ചരിത്രപരമായ നീക്കം, ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു സൗദി അറേബ്യയും അമേരിക്കയും, പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പങ്കാളിത്തം

Published : Jul 26, 2026, 03:11 PM IST
saudi energy ministry and us energy secretary

Synopsis

സൗദി അറേബ്യയും അമേരിക്കയും സമാധാനപരമായ ആണവോർജ്ജ ഉപയോഗങ്ങൾക്കായി ഒരു തന്ത്രപരമായ കരാറിൽ ഒപ്പുവെച്ചു. സാങ്കേതികവിദ്യ, അറിവ്, ആണവ സുരക്ഷ എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്ന ഈ കരാർ, ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുകയും സൗദിയുടെ ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കാൻ സഹായിക്കുകയും ചെയ്യും.

റിയാദ്: സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് സമാധാനപരമായ ആണവോർജ്ജ ഉപയോഗങ്ങൾക്കുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. കഴിഞ്ഞ നവംബറിൽ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയ യു.എസ് സന്ദർശന വേളയിൽ ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് ഇപ്പോൾ ചരിത്രപ്രധാനമായ കരാർ നിലവിൽ വന്നിരിക്കുന്നത്.

സൗദി ഊർജ്ജ, വ്യവസായ-ഖനന ധാതു മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാനും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് കരാർ കൈമാറിയത്. സാങ്കേതികവിദ്യ, അനുഭവസമ്പത്ത്, അറിവ് എന്നിവ പരസ്പരം കൈമാറുന്നതിലൂടെ ഊർജ്ജ, വികസിത സാങ്കേതികവിദ്യാരംഗങ്ങളിൽ ഇരുരാജ്യങ്ങൾക്കും മുന്നേറ്റമുണ്ടാക്കാൻ ഈ നീക്കം സഹായിക്കും.

ആണവ സുരക്ഷ, അണുപ്രസരണ വ്യാപനം തടയൽ എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഈ സഹകരണം നടപ്പാക്കുന്നത്. സൗദിയുമായി സിവിലിയൻ ആണവ സഹകരണ കരാറിലെത്തിയ വിവരം അമേരിക്കയും സ്ഥിരീകരിച്ചിട്ടുണ്ട്. ആണവ സഹകരണ കരാറിന് പുറമെ, ആണവ സുരക്ഷാ ഉറപ്പുകൾ സംബന്ധിച്ച മറ്റൊരു പ്രത്യേക കരാറിലും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് ഒപ്പുവെച്ചു.

പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്നതും ശതകോടി ഡോളർ മൂല്യമുള്ളതുമായ ഈ പങ്കാളിത്തം ആണവ വ്യാപനം തടയൽ ഉൾപ്പെടെയുള്ള സാമ്പത്തികവും തന്ത്രപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുമെന്ന് യു.എസ് ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി. ഈ കരാറുകൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി നിലവിലുള്ള നിയമനടപടികളുടെ ഭാഗമായി പരിശോധനയ്ക്കായി അമേരിക്കൻ കോൺഗ്രസിന് സമർപ്പിക്കും. യു.എസ് ആണവ സാങ്കേതികവിദ്യയുടെ കയറ്റുമതി വ്യാപിപ്പിക്കാനും വാഷിങ്ടണും റിയാദും തമ്മിലുള്ള സാമ്പത്തിക-സാങ്കേതിക സഹകരണം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും. കൂടാതെ, സൗദിയിലെ സമാധാനപരമായ ആണവോർജ്ജ പദ്ധതികളിൽ അമേരിക്കൻ കമ്പനികളുടെ പങ്കാളിത്തം ഉറപ്പാക്കാനും ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനും ഈ ദീർഘകാല പങ്കാളിത്തത്തിലൂടെ സാധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഭീകരവാദ സംഘത്തെ അറസ്റ്റ് ചെയ്തെന്ന റിപ്പോർട്ടുകൾ തെറ്റെന്ന് കുവൈത്ത്; പ്രചാരണങ്ങൾ തള്ളി ആഭ്യന്തര മന്ത്രാലയം
ഒരാഴ്ചയ്ക്കിടെ സൗദിയിൽ നിന്ന് 13,251 പ്രവാസികളെ നാടുകടത്തി, കർശന പരിശോധന തുടരുന്നു; തൊഴിൽ, വിസ നിയമലംഘനങ്ങൾക്ക് പിടിവീഴും