'പ്രധാനമന്ത്രി ഇടപെട്ടില്ലായിരുന്നെങ്കിൽ അവിടെക്കിടന്ന് മരിച്ചേനെ'; മുന്‍ ഉദ്യോ​ഗസ്ഥരുടെ മോചനം നയതന്ത്ര വിജയം

By Web TeamFirst Published Feb 12, 2024, 11:31 AM IST
Highlights

എട്ട് മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ വിട്ടയച്ചത് വലിയ നയതന്ത്ര വിജയമായാണ് സർക്കാർ കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ മോചനത്തിനായി വിദേശ കാര്യ മന്ത്രാലയും ഖത്തറുമായി നിരന്തര ചർച്ചയിലായിരുന്നു.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യൻ സർക്കാറും ഇടപെട്ടില്ലായിരുന്നെങ്കിൽ ജയിലിൽ കിടന്ന് മരിക്കേണ്ടി വന്നേനേയെന്ന് ഖത്തറിൽ നിന്ന് മോചിതരായ മുൻ ഇന്ത്യൻ നാവിക സേന ഉദ്യോ​ഗസ്ഥർ. സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ട്. വിഷയത്തിൽ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തർ അമീർ എന്നിവരോട് തീരാത്ത നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടില്ലായിരുന്നെങ്കിൽ മോചനം സാധ്യമാകുമായിരുന്നില്ല. ഇന്ത്യൻ സർക്കാർ ഞങ്ങൾക്കുവേണ്ടി നിരന്തരം സമ്മർദ്ദം ചെലുത്തി. അതുകൊണ്ടാണ് ജീവനോടെ ഇവിടെ നിൽക്കുന്നതെന്നും ഇവർ പറഞ്ഞു.

എട്ട് മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ വിട്ടയച്ചത് വലിയ നയതന്ത്ര വിജയമായാണ് സർക്കാർ കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ മോചനത്തിനായി വിദേശ കാര്യ മന്ത്രാലയും ഖത്തറുമായി നിരന്തര ചർച്ചയിലായിരുന്നു. ഡിസംബർ ഒന്നിന് ഖത്തറിലെത്തിയ നരേന്ദ്ര മോദി ഖത്തർ അമീറുമായി ഇക്കാര്യം ചർച്ച ചെയ്തു. മലയാളിയായ രാഗേഷ് ഗോപകുമാർ അടക്കം 8 പേർക്കാണ് മോചനം. ഇവരിൽ ഏഴു പേരും നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് ഖത്തറിലെ ജയിലിൽ കഴിഞ്ഞിരുന്നത്. ആദ്യം വധശിക്ഷക്കാണ് വിധിച്ചത്. അപ്പീലിൽ അത് ജയിൽ ശിക്ഷയാക്കി കുറച്ചു. 25 മുതൽ മൂന്ന് വർഷം വരെയായിരുന്നു ശിക്ഷ. മലയാളിയായ രാഗേഷ് ഗോപകുമാറിന് മൂന്ന് വർഷമാണ് ശിക്ഷ വിധിച്ചത്. 

ഇവരെ വിട്ടയക്കാനുള്ള ഖത്തർ അമീറിന്റെ തീരുമാനത്തെ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ഏഴ് പേർ ഇന്ത്യയിലേക്ക് തിരിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് പുലർച്ചെ വാർത്താകുറിപ്പിലൂടെയാണ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 2023 ഒക്ടോബറിലാണ് ഇവർക്ക് വധശിക്ഷ വിധിച്ചത്. ഒക്ടോബറിലാണ് ഖത്തറിലെ വിചാരണ കോടതി എട്ട് പേര്‍ക്ക് വധശിക്ഷ വിധിച്ചത്.  ശിക്ഷിക്കപ്പെട്ട മുന്‍ നാവികരുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിച്ച് ഡിസംബര്‍ 28ന് അപ്പീല്‍ കോടതി വധശിക്ഷ റദ്ദാക്കി.

പകരം ഓരോത്തര്‍ക്കും വ്യത്യസ്ത കാലയളവിലുള്ള ജയില്‍ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അല്‍ ദഹ്റ എന്ന സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന എട്ട് പേര്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് ഖത്തര്‍ അധികൃതരോ ഇന്ത്യന്‍ അധികൃതരോ വെളിപ്പെടുത്തിയിട്ടില്ല. മാര്‍ച്ച് 25ന് ഇവര്‍ക്കെതിരെ കുറ്റപത്രം നല്‍കുകയും തുടര്‍ന്ന് ഒക്ടോബര്‍ 26ന് പ്രാഥമിക കോടതി വിചാരണ പൂര്‍ത്തിയാക്കി വധശിക്ഷ വിധിക്കുകയുമായിരുന്നു.

click me!