
റിയാദ്: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച 13,251 വിദേശികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രാജ്യത്ത് നിന്ന് നാടുകടത്തി. ആഭ്യന്തര മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട പ്രതിവാര റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. രാജ്യത്ത് സുരക്ഷാ സേന നടത്തുന്ന സംയുക്ത പരിശോധനകൾ ശക്തമായി തുടരുകയാണ്.
ജൂലൈ 16 മുതൽ 22 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 14,970 നിയമലംഘകരാണ് സുരക്ഷാ സേനയുടെ പിടിയിലായത്. പിടിയിലായവരിൽ 7,437 പേർ ഇഖാമ നിയമലംഘകരും, 3,991 പേർ അതിർത്തി സുരക്ഷാ നിയമലംഘകരും, 3,542 പേർ തൊഴിൽ നിയമലംഘകരുമാണ്. കൂടാതെ, അതിർത്തി വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,626 പേരും പിടിയിലായി. ഇവരിൽ 62 ശതമാനം ഇത്യോപ്യൻ പൗരന്മാരും 37 ശതമാനം യെമൻ പൗരന്മാരുമാണ്. അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 33 പേരെയും, നിയമലംഘകർക്ക് യാത്രാസൗകര്യവും താമസവും നൽകി സഹായിച്ച 18 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നിലവിൽ 1,989 വനിതകൾ ഉൾപ്പെടെ 30,500 വിദേശികൾക്കെതിരെയാണ് വിവിധ ഘട്ടങ്ങളിലായി നിയമനടപടികൾ പുരോഗമിക്കുന്നത്. നാടുകടത്തൽ നടപടികളുടെ ഭാഗമായി യാത്രാരേഖകൾ ലഭ്യമാക്കാൻ 17,700 പേരെ അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്യുകയും 6,113 പേർക്ക് ടിക്കറ്റ് ബുക്കിംഗിനായി നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. ആവശ്യമായ എല്ലാ നടപടികളും പൂർത്തിയാക്കിയാണ് 13,251 പേരെ ഇതിനകം നാടുകടത്തിയത്.
അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് ആളുകളെ രാജ്യത്തേക്ക് പ്രവേശിക്കാൻ സഹായിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയം കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിയമലംഘകർക്ക് താമസവും യാത്രാസൗകര്യവും നൽകുന്നത് ഗുരുതര കുറ്റകൃത്യമായി പരിഗണിക്കും. ഇത്തരക്കാർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിച്ചേക്കാം. ഒപ്പം കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, മറ്റ് പ്രദേശങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam