
ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ(പിഒകെ) നരനായാട്ടിനെ ന്യായീകരിച്ച് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാക് അധീന കശ്മീരിലെ പ്രതിഷേധക്കാർ ഇന്ത്യയെപ്പോലെ തന്നെ ശത്രുക്കളാണെന്നായിരുന്നു ഖ്വാജ ആസിഫിന്റെ ന്യായീകരണം. പ്രതിഷേധക്കാരുമായി ഇനിയൊരു ചർച്ചയില്ലെന്നും ഒരു പ്രാദേശിക ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പാക് പ്രതിരോധ മന്ത്രി പറഞ്ഞു.
പ്രതിഷേധക്കാരെയും ഇന്ത്യയെയും ഒരേഗണത്തിലാണ് പരിഗണിക്കുന്നത്. അവരും ഇന്ത്യയെപ്പോലെ ശത്രുക്കളാണ്. പ്രതിഷേധക്കാരുമായി ഇനി ചർച്ചയ്ക്ക് സാധ്യതകളില്ല. അവർ പാകിസ്ഥാന്റെ ശത്രുക്കളാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
കഴിഞ്ഞദിവസം പിഒകെയിൽ തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് പാകിസ്ഥാൻ പൊലീസും സുരക്ഷാസേനയും പ്രതിഷേധക്കാർക്ക് നേരേ വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ 20-ഓളം പേർ കൊല്ലപ്പെട്ടതായും 50-ഓളം പേർക്ക് പരിക്കേറ്റെന്നുമായിരുന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനംചെയ്ത് പ്രതിഷേധവുമായി രംഗത്തിറങ്ങുന്നവരെയെല്ലാം പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് പാക് ഭരണകൂടത്തിന്റെ നിർദേശം. തുടർന്നാണ് പാക് അധീന കശ്മീരിൽ കൂട്ടക്കുരുതി അരങ്ങേറിയത്. ഇതിനുപിന്നാലെയാണ് പാക് അധീന കശ്മീരിലെ പൊലീസ് നടപടിയെ ന്യായീകരിച്ച് പാക് പ്രതിരോധ മന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്കെതിരേയും ഖ്വാജ ആസിഫ് വിവാദപരമായ പല പരാമർശങ്ങളും നടത്തിയിരുന്നു.
പാക് അധീന കശ്മീരിലെ തെരഞ്ഞെടുപ്പിൽ കശ്മീരി അഭയാർഥികൾക്കായി 12 സീറ്റുകൾ സംവരണം ചെയ്ത നടപടി റദ്ദാക്കണമെന്നാണ് ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി ഉൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ ആവശ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam