
വാഷിംഗ്ടൺ: എയർപോർട്ടിലേക്ക് എത്താനാവില്ല, ഹഡ്സൺ നദിയിൽ ഇറങ്ങുന്നു. വീണ്ടും യാത്രക്കാരെ മുഴുവൻ സുരക്ഷിതമാക്കി ഹഡ്സൺ നദിയിൽ ചെറുവിമാനത്തിന്റെ എമർജൻസി ലാൻഡിംഗ്. തിങ്കളാഴ്ച രാത്രിയിലാണ് സെസ്ന 172 സിംഗിൾ എൻജിൻ വിമാനം തണുത്തുറഞ്ഞ ഹഡ്സൺ നദിയിൽ എമർജൻസി ലാൻഡിംഗ് നടത്തിയത്. ലോംഗ് ഐലൻഡിലെ റോൻകോൻകോമയിലെ മക്ആർതർ വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ട് പിന്നാലെയാണ് ചെറുവിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായത്. ഇൻസ്ട്രക്ടറും 17 വയസ് പ്രായമുള്ള ട്രെയിനിയുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ന്യൂ ബർഗ് ബേക്കൺ പാലത്തിന് സമീപത്ത് വച്ചാണ് പൈലറ്റ് ലിയാം ഡാർസി വിമാനത്തിന് സാങ്കേതിക തകരാറ് ശ്രദ്ധിക്കുന്നത്. അതിവേഗം വിമാനം താഴ്ചയിലേക്ക് വന്നതോടെയാണ് തണുത്തുറഞ്ഞ ഹഡ്സൺ നദിയിൽ എമർജൻസി ലാൻഡിംഗിന് ചെറുവിമാനം ശ്രമിച്ചത്.
പൈലറ്റിനും വിദ്യാർത്ഥിയ്ക്കും അപകടത്തിൽ പരിക്കേറ്റെങ്കിലും ഇരുവരും നദിയിൽ നിന്ന് നീന്തി രക്ഷപ്പെടുകയായിരുന്നു. ഇരുവരും നിലവിൽ ചികിത്സയിൽ കഴിയുകയാണ്. ഹഡ്സണിൽ മറ്റൊരു അത്ഭുതം എന്നാണ് സംഭവത്തെ ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുൾ വിശദമാക്കിയത്.അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിന് എത്തി ഉദ്യോഗസ്ഥർക്ക് അഭിനന്ദനം പങ്കുവച്ചായിരുന്നു ഗവർണറുടെ കുറിപ്പ്.
2009ൽ സമാനമായ സംഭവം ഇതേ നദിയിൽ സംഭവിച്ചിരുന്നു. യുഎസ് എയർവേസിന്റെ യാത്രാ വിമാനം ഹഡ്സൺ നദിയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നത്. ടേക്ക് ഓഫിന് പിന്നാലെ പക്ഷികൾ ഇടിച്ച് രണ്ട് എൻജിനുകളും തകരാറിലായതിന് പിന്നാലെയായിരുന്നു ഇത്. 155 യാത്രക്കാരുമായാണ് അന്ന് പൈലറ്റ് ചെസ്ലി സള്ളൻബെർഗർ തണുത്തുറഞ്ഞ നദിയിൽ സുരക്ഷിതമായി എമർജൻസി ലാൻഡിംഗ് നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam