താലിബാൻ നേതാക്കളുടെ പെൺമക്കൾ വിദേശത്ത് പഠിക്കുന്നു; അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കോളേജും ഇല്ല, സ്കൂളും ഇല്ല.!

By Web TeamFirst Published Dec 24, 2022, 9:57 AM IST
Highlights

താലിബാന്‍ സര്‍ക്കാറിലെ നിരവധി മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കൾ ഇപ്പോൾ പെഷവാറിലും കറാച്ചിയിലുമായി ഇസ്‌ലാമിക വിഷയങ്ങളോടൊപ്പം ആധുനിക വിദ്യാഭ്യാസം നൽകുന്ന ഇഖ്‌റ സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആറാം ക്ലാസിനു മുകളിലുള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് തുടരുമ്പോഴും രണ്ട് ഡസനിലധികം ഉന്നത താലിബാൻ നേതാക്കളുടെ പെണ്‍മക്കള്‍ ദോഹ, പെഷവാർ, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ  പഠിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. 

താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി, വക്താവ് സുഹൈൽ ഷഹീൻ എന്നിവരുടെ പെണ്‍മക്കളാണ് വിദേശത്ത് പഠിക്കുന്നത് എന്നാണ് ദി പ്രിന്‍റ് റിപ്പോര്‍ട്ട് പറയുന്നത്. 

സുഹൈൽ ഷഹീന്റെ രണ്ട് പെൺമക്കളും അഫ്ഗാന്‍ ഇസ്‌ലാമിക് എമിറേറ്റിന്‍റെ പൊളിറ്റിക്കൽ ഓഫീസിന്‍റെ ആസ്ഥാനമായ ദോഹയിലെ സർക്കാർ നിയന്ത്രിത സ്‌കൂളിൽ പഠിക്കുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളും ദോഹയിലാണ് പഠിക്കുന്നത്.  ഇദ്ദേഹക്കിന്‍റെ മൂത്ത മകൾ അവര്‍ പഠിക്കുന്ന സ്‌കൂൾ ടീമിന് വേണ്ടി ഫുട്‌ബോൾ പോലും കളിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

ഇസ്‌ലാമാബാദിലെ നംഗർഹർ യൂണിവേഴ്‌സിറ്റിയിൽ നിന്നും പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും ബിരുദം നേടിയ നേരത്തെ പ്രാക്ടീസ് ചെയ്തിരുന്ന ഫിസിഷ്യനായിരുന്നു താലിബാന്‍ ആരോഗ്യമന്ത്രി ഖലന്ദർ ഇബാദ്. ഇദ്ദേഹം തന്റെ മകളെയും  മെഡിക്കൽ വിദ്യാഭ്യാസത്തിന് അയച്ചിരിക്കുകയാണ്. ഇപ്പോൾ ഇസ്ലാമാബാദിൽ ഡോക്ടറായി ഇവര്‍ ജോലി ചെയ്യുന്നുണ്ട്.

സ്റ്റാനിക്‌സായിയുടെ മകൾ  ദോഹയിലെ പ്രശസ്ത സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം ദോഹയിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്നു എന്നാണ് താലിബാനുമായി അടുത്ത വൃത്തങ്ങൾ കൂട്ടിച്ചേർത്തു. തങ്ങളുടെ പെൺമക്കളെ വിദേശത്ത് പഠിപ്പിക്കുന്ന താലിബാന്‍ നേതാക്കളെ സംബന്ധിച്ച് താലിബാനോട് ദ പ്രിന്‍റ് അഭിപ്രായം ചോദിച്ചെങ്കിലും വക്താവ് ഷഹീന്റെ ഓഫീസിൽ നിന്ന് പ്രതികരണം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

താലിബാന്‍ സര്‍ക്കാറിലെ നിരവധി മുതിർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും മക്കൾ ഇപ്പോൾ പെഷവാറിലും കറാച്ചിയിലുമായി ഇസ്‌ലാമിക വിഷയങ്ങളോടൊപ്പം ആധുനിക വിദ്യാഭ്യാസം നൽകുന്ന ഇഖ്‌റ സ്‌കൂളുകളിൽ പഠിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

