മിന്നൽ പ്രളയത്തിൽ നടുങ്ങി നേപ്പാൾ; കാണാതായവരിൽ 291 വിദേശികൾ, അധികം പേരും കൈലാസ മാനസസരോവ‍ർ തീർത്ഥാടകർ

Published : Aug 26, 2026, 05:14 PM IST
Nepal Flash Flood Missing

Synopsis

നേപ്പാളിൽ മിന്നൽ പ്രളയത്തിൽ കാണാതായ 384 യാത്രക്കാരിൽ 291 പേ‍രും വിദേശികളെന്ന് നേപ്പാൾ ടൂറിസം ബോ‍ർഡിൻ്റെ കണക്ക്. കാണാതായ വിദേശികളിൽ 105 പേർ ഇന്ത്യക്കാർ. ഓസ്ട്രേലിയ, നെതർലൻഡ്സ്, യുഎസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഇതിൽ ഉൾപ്പെടുന്നു.

കാഠ്മണ്ഡു: നേപ്പാളിൽ കുത്തിയൊലിച്ചെത്തിയ മിന്നൽ പ്രളയത്തിൽ കാണാതായ 384 യാത്രക്കാരിൽ 291 പേ‍രും വിദേശികൾ. നേപ്പാൾ ടൂറിസം ബോ‍ർഡിൻ്റെ പ്രാഥമിക പട്ടികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാണാതായ വിദേശികളിൽ 105 പേർ ഇന്ത്യക്കാരാണ്. കൂടാതെ, ഓസ്ട്രേലിയ, നെതർലൻഡ്സ്, യുഎസ്, മലേഷ്യ, യുകെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെയും കാണാതായിട്ടുണ്ട്. കാണാതായവരിൽ 93 പേർ നേപ്പാൾ പൗരന്മാരാണ്. കാണാതായ മറ്റ് ചിലരുടെ സ്വദേശം വ്യക്തമായിട്ടില്ല.

ഇപ്പോഴത്തേത് പ്രാഥമിക പട്ടിക മാത്രമാണെന്നും ട്രാവൽ ഏജൻസികൾ, ​ഗൈഡുമാ‍ർ, പ്രാദേശിക അധികൃതർ, സുരക്ഷാ ഏജൻസികൾ തുടങ്ങിയവരുമായി ബന്ധപ്പെട്ടു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ടൂറിസം ബോ‍ർഡ് അറിയിച്ചു. വേരിഫിക്കേഷൻ നടപടിക്രമങ്ങൾ പൂ‍ർത്തിയാകുംവരെ ആരും സ്വന്തം നിലയിലുള്ള നി​ഗമനങ്ങളിലേക്ക് എത്തിച്ചേരരുതെന്നും ടൂറിസം ബോ‍ർഡ് അഭ്യർത്ഥിച്ചു.

കാണാതായവരിൽ അധികം ടിബറ്റിലേക്ക് കൈലാസ മാനസസരോവ‍ർ തീർത്ഥാടത്തിന് പോയവരാണെന്നാണ് കരുതുന്നത്. ബുധനാഴ്ച 93 നേപ്പാൾ പൗരന്മാരടക്കം 390 തീർത്ഥാടകർ അതിർത്തി കടക്കാൻ നിശ്ചയിച്ചിരുന്നതായി കാഠ്മണ്ഡു കേന്ദ്രീകരിച്ചുള്ള ടച്ച് കൈലാസ ട്രാവൽസ് ആൻ്റ് ടൂർസ് എംഡി ബഷു കുമാർ‌ പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ ഇവരെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇവരെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നേപ്പാളിലെ ട്രക്കിങ് ഏൻസികളുടെ അസോസിയേഷൻ അധ്യക്ഷൻ സാ​ഗ‍ർ പാണ്ഡെ പറഞ്ഞു.

ടിബറ്റൻ അതി‍ർത്തിയോട് ചേർന്ന നേപ്പാളിലെ റസുവ ജില്ലയിൽ ഉണ്ടായ മിന്നൽ പ്രളയത്തിലാണ് വ്യാപക നാശം ഉണ്ടായത്. ഇതുവരെ ഒൻപതുപേ‍ർ കൊല്ലപ്പെട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 25ലധികം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പ്രാദേശിക സമയം ഒൻപതുമണിയോടെ ഭോട്ടെ കോശി നദിയിൽ പെട്ടെന്ന് ജലനിരപ്പ് ഉയ‍ർന്നതോടെ റസുവാഗധി-തിമൂർ മേഖലയിൽ വ്യാപക നാശം ഉണ്ടായി. റസുവ ജില്ലയ്ക്ക് പുറമേ, അയൽജില്ലകളായ നുവാകോട്ട്, ദാദിങ് ജില്ലകളിലും മിന്നൽ പ്രളയം ബാധിച്ചു. നേപ്പാൾ ആർമി, ആംഡ് പൊലീസ് ഫോഴ്സ്, നേപ്പാൾ പൊലീസ് എന്നീ സേനാം​ഗങ്ങളെ രക്ഷപ്രവർത്തനത്തിനായി വിന്യസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ വ്യാപക നാശം, മരണ സംഖ്യ 16 ആയി, ബീഹാറിലും യുപിയിലും ജാഗ്രത; ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ തുറന്നു, ഇന്ത്യ സഹായമെത്തിക്കും
ഹാരി; താരമൂല്യം ഇടിഞ്ഞപ്പോൾ തിരിച്ചെത്തിയ രാജകുമാരൻ, എളുപ്പമാകുമോ മടങ്ങിവരവ്?