
വത്തിക്കാൻ: ലെബനോനിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട കത്തോലിക്കാ പുരോഹിതൻ പിയറി അൽ റാഹിയെ അനുസ്മരിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ. മാർച്ച് 9ന് തെക്കൻ ലെബനോനിൽ ഇസ്രയേൽ സൈന്യം ടാങ്ക് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലാണ് പിയറി അൽ റാഹി കൊല്ലപ്പെട്ടത്. ലെബനോനിലെ മർജായോൻ ജില്ലയിലെ ക്രിസ്ത്യൻ ഭൂരിപക്ഷ ഗ്രാമമായ അൽ ക്ലായയിൽ ഇസ്രയേൽ ഷെൽ ആക്രമണം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പൊതുദർശന പരിപാടിക്കിടെയാണ് കത്തോലിക്കാ പുരോഹിതന്റെ മരണത്തിൽ മാർപാപ്പ തന്റെ അഗാധമായ ദുഖം രേഖപ്പെടുത്തിയത്. തന്റെ ജനതയെ ഒരിക്കലും കൈവിടാതെ അവർക്കൊപ്പം ഉറച്ചുനിന്ന ഫാദർ പിയറിയെ യഥാർത്ഥ ഇടയൻ എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്.
നല്ല ഇടയനായ യേശുവിന്റെ സ്നേഹത്തോടും ത്യാഗത്തോടും കൂടി സ്വന്തം ജനതയ്ക്കൊപ്പം എന്നും നിലകൊണ്ട ഒരു യഥാർത്ഥ ഇടയനായിരുന്നു ഫാദർ പിയറിയെന്നാണ് മാർപാപ്പ പറഞ്ഞത്. കഴിഞ്ഞ തിങ്കളാഴ്ച തെക്കൻ ലെബനനിലെ ഗ്രാമത്തിൽ ഇസ്രായേൽ നടത്തിയ ടാങ്ക് ആക്രമണത്തിൽ പരിക്കേറ്റ തന്റെ ഇടവകാംഗങ്ങളെ സഹായിക്കാൻ ഓടിയെത്തിയപ്പോഴാണ് വൈദികന് നേരെ രണ്ടാമതും ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണമടയുകയായിരുന്നു. തന്റെ ഇടവകാംഗങ്ങൾക്ക് ബോംബാക്രമണത്തിൽ പരിക്കേറ്റ വിവരം അറിഞ്ഞ ഉടൻ തന്നെ യാതൊരു മടിയും കൂടാതെ അദ്ദേഹം അവരെ സഹായിക്കാൻ ഓടിയെത്തിയെന്നാണ് വൈദികന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞത്. ഫാദർ പിയറി ചിന്തിയ രക്തം പ്രിയപ്പെട്ട ലെബനനിൽ സമാധാനത്തിന്റെ വിത്തായി മാറട്ടെ എന്നും മാർപ്പാപ്പ പ്രാർത്ഥിച്ചു.
യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ലെബനനിലെ എല്ലാ ജനങ്ങളോടും താൻ മനസ്സാ അടുത്തിരിക്കുന്നുവെന്നും ഇറാനിലും പശ്ചിമേഷ്യയിൽ ഉടനീളവും സമാധാനത്തിനായി പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. യുദ്ധത്തിൽ ഇരകളാകുന്ന നിരപരാധികളായ കുട്ടികളെയും സാധാരണക്കാരെയും ഓർത്തുള്ള ആശങ്കയും മാർപ്പാപ്പ പങ്കുവച്ചു. മേഖലയിലെ അക്രമങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും സമാധാന ചർച്ചകൾ പുനരാരംഭിക്കണമെന്നും ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം അവസാനം ലിയോ പതിനാലാമൻ മാർപാപ്പ ലെബനൻ സന്ദർശിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
https://www.youtube.com/watch?v=tXRuaacO-ZU
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam