ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നു. പ്രതിരോധ രംഗത്ത് ആസ്ട്ര, ബ്രഹ്മോസ് മിസൈലുകൾ കൈമാറാനും വിദ്യാഭ്യാസ രംഗത്ത് ഐഐഎം, ഐഐടി ക്യാംപസുകൾ തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡൻറും തമ്മിലുള്ള ചർച്ചയിൽ ധാരണയായി
ജക്കാർത്ത: ഇന്തോനേഷ്യയ്ക്ക് ആസ്ട്ര മിസൈലുകളും കൂടുതൽ ബ്രഹ്മോസ് മിസൈലുകളും ഇന്ത്യ കൈമാറും. ഐഐഎം, ഐഐടി ക്യംപസുകൾ ഇന്തോനേഷ്യയിൽ തുറക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോയും നടത്തിയ ചർച്ചയിൽ ധാരണയായി. പലസ്തീൻ വിഷയത്തിൽ ദ്വിരാഷ്ട്ര പരിഹാരം എന്ന നയം മോദി ആവർത്തിച്ചു. ഇന്തോനേഷ്യയുടെ പരമോന്നത പുരസ്കാരം നരേന്ദ്ര മോദിക്ക് സമ്മാനിച്ചു.
ഊഷ്മള വരവേല്പാണ് നരേന്ദ്ര മോദിക്ക് ഇന്തോനേഷ്യ നല്കിയത്. ഇന്നലെ ഇന്തോനേഷ്യൻ പ്രസിഡൻറ് പ്രബോവോ സുബിയാന്തോ വിമാനത്താവളത്തിൽ നേരിട്ടെത്തി മോദിയെ സ്വീകരിച്ചിരുന്നു. ഇന്ന് ഇന്തോനേഷ്യയുടെ ഏറ്റവും പരമോന്നത ബഹുമതിയായ സ്റ്റാർ ഓഫ് ദി റിപബ്ളിക് ഓഫ് ഇന്തോനേഷ്യ പ്രസിഡൻറ് സുബിയാന്തോ സമ്മാനിച്ചു. പ്രതിരോധ രംഗത്തെ സഹകരണ ശക്തമാക്കാൻ ചർച്ചയിൽ ധാരണയായി. അവശ്യ ധാതുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഇന്ത്യ ഇന്തോനേഷ്യയിൽ നിക്ഷേപം നടത്തും. ബ്രഹ്മോസ് മിസൈലുകൾ ഇന്ത്യ ഇന്തോനേഷ്യയ്ക്ക് നല്കുന്നുണ്ട്. ഇതിനു പുറമെയാണ് ആസ്ട്ര മിസൈലുകൾ കൂടി വാങ്ങാൻ ഇന്തോനേഷ്യ തീരുമാനിച്ചത്.
ഐഐഎം ബെംഗളൂരു ആകും ഇന്തോനേഷ്യയിൽ ക്യാംപസ് തുറക്കുക. സമുദ്ര സുരക്ഷയ്ക്ക് രണ്ടു രാജ്യങ്ങളുടെയും തീര സംരക്ഷ സേനകൾ സഹകരിക്കും. ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യമായ ഇന്തോനേഷ്യയുമായുള്ള ചർച്ചയിൽ പലസ്തീൻ വിഷയവും ഉയർന്നു വന്നു. സമാധാനപരമായി പ്രശ്നം പരിഹരിക്കണം എന്നാണ് നയമെന്ന് മോദി വ്യക്തമാക്കി. ഇന്തോനേഷ്യൻ പാർലമെൻറിലും മോദി ഇന്ന് സംസാരിക്കും. ഇന്തോനേഷ്യയിലെ ഇന്ത്യക്കാരുടെ സ്വീകരണത്തിലും മോദി പങ്കെടുക്കും. ഇന്തോനേഷ്യയിലെ പുരാതന ഹിന്ദു ക്ഷേത്രമായ പ്രംബാനൻ ക്ഷേത്രം സന്ദർശിച്ച ശേഷം നാളെ മോദി ഓസ്ട്രേലിയയ്ക്ക് തിരിക്കും.
