
സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ നടന്ന ഭീകരാക്രമണത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്കും പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകൾ. ഇതിൽ രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വിദ്യാർത്ഥികളുടെ തുടയ്ക്കും കാലിനുമാണ് പരിക്കേറ്റത്. ഇവരുടെ പേരുവിവരങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച രാത്രി ഏഴ് മണിയോടെ നടന്ന ആക്രമണത്തിൽ ഒരു പത്തുവയസ്സുകാരൻ ഉൾപ്പെടെ 15 പേരാണ് കൊല്ലപ്പെട്ടത്. 40 ഓളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തെ ഒരു ഭീകരാക്രമണമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് പ്രഖ്യാപിച്ചു. ആക്രമണത്തിന് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനമുണ്ടോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. സംഭവസ്ഥലത്തുനിന്ന് കൈകൊണ്ട് നിർമ്മിച്ച സ്ഫോടകവസ്തുക്കളും രണ്ട് ഐസിസ് പതാകകളും പൊലീസ് കണ്ടെടുത്തിരുന്നു. കൊല്ലപ്പെട്ട അക്രമി സാജിദ് അക്രം 2023ൽ അനുവദിച്ച കാറ്റഗറി എ ബി തോക്കിന്‍റെ ലൈസൻസ് കൈവശം വെച്ചിരുന്നു.
ഇയാളുടെ പിതാവിന്‍റെ കൈവശം ആറ് തോക്ക് ലൈസൻസുകൾ ഉണ്ടായിരുന്നു. അക്രമികൾ നവംബറിൽ ഫിലിപ്പീൻസ് സന്ദർശിച്ചിരുന്നു. ഈ യാത്രയുടെ ഉദ്ദേശ്യം പൊലീസ് അന്വേഷിച്ചുവരികയാണ്. എന്നാൽ ഇത് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ പരാജയമല്ലെന്ന് എൻഎസ്ഡബ്ല്യു പൊലീസ് കമ്മീഷണർ മാൽ ലാനിയൻ പറഞ്ഞു. ഈ യാത്രയിൽ ഒരാൾക്ക് ഇന്ത്യൻ പാസ്പോര്‍ട്ട് ആണ് ഉണ്ടായിരുന്നതെന്നും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
ബോണ്ടി ബീച്ചിലെ 'ഹനുക്ക ബൈ ദ സീ' ആഘോഷങ്ങൾക്കിടെയാണ് 24-കാരനായ നവീദ് അക്രമും 50-കാരനായ പിതാവും വെടിയുതിർത്തത്. നാനൂറോളം ആളുകൾ തടിച്ചുകൂടിയ ക്യാമ്പ്‌ബെൽ പരേഡിന് സമീപമായിരുന്നു ആക്രമണം. അക്രമി സംഘത്തിലെ പിതാവിനെ പൊലീസ് സംഭവസ്ഥലത്തുതന്നെ വെടിവെച്ചു കൊന്നു. മകൻ നവീദ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. എൻഎസ്‍ഡബ്ല്യു പൊലീസ്, ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ്, എഎസ്ഐഒ എന്നിവർ സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. വിദേശ പൗരന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ കോൺസുലർ ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്.
അതേസമയം, ബോണ്ടി ബീച്ച് ഭീകരാക്രമണത്തിൽ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പ്രതി നവീദ് അക്രം (24) കോമയിൽ നിന്ന് ഉണർന്നതായും ബോധം തെളിഞ്ഞതായുമുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. പൊലീസ് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ഇയാൾ ശക്തമായ പോലീസ് കാവലിൽ സിഡ്‌നിയിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇയാൾക്കെതിരെ ഉടൻ കുറ്റം ചുമത്തുമെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു. പ്രതിക്ക് ബോധം തെളിഞ്ഞതോടെ ഇയാളെ ചോദ്യം ചെയ്യാനും ആക്രമണത്തിന് പിന്നിലെ കൂടുതൽ ഗൂഢാലോചനകൾ പുറത്തുകൊണ്ടുവരാനും കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam