യു.എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് നൽകിയ സമാധാന നിർദേശ കത്ത് ലഭിച്ചതായി ഇറാൻ സ്ഥിരീകരിച്ചു. മേഖലയിൽ സംഘർഷം ഇനിയും വ്യാപിക്കരുതെന്നും ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു. അതേസമയം, ഹോർമൂസ് തീരത്ത് ഉരുവിന് തീപിടിക്കുകയും ക്രൂഡ് ഓയിൽ വില ഉയർന്ന നിരക്കിൽ തുടരുകയും ചെയ്യുന്നു.
ടെഹ്റാൻ: സമാധാന നിർദേശങ്ങളിൽ അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെ.ഡി വാൻസ് നൽകിയ കത്ത് ലഭിച്ചതായി ഇറാൻ. ഏഴ് ഇന പദ്ധതി അംഗീകരിക്കാതെ ചർച്ചകൾ മുന്നോട്ട് പോകില്ല എന്നാണ് ഇറാന്റെ നിലപാട്. ഇതിനിടെ, യെമനിൽ സൗദി വ്യോമാക്രമണത്തിൽ നിരവധിപ്പേർ മരിച്ചെന്ന് ഹൂത്തികൾ പറയുന്നു. ഹോർമൂസിൽ ഒമാനിലെ ഖസബ് തീരത്തോട് ചേർന്ന് ഉരുവിന് തീ പിടിച്ചു മുങ്ങി. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില 114 ഡോളറെന്ന ഉയർന്ന നിരക്കിൽ തുടരുകയാണ്.
ഗൾഫ് മേഖലയിൽ സംഘർഷം ഇനിയും വ്യാപിക്കരുതെന്ന് യുഎഇ നിലപാടെടുത്തു. മേഖലയിലെ സംഘർഷങ്ങൾ ചർച്ചകളിലൂടെ അവസാനിപ്പിക്കണമെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. കക്ഷികൾ വിവേകം കാണിക്കണമന്നും വികസനവും ക്ഷേമവുമാണ് മേഖലയ്ക്ക് വേണ്ടതെന്നും യുഎഇ പറഞ്ഞു. മേഖലയിലെ രാജ്യങ്ങളും അന്താരാഷ്ട്ര കക്ഷികൾ കൂടി ചേർന്ന് ചർച്ചകൾക്ക് വഴിയൊരുക്കാൻ മുൻകൈ എടുക്കണമെന്നാണ് യുഎഇയുടെ നിലപാട്.
ഒമാൻ തീരത്തോട് ചേർന്ന് തീപിടിച്ച ഉരുവിൽ നിന്ന് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ കുറഞ്ഞത് മൂന്ന് ടാങ്കറുകളെങ്കിലും മൈനുകളിൽ തട്ടി അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, മൈനുകളിൽ തട്ടി കപ്പലുകൾ തകരുകയാണെന്ന പ്രചാരണം തെറ്റാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് പ്രതികരിച്ചു. അന്താരാഷ്ട്ര ഇടപെടലുകളിലൂടെ സുരക്ഷിത പാതയിലെ മൈനുകളെല്ലാം നീക്കം ചെയ്തിട്ടുണ്ടെന്നും, നിലവിൽ ഈ പാതയിലൂടെ കപ്പലുകൾ സുരക്ഷിതമായി സഞ്ചരിക്കുന്നുണ്ടെന്നും യു.എസ് വ്യക്തമാക്കുന്നു.