താലിബാന്‍റെ ശക്തമായ സൈനിക കമ്മീഷനിലെ നാല് അംഗങ്ങളുടെ പെൺമക്കൾ കഴിഞ്ഞ വർഷം കാബൂൾ പിടിച്ചെടുക്കുന്നതിന് മുമ്പ് ഇഖ്‌റ സ്കൂളുകളിൽ പഠിച്ചിരുന്നതായി വിവരമുണ്ട്. പരമ്പരാഗതമായി നൽകുന്ന മതപഠനത്തിനൊപ്പം ഇംഗ്ലീഷ്, സയൻസ്, കമ്പ്യൂട്ടറുകൾ തുടങ്ങിയ വിഷയങ്ങളുമായി സംയോജിപ്പിച്ച് "മുസ്‌ലിംകളെയും അവരുടെ കുട്ടികളെയും യഥാർത്ഥ മുസ്‌ലിംകളാക്കാൻ" ആഗ്രഹിക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ നിയന്ത്രിക്കുന്ന ട്രസ്റ്റ് നടത്തുന്നതാണ് ഇഖ്‌റ സ്‌കൂളുകൾ.

ഒരു താലിബാൻ കമാൻഡർ ക്വറ്റയിൽ പെൺകുട്ടികൾക്കായി സ്വന്തം ഇഖ്‌റ ശൈലിയിലുള്ള സ്കൂൾ പോലും നടത്തിയിരുന്നു. ഇത് പരമ്പരാഗത മദ്രസ വിഷയങ്ങള്‍ക്ക് പുറമേ ഗണിതം, സയൻസ്, ഇംഗ്ലീഷ് എന്നിവയിൽ ക്ലാസുകൾ നല്‍കിയിരുന്നു. ഉന്നത താലിബാൻ നേതാക്കൾ വിദ്യാസമ്പന്നരായ രണ്ടാം ഭാര്യമാരെ തിരഞ്ഞെടുക്കന്നതായും ഗവേഷകനായ സബാവൂൺ സമീം ഈ വർഷം ആദ്യം പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ വെളിപ്പെടുത്തിയിരുന്നു.

കഴിഞ്ഞ വർഷം താലിബാന്‍ അഫ്ഗാനിസ്ഥാൻ ഭരണം പിടിച്ചെടുത്തപ്പോള്‍. അവരുടെ നേതാക്കള്‍  പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുമെന്ന് ആവർത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ മാർച്ച് 23 ന് സ്കൂളുകൾ വീണ്ടും തുറന്ന് മണിക്കൂറുകൾക്ക് ശേഷം അവരുടെ തീരുമാനം പിൻവലിച്ചു.

ഇതിന് പുറമേ താലിബാന്‍ സ്ത്രീകളെ ജോലിയിൽ നിന്ന് നീക്കം ചെയ്യുകയും പുരുഷ ബന്ധുവില്ലാതെ യാത്ര ചെയ്യാനുള്ള അവരുടെ കഴിവ് നിയന്ത്രിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം താലിബാന്‍റെ  പ്രമോഷൻ ആൻഡ് പ്രിവൻഷൻ മന്ത്രാലയം ബുർഖ ധരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ വ്യാപകമായി ഒട്ടിച്ചിരുന്നു.

പാഠ്യപദ്ധതിയും യൂണിഫോമും സംബന്ധിച്ച പ്രശ്‌നങ്ങൾക്ക് പുറമേ, സ്‌കൂളുകൾക്ക് ഫണ്ടിന്റെ അഭാവമുണ്ടെന്ന് ഇസ്ലാമിക് എമിറേറ്റ് നേതാക്കൾ കഴിഞ്ഞ വർഷം അവകാശപ്പെട്ടിരുന്നു. ജനുവരിയിൽ, അഫ്ഗാനിസ്ഥാനിലെ യുഎസ് പ്രത്യേക പ്രതിനിധി ടോം വെസ്റ്റ്, പെൺകുട്ടികൾക്കായി സ്കൂളുകൾ വീണ്ടും തുറന്നാൽ എല്ലാ അധ്യാപകരുടെ ശമ്പളവും നൽകുമെന്ന് പറഞ്ഞിരുന്നു.

'സുരക്ഷ തരാം, സഹായിക്കണം': ഇന്ത്യയോട് താലിബാന്‍ അപേക്ഷ

വിലക്കിന് പിന്നാലെ ക്ലാസ് മുറികളിൽ കരയുന്ന വിദ്യാർത്ഥിനികൾ, അഫ്​ഗാനിൽ നിന്നും നെഞ്ചുലച്ച് വീഡിയോ
 

click me!