്ക് മുൻകരുതൽ നിർദേശം നൽകാനോ സാധിച്ചിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. രോഗം ഭയപ്പെടുത്തുന്നതാണെന്ന് ന്യൂ ബ്രൺസ്വിക് ആരോഗ്യമന്ത്രി ഡൊറോത്തി ഷെപ്പേഡ് പ്രതികരിച്ചു. രോഗത്തെ കുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുകയാണിപ്പോൾ. 

മൃഗങ്ങളിൽ നിന്ന് പടരാനുള്ള സാധ്യതയും പാരിസ്ഥിതിക ഘടങ്ങളും അന്വേഷിച്ചു വരികയാണ്. രോഗ ബാധിതരായവരിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും വിവരം ശേഖരിക്കാൻ നാല് മണിക്കൂർ കൊണ്ട് പൂർത്തിയാക്കാവുന്ന ചോദ്യാവലി ഒരുക്കിയും അന്വേഷണം തുടരുകയാണ്. ഇത്തരത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും, ശേഷമേ നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയൂവെന്നും വിദഗ്ധസമിതി അധ്യക്ഷൻ ഡോ. എഡ്വേർഡ് ഹെന്റിക്സ് പറയുന്നു. വിഷാംശം, ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും ഡോക്ടർ പറയുന്നു.

വിചിത്രമായ ലക്ഷണങ്ങളോട് കൂടിയ രോഗം ഇവിടെ ആദ്യം സ്ഥിരീകരിക്കുന്നത് 2015-ലാണ്. ന്യൂറോളജിസ്റ്റ് ആയഡോ. എലിയർ മറോറോ ആയിരുന്നു ഇത് സ്ഥിരീകരിച്ചത്. 2020- ൽ സമാന ലക്ഷണങ്ങളോടെ  പലരിലും രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെയാണ് രോഗം പടരുന്നതായി ആശങ്കയുയർന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!