
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക് വ്യാപിക്കാൻ തുടങ്ങിയതായി ഐക്യരാഷ്ട്രസഭയുടെ സമുദ്ര വിഭാഗമായ ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി. മേഖലയിൽ ശക്തമായ മൺസൂൺ കാറ്റ് വീശുന്നതിനാൽ ചോർച്ച തടയാനുള്ള ശ്രമങ്ങൾ കടുത്ത പ്രതിസന്ധി നേരിടുകയാണ്.
ജൂൺ 30-നാണ് 'കരോലിൻ ബെസെംഗി' എന്ന ക്രൂഡ് ഓയിൽ ടാങ്കർ ഒമാൻ തീരത്ത് അപകടത്തിൽപ്പെടുന്നത്. നിലവിൽ ഷർബിഥാത് തീരത്ത് നിന്ന് 22 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലുള്ളത്. അൽ-ഖിബ്ലിയ ദ്വീപിന് വടക്കുകിഴക്കൻ ഭാഗത്തേക്ക് ഒഴുകുന്ന എണ്ണ, ഇപ്പോൾ ഒമാന്റെ പ്രധാന കരഭാഗങ്ങളിലേക്കും എത്തിത്തുടങ്ങിയതായി ഐഎംഒ വക്താവ് വ്യക്തമാക്കി.
ഒമാൻ സുൽത്താനേറ്റിന്റെ തെക്കുകിഴക്കൻ തീരത്തുള്ള റാസ് മദ്രക്ക മേഖലയിലെ ചില കടൽത്തീരങ്ങളിൽ എണ്ണ പടർന്ന് മലിനമായതായി ഒമാൻ ന്യൂസ് ഏജൻസി സ്ഥിരീകരിച്ചു. ഏകദേശം 390 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ചോർച്ച ബാധിച്ചിട്ടുണ്ടെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.
അപൂർവ്വയിനം കടലാമകൾ ഉൾപ്പെടെയുള്ള സമുദ്രജീവികളെ സംരക്ഷിക്കുന്നതിനായി കഴിഞ്ഞ വർഷം പ്രത്യേക സമുദ്ര സംരക്ഷണ മേഖലയായി പ്രഖ്യാപിച്ച ഒമാനിലെ ഹല്ലാനിയാത്ത് ദ്വീപസമൂഹങ്ങൾക്ക് സമീപമാണ് എണ്ണച്ചോർച്ച രൂക്ഷമായിട്ടുള്ളത്. ഇത് മേഖലയിൽ വൻ പാരിസ്ഥിതിക ആഘാതത്തിന് കാരണമാകുമെന്ന് ഗ്രീൻപീസ് ഉൾപ്പെടെയുള്ള പരിസ്ഥിതി സംഘടനകൾ ആശങ്ക പ്രകടിപ്പിച്ചു.
കപ്പലിന് സംഭവിച്ച അപകടത്തിന്റെ കൃത്യമായ കാരണം ഒമാൻ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ജൂൺ ആദ്യവാരം യെമൻ തീരത്തുകൂടി സഞ്ചരിക്കുമ്പോൾ കപ്പലിൽ സ്ഫോടനങ്ങളുണ്ടായെന്നും തുടർന്ന് കപ്പലിലേക്ക് വെള്ളം കയറുകയായിരുന്നെന്നും ബ്രിട്ടീഷ് മാരിടൈം സെക്യൂരിറ്റി കമ്പനിയായ വാങ്ഗാർഡ് വെളിപ്പെടുത്തി.
ഏകദേശം പത്ത് ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് കപ്പലിലുള്ളത്. പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഉപയോഗിക്കുന്ന 'ഷാഡോ ഫ്ലീറ്റ്' വിഭാഗത്തിൽപ്പെട്ട പഴക്കം ചെന്ന കപ്പലാണിതെന്നാണ് നിഗമനം. നിലവിൽ ഒമാൻ അധികൃതരും അന്താരാഷ്ട്ര ഏജൻസികളും ചേർന്ന് ചോർച്ച നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam