
വാഷിങ്ടൺ ഡിസി: നഗരത്തിലെ പൊലീസ് സേനയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെയും നാഷണൽ ഗാർഡിനെയും ഫെഡറൽ ഏജൻ്റുമാരെയും വിന്യസിച്ചതിനെതിരെയും പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധവുമായി സംഘടിച്ചത്. ഡ്യൂപോണ്ട് സർക്കിളിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം വൈറ്റ് ഹൗസിന് നേരെ എത്തി. പ്രതിഷേധക്കാർ "ഷെയിം", "ട്രംപ് ഉടൻ പുറത്തുപോകണം!" തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചു. ട്രംപ് പുറപ്പെടുവിച്ച 'ക്രൈം എമർജൻസി' എക്സിക്യൂട്ടീവ് ഉത്തരവ് പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ട്രംപിൻ്റെ ഫെഡറൽ പൊലീസ് ഏറ്റെടുക്കലിനെതിരെ ഡിസി അറ്റോർണി ജനറൽ ബ്രയാൻ ഷവാൾബ് ഫയൽ ചെയ്ത കേസിൽ കോടതി അനുകൂല വിധി നൽകിയിരുന്നു. ഇത് ഹോം റൂളിൻ്റെ വലിയ വിജയമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നിരുന്നാലും, ഇത് ഭാഗികമായ വിജയം മാത്രമാണെന്ന് പല പ്രതിഷേധക്കാരും അഭിപ്രായപ്പെട്ടു.
നാഷണൽ ഗാർഡ് സേനയെ വിന്യസിക്കാനുള്ള ട്രംപിൻ്റെ ആവശ്യത്തെ പശ്ചിമ വെർജീനിയ ഗവർണർ പാട്രിക് മോറിസൺ പിന്തുണച്ചപ്പോൾ വെർമോണ്ട് ഗവർണർ ഫിൽ സ്കോട്ട് ആവശ്യം നിരസിച്ചു. കൂടുതൽ പ്രതിഷേധ പരിപാടികൾ വരും ആഴ്ചകളിൽ സംഘടിപ്പിക്കുമെന്ന് റഫ്യൂസ് ഫാസിസത്തിൻ്റെ വക്താവ് സാം ഗോൾഡ്മാൻ പറഞ്ഞു. ട്രംപിനും അദ്ദേഹത്തിന്റെ ആശയങ്ങൾക്കും എതിരായ പ്രതിഷേധത്തിൽ കൂടുതൽ ആളുകൾ പങ്കെടുക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഭവത്തിൽ വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam