
വാഴ്‌സോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ കാര്‍ട്ടൂണിസ്റ്റിനെ അജ്ഞാതര്‍ പോളണ്ടില്‍ വെടിവെച്ചുകൊന്നു. പുടിന്റെ ഭീഷണിയെത്തുടര്‍ന്ന് അഞ്ചു വര്‍ഷം മുമ്പ് പോളണ്ടിലേക്ക് താമസം മാറ്റിയ സെമിയോണ്‍ സ്‌ക്രെപെറ്റ്‌സ്‌കി എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന റോബര്‍ട്ട് കുസോവ്‌കോവ് (44) ആണ് കൊല്ലപ്പെട്ടത്. ബെലാറൂസ് അതിര്‍ത്തിയോട് ചേര്‍ന്ന പോളിഷ് നഗരമായ ബിയാല പോഡ്ലാസ്‌കയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ബെലാറൂസ് കോണ്‍സുലേറ്റിന് 600 മീറ്റര്‍ അകലെ കാര്‍ പാര്‍ക്കിംഗില്‍ വെച്ചാണ് അജ്ഞാതന്‍ അദ്ദേഹത്തിന് നേര്‍ക്ക് വെടിവെച്ചത്. റോബര്‍ട്ടിന്റെ തലയ്ക്കും നെഞ്ചിനും പുറത്തുമായി അഞ്ച് തവണയാണ് അക്രമി വെടിയുതിര്‍ത്തത്.
കൊലപാതകം നടന്ന സ്ഥലത്തുനിന്നും വെടിയുണ്ടകള്‍ കണ്ടെടുത്തതായി പോളിഷ് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബെലാറൂസ് പൗരന്മാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
പുടിന്‍ ഭരണകൂടത്തിന്റെ കടുത്ത അടിച്ചമര്‍ത്തലുകളെ തുടര്‍ന്ന് 2021-ലാണ് റോബര്‍ട്ട് പോളണ്ടിലേക്ക് താമസം മാറ്റിയത്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍, ബെലാറൂസ് ഭരണാധികാരി അലക്‌സാണ്ടര്‍ ലുകാഷെങ്കോ, ചെചന്‍ നേതാവ് റംസാന്‍ കാദിറോവ് എന്നിവരുടെ രാഷ്ട്രീയ നിലപാടുകളെ അതിശക്തമായി പരിഹസിക്കുന്ന കാരിക്കേച്ചറുകളിലൂടെയാണ് സെമിയോണ്‍ സ്‌ക്രെപെറ്റ്‌സ്‌കി എന്ന പേരില്‍ റോബര്‍ട്ട് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയനായത്.
ഇക്കഴിഞ്ഞ ദിവസം ബെര്‍ലിനിലെ റഷ്യന്‍ എംബസിക്ക് മുന്നില്‍ നടന്ന റഷ്യ ഡേ പ്രതിഷേധത്തില്‍ റോബര്‍ട്ട് പങ്കെടുത്തിരുന്നു. പുടിനെയും സോവിയറ്റ് യൂണിയന്‍ മുന്‍ ഭരണാധികാരി ജോസഫ് സ്റ്റാലിനെയും പരിഹസിച്ചുകൊണ്ടുള്ള ഒരു ചിത്രവുമായാണ് അദ്ദേഹം പ്രതിഷേധത്തിനെത്തിയത്. ചോരയിറ്റുന്ന ചുണ്ടുകളുള്ള സ്റ്റാലിന്റെ മടിയിലിരുന്ന് കളിക്കുന്ന കുഞ്ഞായാണ് ആ ചിത്രത്തില്‍ പുടിനെ ചിത്രീകരിച്ചത്. പാന്റ്‌സിനെറ പുറകില്‍ കെട്ടിയിട്ട റഷ്യന്‍ പതാക റോഡിലൂടെ വലിച്ചിഴച്ചായിരുന്നു അന്ന് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam