അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ചു, ഖത്തർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നടപടി, 313 പേർ അറസ്റ്റിൽ

Published : Mar 09, 2026, 02:42 PM IST
Qatar Press Release

Synopsis

ഖത്തറിൽ സോഷ്യൽ മീഡിയ ദുരുപയോഗം, അനധികൃതമായി ദൃശ്യങ്ങൾ പകർത്തൽ, വ്യാജവാർത്ത പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 313 പേരെ അറസ്റ്റ് ചെയ്തു. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. 

ദോഹ: അനധികൃതമായി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതിനും തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിച്ചതിനും വിവിധ രാജ്യക്കാരായ 313 പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡയറക്ടറേറ്റ് തിങ്കളാഴ്ച അറിയിച്ചു. സോഷ്യൽ മീഡിയയുടെ ദുരുപയോഗം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇക്കണോമിക് ആൻഡ് സൈബർ ക്രൈംസ് പ്രിവൻഷൻ ഡിപ്പാർട്ട്‌മെന്റാണ് ഈ നടപടിയെടുത്തത്. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്.

അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കൽ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കൽ, പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പങ്കുവയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണ് ഇവരെതിരെ നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിച്ചാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തിയതെന്നും ബന്ധപ്പെട്ടവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

പിടിയിലായവർക്കെതിരെ ആവശ്യമായ നിയമപരവും ഭരണപരവുമായ നടപടികൾ അധികൃതർ സ്വീകരിച്ചിട്ടുണ്ട്. യുദ്ധ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും കിംവദന്തികൾ പരത്തുന്നതും ഒഴിവാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം കർശന നിർദ്ദേശം നൽകി. ഔദ്യോഗികവും അംഗീകൃതവുമായ സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കാൻ അധികൃതർ മടിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

പ്രധാനമന്ത്രിയുടെ പ്രതികരണം

അതേസമയം ഇറാൻ്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ഞായറാഴ്ച രം​ഗത്ത് എത്തിയിരുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് അദ്ദേഹം ഒരു പരസ്യ പ്രസ്താവന നടത്തുന്നത്. ഇറാൻ ചെയ്യുന്നത് തെറ്റായ പ്രവണതയാണെന്നും, എന്നാൽ സംഘർഷം, മേഖലയെ കൂടുതൽ അസ്ഥിരമാക്കുമെന്നതിനാൽ ഇറാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അയൽരാജ്യങ്ങൾക്കെതിരായ യുദ്ധങ്ങളിൽ തങ്ങൾ പങ്കാളികളാകില്ലെന്ന് വ്യക്തമാക്കിയ ശേഷവും, യുദ്ധം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇറാൻ ഗൾഫ് രാജ്യങ്ങളെ ആക്രമിച്ചുവെന്നും അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സംഭവിച്ച കാര്യങ്ങൾ ഇറാനുമായി ഞങ്ങൾക്കുണ്ടായിരുന്ന വിശ്വാസബന്ധത്തെ വല്ലാതെ ഉലച്ചിരിക്കുകയാണെന്നും ഇറാനുമായി നല്ല ബന്ധം പുലർത്താൻ ഖത്തർ എപ്പോഴും ശ്രമിച്ചിട്ടുണ്ടെന്നും എന്നാൽ ആക്രമണങ്ങൾക്കായി ഇറാൻ പറയുന്ന ന്യായീകരണങ്ങൾ പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ 25 ശതമാനവും സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെയായിരുന്നുവെന്നും അബ്ദുൽറഹ്മാൻ അൽതാനി ചൂണ്ടിക്കാട്ടുന്നുണ്ട്.

സൗദിയിലെ ആക്രമണം

സൗദി അറേബ്യയിലെ ഖർജ് മേഖലയിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ തിങ്കളാഴ്ച പുലർച്ചെ ഖത്തർ ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്. ഒരു "സൈനിക മിസൈൽ" വീടിനു മുകളിൽ പതിച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സൗദി അധികൃതർ അറിയിച്ചെങ്കിലും മിസൈലിന്റെ ഉറവിടം വെളിപ്പെടുത്തിയിരുന്നില്ല. ജനവാസ കേന്ദ്രത്തെ ലക്ഷ്യമാക്കി ഇറാൻ നടത്തിയ ആക്രമണം എന്നാണ് ഖത്തർ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും "മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്ന അപകടകരമായ നീക്കമാണെന്നും" ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തങ്ങൾക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് സൗദി അറേബ്യയും തിങ്കളാഴ്ച പുലർച്ചെ പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. സാധാരണക്കാർ താമസിക്കുന്ന ഇടങ്ങൾ, വിമാനത്താവളങ്ങൾ, എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് പ്രസ്താവനയിൽ പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം ബാധിച്ചു തുടങ്ങി, ക്രൂഡ് ഓയിൽ തിളയ്ക്കുന്നു, വില ബാരലിന് 120 ഡോളർ, വിതരണം മന്ദ​ഗതിയിൽ
ഇറാൻ വാക്ക് പാലിക്കുന്നില്ല, പ്രത്യാഘാതം ഗുരുതരമായിരിക്കും, ആക്രമണം തുടരുന്നതിനിടെ കടുത്ത മുന്നറിയിപ്പുമായി സൗദി അറേബ്യ