
റിയാദ്: ടൂറിസം മേഖലയിൽ വൻ പരിഷ്കാരങ്ങളുമായി സൗദി അറേബ്യ. വിദേശ വിനോദസഞ്ചാരികൾക്കായി വിമാന ടിക്കറ്റ്, താമസം, വിസ എന്നിവയെല്ലാം ഒരൊറ്റ പാക്കേജായി ലഭ്യമാക്കുന്ന പുതിയ 'ടൂറിസ്റ്റ് പാക്കേജ് വിസ' സേവനത്തിന് രാജ്യം തുടക്കം കുറിച്ചു. ഇതോടെ വിസയ്ക്കും യാത്രയ്ക്കും താമസത്തിനുമായി സഞ്ചാരികൾ ഇനി മുതൽ വെവ്വേറെ ബുക്കിംഗുകൾ നടത്തി ബുദ്ധിമുട്ടേണ്ടതില്ല.
സൗദി അറേബ്യയുടെ ഔദ്യോഗിക അംഗീകാരമുള്ള ട്രാവൽ ആൻഡ് ടൂറിസം സർവീസ് പ്രൊവൈഡർമാർ വഴിയാണ് ഈ പാക്കേജ് ലഭ്യമാകുക. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത ചില രാജ്യങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സേവനം ആരംഭിക്കുന്നത്. വിമാന ടിക്കറ്റ്, അംഗീകൃത ഹോട്ടലുകളിലെ താമസം, ഇലക്ട്രോണിക് വിസ പ്രൊസസിംഗ് എന്നിവയെല്ലാം ഈ ഒരൊറ്റ പാക്കേജിൽ അടങ്ങിയിരിക്കുന്നു. ടൂറിസ്റ്റുകൾക്ക് അവരുടെ താല്പര്യപ്രകാരം സൗദിയിലെ വിവിധ വിനോദ പരിപാടികൾ, ഇവന്റുകൾ, മറ്റ് ആക്റ്റിവിറ്റികൾ എന്നിവയും ഈ പാക്കേജിനൊപ്പം മുൻകൂട്ടി ബുക്ക് ചെയ്യാം. ഈ പദ്ധതി ലഭ്യമാക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി സഞ്ചാരികൾക്ക് ഏത് സമയത്തും സാങ്കേതിക സഹായവും വിവരങ്ങളും ലഭ്യമാക്കും. പുതിയ സംവിധാനത്തിലൂടെ ട്രാവൽ ഏജൻസികൾക്ക് കൂടുതൽ ആകർഷകമായ ടൂറിസം പാക്കേജുകൾ തയ്യാറാക്കാൻ സാധിക്കും. ഇത് വിദേശ സഞ്ചാരികളെ കൂടുതൽ ദിവസം സൗദിയിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടൽ.
സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തെ ആഗോള ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനുമായി കഴിഞ്ഞ കുറച്ചുകാലങ്ങളായി രാജ്യം നടപ്പിലാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളുടെ തുടർച്ചയാണിത്. നേരത്തെ അവതരിപ്പിച്ച ഇ-ടൂറിസ്റ്റ് വിസ, വിസ ഓൺ അറൈവൽ, ട്രാൻസിറ്റ് വിസ എന്നിവയ്ക്ക് പിന്നാലെയാണ് ഈ പുതിയ പാക്കേജ് വിസയും എത്തുന്നത്. ഇത്തരം ഉദാരമായ വിസാ നയങ്ങൾ കാരണം കഴിഞ്ഞ 2025-ൽ മാത്രം 2.9 കോടിയിലധികം വിദേശ വിനോദസഞ്ചാരികളാണ് സൗദി അറേബ്യ സന്ദർശിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam