സൗദി സേനയ്ക്ക് പാകിസ്ഥാൻ പരിശീലനം നൽകുന്നുണ്ട്; വെളിപ്പെടുത്തലുമായി പാക് പ്രതിരോധ മന്ത്രി

Published : Sep 20, 2025, 12:08 PM IST
Khawaja Asif

Synopsis

പുതിയ പ്രതിരോധ കരാ‍ര്‍ പ്രകാരം ഒരു അംഗത്തിനെതിരായ ആക്രമണം ഇരുരാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. 

ഇസ്ലാമാബാദ്: പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറിൽ മറ്റ് അറബ് രാജ്യങ്ങളുടെ പ്രവേശനം തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ആര്‍ക്ക് മുന്നിലും വാതിലുകൾ അടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അറബ് രാജ്യങ്ങൾക്ക് പ്രതിരോധ കരാറിന്റെ ഭാഗമാകാൻ കഴിയുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോൾ അതിന് ഉത്തരം നൽകാൻ കഴിയില്ലെന്നും എന്നാൽ ഉറപ്പായും വാതിലുകൾ അടച്ചിട്ടില്ലെന്നുമായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

നാറ്റോ പോലെയുള്ള ക്രമീകരണത്തിനാണ് താൻ ആഹ്വാനം ചെയ്യുന്നതെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രവേശനം ഒഴിവാക്കുന്ന ഒരു വ്യവസ്ഥയും കരാറിൽ ഇല്ല. പാകിസ്ഥാന് മറ്റാരുമായും സമാനമായ കരാറിൽ ഒപ്പിടാൻ കഴിയില്ലെന്ന വ്യവസ്ഥയും കരാറിൽ ഇല്ല. കുറച്ചുനാളുകളായി സൗദി സേനയ്ക്ക് പാകിസ്ഥാൻ പരിശീലനം നൽകുന്നുണ്ട്. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങൾ അതിന്റെയെല്ലാം ഔപചാരികമായ ഒരു വിപുലീകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കുമെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു. പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാർ നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 'കൂട്ടായ പ്രതിരോധം' എന്നതിന് സമാനമാണ്. ഇതനുസരിച്ച് ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ ഏത് ആക്രമണവും ഇരു രാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കും. കരാർ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, അംഗ രാജ്യത്തിന് ഭീഷണിയുണ്ടെങ്കിൽ, തീർച്ചയായും ഈ ക്രമീകരണം പ്രാബല്യത്തിൽ വരുമെന്നും പാകിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയ്ക്കും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ പ്രതിരോധ കരാറിൽ ഏര്‍പ്പെട്ടത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ റിയാദ് സന്ദർശന വേളയിലാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. പാകിസ്ഥാൻ - സൗദി കരാറിനെ കുറിച്ച് ഇന്ത്യ പ്രതികരിച്ചിരുന്നു. മേഖലയുടെ സ്ഥിരതയ്ക്കും രാജ്യ സുരക്ഷയ്ക്കും കരാർ എന്ത് പ്രത്യാഘാതം ഉണ്ടാക്കും എന്നത് പഠിക്കുമെന്നും ഏറെ നാളായി ഇക്കാര്യത്തിൽ ചർച്ച നടക്കുന്നത് അറിയാമായിരുന്നെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയുടെ ദേശീയ താല്പര്യവും എല്ലാ മേഖലയിലെയും സമഗ്ര സുരക്ഷയും ഉറപ്പാക്കുന്നതിൽ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

PREV
Read more Articles on
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം