
റിയാദ്: സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്' നേരെ ഇറാഖ് ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് പൈപ്പ് ലൈനിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. റിയാദ്, മദീന മേഖലകളിലൂടെ കടന്നുപോകുന്ന പൈപ്പ്‌ലൈനുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുൻകരുതൽ നടപടിയുടെ ഭാഗമായി പൈപ്പ്‌ലൈൻ വഴിയുള്ള എണ്ണ വിതരണം താൽക്കാലികമായി നിർത്തിവെച്ചതായി സൗദി ഊർജ്ജ മന്ത്രാലയമാണ് അറിയിച്ചത്.
മദീനയ്ക്ക് സമീപമുള്ള പൈപ്പ്‌ലൈൻ പ്രദേശത്ത് നിന്ന് കറുത്ത പുക ഉയരുന്നത് യൂറോപ്യൻ ഉപഗ്രഹ ചിത്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാഖി മണ്ണിൽ നിന്ന് അയൽരാജ്യങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾ തടയാൻ ഇറാഖ് ഭരണകൂടത്തിന് അവസരം നൽകണമെന്ന ഇറാഖി പ്രധാനമന്ത്രിയുടെ അഭ്യർത്ഥനയെ തുടർന്നാണ് സൗദി താൽക്കാലികമായി തിരിച്ചടി ഒഴിവാക്കിയത്. എന്നാൽ രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ ഏത് നിമിഷവും തിരിച്ചടിക്കാൻ അവകാശമുണ്ടെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഓർമ്മിപ്പിച്ചു.
ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ്, സൗദിയുടെ നിലപാടിനെ സ്വാഗതം ചെയ്തു. ആക്രമണം നടന്നത് ദക്ഷിണ പ്രവിശ്യയായ മൈസാനിൽ നിന്നാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്ന് ഇവിടത്തെ മിലിട്ടറി കമാൻഡറെ ഇറാഖി പ്രധാനമന്ത്രി ഉടനടി പുറത്താക്കുകയും അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.
സംഭവത്തെ ശക്തമായി അപലപിച്ച ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബദൈവി, ഈ ആക്രമണം സൗദി അറേബ്യയുടെ സുരക്ഷയ്ക്ക് മേലുള്ള ഗുരുതരമായ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചു. ഇറാഖ് തങ്ങളുടെ മണ്ണ് സൗദിക്കെതിരെ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സൗദിയെടുക്കുന്ന എല്ലാ സുരക്ഷാ നടപടികൾക്കും ജിസിസി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഹോർമൂസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്ന് ചെങ്കടൽ തീരത്തേക്ക് എണ്ണ എത്തിക്കാൻ സൗദി ഉപയോഗിച്ചിരുന്ന പ്രധാന ബദൽ മാർഗ്ഗമായിരുന്നു ഈ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam