
ദോഹ: ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനെതിരെ നടത്തിയത് യാഥാർത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിനെതിരായി ആഗോള തലത്തിൽ പൊതുജനവികാരം വളർത്താൻ ഖത്തർ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ വാദം ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അൽ അൻസാരി ഖണ്ഡിച്ചു.
പലസ്തീൻ മണ്ണിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ക്രൂരതകളിൽ നിന്നും മാനുഷിക ദുരന്തങ്ങളിൽ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിലൂടെ ഇസ്രയേൽ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിനെതിരെ പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ഉണ്ടായ വികാരം ഖത്തറിന്റെ സ്വാധീനം മൂലമാണെന്ന വാദം തെറ്റാണ്. തത്സമയം കാര്യങ്ങൾ കണ്ടറിയുന്ന പുതിയ തലമുറ, യാഥാർത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വന്തം നിലപാടുകൾ രൂപീകരിക്കുന്നത്.
രാജ്യത്തെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് മാറണമെങ്കിൽ വിദേശ രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം ഇസ്രയേൽ സ്വന്തം നയങ്ങൾ തിരുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുകയും വേണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. ഖത്തറും തുർക്കിയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രായേലിനും പാശ്ചാത്യ രാജ്യങ്ങൾക്കുമെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ കോടികൾ ചെലവഴിക്കുന്നുവെന്നായിരുന്നു പ്രസംഗത്തിൽ നെതന്യാഹു ആരോപിച്ചത്. ഹമാസ് നേതാക്കൾക്ക് അഭയം നൽകുന്നുവെന്ന ആരോപണവും തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാനെതിരെയുള്ള പരാമർശങ്ങളും ഇതിന്റെ ഭാഗമായി നെതന്യാഹു ഉന്നയിച്ചിരുന്നു.
We categorically reject Israeli Prime Minister Benjamin Netanyahu’s accusation, made in his address to the UN General Assembly, that the State of Qatar is conducting a campaign to influence public opinion against Israel. This continuing rhetoric against Qatar is nothing more than…
— د. ماجد محمد الأنصاري Dr. Majed Al Ansari (@majedalansari) September 24, 2026
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam