അമേരിക്കൻ സൈനിക നീക്കം ഒഴിവാക്കാൻ ഇറാൻ ഒരു കരാറിന് ആഗ്രഹിക്കുന്നുവെന്ന് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, പരസ്പര ബഹുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ചർച്ചകൾക്ക് തയ്യാറാണെന്നും നിലവിൽ തീരുമാനമില്ലെന്നും ഇറാൻ വ്യക്തമാക്കി

വാഷിങ്ടൺ: അമേരിക്കയുടെ സൈനിക നീക്കം നേരിടാതിരിക്കാൻ ഇറാൻ യുഎസുമായി ധാരണയിലെത്താൻ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൾഫ് രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന സൈനിക വിന്യാസവുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം. അവർ(ഇറാൻ) ഒരു കരാറിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്നുവെന്ന് എനിക്ക് പറയാൻ സാധിക്കും- എന്നായിരുന്നു ട്രംപിൻ്റെ മറുപടി.

ടെഹ്‌റാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് ചർച്ചക്കുള്ള സമയം അതിക്രമിച്ചുവെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പ്രസ്താവിച്ചത്. അതേസമയം അമേരിക്കയുമായി ചർച്ചയ്ക്ക് നിലവിൽ തീരുമാനമില്ലെന്നും എന്നാൽ, പരസ്പര ബഹുമാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും അടിസ്ഥാനത്തിൽ ചർച്ചകൾക്ക് ഇറാൻ തയ്യാറാണെന്നുമായിരുന്നു ഇറാൻ വിദേശകാര്യ മന്ത്രിയുടെ പ്രതികരണം.

പശ്ചിമേഷ്യയിൽ ആശങ്ക വർധിക്കുന്നതിനിടെ ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമർ പുടിനുമായി കൂടിക്കാഴ്ച നടത്തിയെന്ന് റഷ്യ വ്യക്തമാക്കി. അന്താരാഷ്ട്ര വിഷയങ്ങൾ ചർച്ചയായെന്നും റഷ്യ വിശദീകരിച്ചു. അതേസമയം തങ്ങളുടെ ആണവ പദ്ധതി സമാധാനപരമെന്നും ആണവായുധങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്നും ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.