
ന്യൂയോർക്ക്: ഇന്ത്യക്കെതിരെ തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തെ വിമർശിച്ച് യുഎന്നിലെ മുൻ യുഎസ് അംബാസഡർ നിക്കി ഹേലി രംഗത്ത്. ചൈനക്ക് പ്രത്യേക ഇളവ് നൽകി ഇന്ത്യയുമായുള്ള സഖ്യം തകർക്കരുതെന്നും നിക്കി ഹേലി മുന്നറിയിപ്പ് നൽകി. യുഎസ് ചൈനയ്ക്കുമേലുള്ള തീരുവ 90 ദിവസത്തേക്ക് നിർത്തിവെച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹേലിയുടെ വിമർശനം. ചൈനക്ക് ഇളവ് നൽകിയത് ഇരട്ടത്താപ്പാണെന്നും ട്രംപിന്റെ നീക്കം യുഎസ്-ഇന്ത്യ ബന്ധത്തിൽ വിള്ളലുണ്ടാക്കുമെന്നും അവർ പറഞ്ഞു. അമേരിക്കയുടെ ശത്രുവായ ചൈനയെ വെറുതെ വിട്ട്, ഇന്ത്യയെപ്പോലുള്ള സഖ്യകക്ഷിയുമായുള്ള ബന്ധം തകർക്കരുതെന്നും ഹേലി പറഞ്ഞു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നു എന്ന കാരണത്താലാണ് ട്രംപിന്റെ നടപടി. എന്നാൽ റഷ്യയിൽനിന്നും ഇറാനിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ വാങ്ങുന്ന ചൈനക്ക് 90 ദിവസത്തെ താരിഫ് ഇളവ് നൽകിയെന്നും ഹേലി എക്സിൽ കുറിച്ചു. ഇന്ത്യയുമായി പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെ ചൈനയുടെ ആഗോള സ്വാധീനത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്നാണ് ഹേലിയുടെ വാദം. അതേസമയം, ഹേലിയുടെ അഭിപ്രായങ്ങളോട് അമേരിക്കയോ ട്രംപോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഇപ്പോഴില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് അറിയിച്ചു. റഷ്യയുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനമെന്ന് ട്രംപ് അറിയിച്ചു. ഇന്ത്യയ്ക്കെതിരായ അമേരിക്കയുടെ നീക്കത്തെ റഷ്യ അപലപിച്ചിരുന്നു. റഷ്യയിൽ നിന്ന് യുഎസ് രാസവളം ഇറക്കുമതി ചെയ്യുണ്ടെന്ന് ഇന്ത്യ കഴിഞ്ഞ ദിവസം പ്രസ്താവന ഇറക്കിയിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് റഷ്യയിൽ നിന്ന് രാസവളം യുഎസ് ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നായിരുന്നു ട്രംപിന്‍റെ മറുപടി.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ഇന്ത്യക്കെതിരെ നിലപാട് കടുപ്പിച്ചത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അധിക താരിഫുകൾ ചുമത്തുമെന്ന് ട്രംപ് ഇന്നലെ ഇന്ത്യക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam