13 ദിവസം നീണ്ട കനത്ത ആക്രമണമാണ് ഇറാനെ ചർച്ചകൾക്ക് പ്രേരിപ്പിച്ചതെന്ന് ട്രംപ് അവകാശപ്പെട്ടു. അതേസമയം, പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി നിർണ്ണയിക്കുന്ന നിർണായക ചർച്ചകൾക്കായി ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കയിലെത്തി ട്രംപുമായി കൂടിക്കാഴ്ച നടത്തും

വാഷിംഗ്ടൺ: കനത്ത ആക്രമണത്തിലൂടെയാണ് ഇറാനെ ഇപ്പോഴത്തെ ചർച്ചകളിലേക്കെത്തിച്ചതെന്ന അവകാശവാദവുമായി ഡോണൾഡ് ട്രംപ്. 13 രാത്രികൾ നീണ്ട ആക്രമണം ഇല്ലായിരുന്നുവെങ്കിൽ ഇറാൻ ഇപ്പോൾ ചർച്ചകൾക്ക് സമ്മതിക്കില്ലായിരുന്നു എന്നാണ് ട്രംപ് പറഞ്ഞുവച്ചത്. ഈ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെടുകയും 670 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇക്കാര്യം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അതേസമയം സംഘർത്തിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കില്ലെന്നും, നിലവിൽ നടക്കുന്ന ചർച്ചകളിൽ പുരോഗതിയെന്നുമാണ് ഇറാന്‍റെ പക്ഷം. അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ആദ്യ ഉപാധി ലബനനിൽ നിന്നുള്ള ഇസ്രയേൽ പിന്മാറ്റമാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ പശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഗതി തീരുമാനിക്കുന്ന നിർണായക സന്ദർശനത്തിനായി ഇസ്രയേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു അമേരിക്കയിലെത്തി. വൈകാതെ ട്രംപുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തും. ഇരുവരും തമ്മിലുള്ള ചർച്ച ഇറാനുമായുള്ള യുദ്ധത്തിൽ അതിവ നിർണായകമെന്നാണ് വിലയിരുത്തൽ.

സൗദി - ഇറാൻ വാക്പോര് രൂക്ഷം

അതേസമയം ഇറാഖ് അതിർത്തിയിൽ നിന്ന് സൗദിയിലേക്ക് ഇന്നലെ ഉണ്ടായ ആക്രമണണങ്ങളെച്ചൊല്ലി സൗദി - ഇറാൻ വാക്പോര് ശക്തമായി. ഇതോടെ യുദ്ധത്തിന്റെ പ്രകോപനം കൂടുതൽ മേഖലകളിലേക്കും കക്ഷികളിലേക്കും വ്യാപിക്കുകയാണ്. ഇറാഖിൽ നിന്ന് ഇന്നലെ സൗദിയുടെ എണ്ണ കേന്ദ്രങ്ങൾ ആക്രമിച്ചത് ഇറാൻ പിന്തുണയുള്ള സംഘമാണെന്ന ആരോപണം ഇറാൻ നിഷേധിച്ചു. തിരിച്ചടിച്ചാൽ ഖേദിക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. ഇതിനിടെ ഒമാൻ - ഇറാൻ - സൗദി വിദേശകാര്യ മന്ത്രിമാർ തമ്മിൽ സംസാരിച്ചത് ആശ്വാസമായി. നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കാൻ ഈ രാജ്യങ്ങൾ തീരുമാനിച്ചു. ഹോർമൂസ് തുറക്കുന്നതിൽ ഒമാനും ഇറാനും നടത്തുന്ന ചർച്ചകളിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. ഒമാൻ തീരത്തോട് ചേർന്ന് കപ്പലുകൾക്ക് സമാന്തര പാത തുറക്കാനുള്ള ഒമാന്റെ നിർദേശം ഇറാൻ തള്ളി. ഇതോടെ ഹോർമൂസിൽ പ്രതിസന്ധി നീളുമെന്ന് ഉറപ്പായി.