ഹോർമുസ് കടലിടുക്കിൽ സംഘർഷം രൂക്ഷം; ബഹ്റൈനും കുവൈത്തിനുമെതിരായ ആക്രമണത്തെ അപലപിച്ച് ഒമാൻ, നയതന്ത്രപരിഹാരത്തിന് ആഹ്വാനം

Published : Jul 10, 2026, 05:00 PM IST
Oman Flag

Synopsis

ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിൽ സൗദി, ഖത്തർ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. സഹോദര രാജ്യങ്ങൾക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഒമാൻ, സംഘർഷം ഒഴിവാക്കാൻ എല്ലാ കക്ഷികളും സംയമനം പാലിച്ച് നയതന്ത്ര പരിഹാരങ്ങൾക്ക് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ടു.

മസ്കറ്റ്: പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ വഷളാകുന്നതിനിടെ ബഹ്റൈനും കുവൈത്തിനുമെതിരെ നടന്ന സൈനിക ആക്രമണങ്ങളെയും ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചിരുന്ന സൗദി അറേബ്യയുടെയും ഖത്തറിന്റെയും രണ്ട് വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ട ആക്രമണങ്ങളെയും ഒമാൻ ശക്തമായി അപലപിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഒമാന്‍റെ നിലപാട് വ്യക്തമാക്കിയത്.

ബഹ്റൈനും കുവൈത്തിനും നേരെയുണ്ടായ സൈനിക ആക്രമണങ്ങൾ അംഗീകരിക്കാനാകാത്തതാണെന്നും സൗദി അറേബ്യയുടെയും ഖത്തറിന്റെയും വ്യാപാരക്കപ്പലുകൾ ഹോർമുസ് കടലിടുക്കിൽ ആക്രമിക്കപ്പെട്ട സംഭവവും അതീവ ആശങ്കാജനകമാണെന്നും ഒമാൻ ചൂണ്ടിക്കാട്ടി. പ്രദേശത്തെ സഹോദര രാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നിവയുടെ സുരക്ഷയും സ്ഥിരതയും, പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കുന്ന എല്ലാ നടപടികൾക്കും ഒമാൻ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സൈനിക സംഘർഷം രൂക്ഷമാകുന്നത് മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും മാത്രമല്ല, അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനും ആഗോള വ്യാപാരത്തിനും ഊർജവിതരണ ശൃംഖലയ്ക്കും ഗുരുതര ഭീഷണിയാണെന്ന് ഒമാൻ മുന്നറിയിപ്പ് നൽകി. സാധാരണ ജനങ്ങളെയും വാണിജ്യ കപ്പലുകളെയും അപകടത്തിലാക്കുന്ന ഏത് നടപടികളെയും രാജ്യം പൂർണമായും തള്ളിക്കളയുന്നതായും പ്രസ്താവനയിൽ വ്യക്തമാക്കി.

അതേസമയം, മേഖലയിൽ കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും, സൈനിക നടപടികൾ അവസാനിപ്പിച്ച് സംഭാഷണത്തിനും നയതന്ത്രപരമായ പരിഹാരങ്ങൾക്കും മുൻഗണന നൽകണമെന്നും ഒമാൻ ആവശ്യപ്പെട്ടു. ഇതിനുമുമ്പ് കൈവരിച്ച ധാരണകളും കരാറുകളും പൂർണമായി നടപ്പാക്കുന്നതിലൂടെ മേഖലയിൽ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്താൻ എല്ലാ വിഭാഗങ്ങളും പ്രതിബദ്ധത കാണിക്കണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യർഥിച്ചു. ഒമാന്റെ ഈ പ്രസ്താവന, ഹോർമുസ് കടലിടുക്കിനെയും ഗൾഫ് മേഖലയെയും ചുറ്റിപ്പറ്റിയുള്ള സുരക്ഷാ ആശങ്കകൾ അതീവ ഗൗരവത്തിലെത്തിയിരിക്കുന്ന സാഹചര്യത്തിൽ, മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിക്കാതിരിക്കാൻ നയതന്ത്ര ശ്രമങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന വ്യക്തമായ സന്ദേശമായാണ് വിലയിരുത്തപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോദി ന്യൂസിലാന്റിൽ, ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ വിമാനത്താവളത്തിൽ എത്തി സ്വീകരിച്ചു
'അവർ എന്നെ കൊന്നേക്കാം, മരിക്കുന്നെങ്കിൽ ജനിച്ച മണ്ണിൽ തന്നെ'; ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന; തിരികെ യാത്ര ഡിസംബറിൽ