മായ്‌സാക് ഭീതി വിട്ടൊഴിയും മുന്‍പേ പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ബാവി എന്ന ചുഴലിക്കാറ്റും ചൈനയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. ബാവി വ്യാഴാഴ്ചയോടെ കിഴക്കന്‍ ചൈനയില്‍ ശക്തമായ കാറ്റും മഴയും എത്തിക്കുമെന്നാണ് മുന്നറിയിപ്പ്

ബീജിംഗ്: ചൈനയുടെ തെക്കന്‍ മേഖലകളില്‍ കനത്ത നാശം വിതച്ച് മായ്‌സാക് ചുഴലിക്കാറ്റ്. ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയെത്തുടര്‍ന്ന് ഇവിടെ വന്‍ പ്രളയമാണ് രൂപപ്പെട്ടത്. പ്രളയത്തില്‍ രണ്ട് പേര്‍ മരിക്കുകയും പതിനായിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു. ഗ്വാങ്ഷി പ്രവിശ്യയുടെ തലസ്ഥാനമായ നാനിങ്ങില്‍ മാത്രം ഏകദേശം 55,000 പേരെ പ്രളയം നേരിട്ട് ബാധിച്ചു. അര ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ചൈനയിലെ ദക്ഷിണ പ്രവിശ്യയായ ഗ്വാങ്ഷിയിലെ നാനിങ് നഗരത്തിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മായ്‌സാക് ഭീതി വിട്ടൊഴിയും മുന്‍പേ പസഫിക് സമുദ്രത്തില്‍ രൂപം കൊണ്ട ബാവി എന്ന ചുഴലിക്കാറ്റും ചൈനയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. തായ്വാന്‍ ലക്ഷ്യമാക്കി നീങ്ങുന്ന ബാവി വ്യാഴാഴ്ചയോടെ കിഴക്കന്‍ ചൈനയില്‍ ശക്തമായ കാറ്റും മഴയും എത്തിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 180 മൈല്‍ വേഗതയിലാണ് ഈ കാറ്റ് വീശുന്നത്.

മായ്‌സാക് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ പ്രദേശത്തെ അണക്കെട്ടുകള്‍ അപകടാവസ്ഥയിലാവുകയും നദികളിലെ ജലനിരപ്പ് മുന്നറിയിപ്പ് പരിധിക്ക് മുകളിലാവുകയും ചെയ്തു. ഗ്വാങ്ഷിയിലെ നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാണ്. ഒരു അണക്കെട്ടിന്റെ മതില്‍ തകര്‍ന്ന് വെള്ളം കുതിച്ചൊഴുകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വിയറ്റ്നാമിലും ചൈനയുടെ ദ്വീപ് പ്രവിശ്യയായ ഹൈനാനിലും ആഞ്ഞടിച്ച ശേഷമാണ് മായ്സാക് ചൈനീസ് ഉള്‍നാടുകളിലേക്ക് പ്രവേശിക്കുന്നത്. ഗ്വാങ്ഷി പ്രവിശ്യയുടെ തലസ്ഥാനമായ നാനിങ്ങില്‍ മാത്രം ഏകദേശം 55,000 പേരെ പ്രളയം ബാധിച്ചതായും മൂന്ന് ജലാശയങ്ങളില്‍ വെള്ളം കരകവിഞ്ഞൊഴുകുകയാണെന്നും ഡെപ്യൂട്ടി മേയര്‍ വെയ് ജിയാങ് അറിയിച്ചു. ഇവിടെ നിന്ന് 48,000-ത്തോളം ആളുകളെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞു. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ റെഡ് അലര്‍ട്ടപ്രഖ്യാപിച്ചിരിക്കുകയാണ്.

ഗ്വാങ്ഷിയിലെ ഗുയിഗാങ് നഗരത്തില്‍ റോഡുകള്‍ പൂര്‍ണ്ണമായും പുഴകളായി മാറി. നിരവധി വാഹനങ്ങള്‍ വെള്ളത്തിനടിയിലായി. വടക്കന്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയിലും ലിയാനിംഗ് പ്രവിശ്യയിലുമുണ്ടായ മിന്നല്‍ പ്രളയത്തില്‍ മറ്റ് അഞ്ച് പേരും മരണപ്പെട്ടിട്ടുണ്ട്.