ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം; സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു

Published : Sep 12, 2026, 04:40 AM IST
Saudi Arabia Oil Pipeline Attacked

Synopsis

സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ് ലൈന് നേരെ ഇറാഖിൽനിന്ന് ഡ്രോൺ ആക്രമണം. നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ പൈപ്പ് ലൈന് കേടുപാടുകൾ സംഭവിച്ചു.

റിയാദ്: സൗദിയുടെ പ്രധാന എണ്ണ പൈപ്പ് ലൈനായ 'ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈന്' നേരെ ഡ്രോൺ ആക്രമണം. ഇറാഖിന്റെ അതിർത്തിക്കുള്ളിൽനിന്ന് വിക്ഷേപിച്ച നിരവധി ഡ്രോണുകൾ പൈപ്പ് ലൈനിൽ പതിച്ചതായി സൗദി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. റിയാദ്, മദീന മേഖലകളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും സംഭവത്തിൽ പൈപ്പ് ലൈനിന് കേടുപാടുകൾ സംഭവിക്കുകയും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയെടുക്കാനും ഇറാഖ് മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് ഉപയോഗിക്കുന്നത് തടയാനും അവസരം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി സൗദിയോട് അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഇറാഖ് ഭരണകൂടത്തിന് സമയം നൽകിക്കൊണ്ട് തൽക്കാലം തിരിച്ചടി നൽകേണ്ടതില്ലെന്നാണ് സൗദി അറേബ്യയുടെ തീരുമാനം. എങ്കിലും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും എണ്ണ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാനുള്ള അവകാശം സൗദി അറേബ്യ നിലനിർത്തുമെന്നും വിദേശകാര്യ മന്ത്രാലയം എക്സിലൂടെ വ്യക്തമാക്കി.

സൗദിയുടെ തീരുമാനത്തെ ഇറാഖ് സ്വാഗതം ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തു. ആക്രമണത്തെ ശക്തമായി അപലപിച്ച ഇറാഖ് ഭരണകൂടം, സൗദിയുടെ സുരക്ഷയ്ക്കോ ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധത്തിനോ ഭീഷണിയാകുന്ന നീക്കങ്ങൾ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. സ്വന്തം അതിർത്തിയോ വ്യോമപാതയോ അയൽരാജ്യങ്ങൾക്കെതിരായ ആക്രമണത്തിന് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഇറാഖ് സായുധ സേനാ വക്താവ് സ്വബാഹ് അൽ-നുമാൻ അറിയിച്ചു. ആക്രമണത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദി ഉത്തരവിട്ടിട്ടുണ്ട്.

അപകടസാധ്യത മുന്നിൽക്കണ്ട് മുൻകരുതൽ നടപടിയെന്ന നിലയിലാണ് പൈപ്പ് ലൈന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. സൗദി ഊർജ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ആക്രമണത്തെത്തുടർന്ന് മദീനയ്ക്ക് തെക്കുകിഴക്കായി പൈപ്പ് ലൈൻ കേന്ദ്രങ്ങളിൽ തീപിടിത്തമുണ്ടാവുകയും വൻതോതിൽ പുക ഉയരുകയും ചെയ്യുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. സൗദിയുടെ കര മാർഗം എണ്ണ എത്തിക്കാനുള്ള ഏറ്റവും വലിയ സംവിധാനം ആണ് ഈസ്റ്റ്-വെസ്റ്റ് പൈപ്പ് ലൈൻ. ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതത്തിൽ തടസ്സങ്ങൾ ഉണ്ടാകുമ്പോൾ സൗദി അറേബ്യ തങ്ങളുടെ എണ്ണ ചെങ്കടൽ തീരത്തെ തുറമുഖങ്ങളിലേക്ക് എത്തിക്കാൻ പ്രധാനമായും ആശ്രയിക്കുന്നത് 1,200 കിലോമീറ്ററോളം നീളമുള്ള ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈനിനെയാണ്. തന്ത്രപ്രധാനമായ എണ്ണപ്പാതയ്ക്ക് നേരെയുണ്ടായ ആക്രമണം ആഗോള എണ്ണ വിപണിയെ ബാധിക്കും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബ്രിക്‌സ് ബിസിനസ് ഫോറം വേദി പങ്കിട്ട് ലോക നേതാക്കൾ; മസൂദ് പെസഷ്കിയനെ സ്വീകരിച്ച് നരേന്ദ്ര മോദി, 'സഹകരണം ശക്തമാക്കണം'
ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി പുടിനുമായി കൂടിക്കാഴ്‌ച നടത്തി മോദി; ഉഭയകക്ഷി വ്യാപാരം 10 ലക്ഷം കോടിയാക്കാൻ ധാരണ; ഷീ ജിൻപിങുമായി ചർച്ച നാളെ