ഞെട്ടി ഇലോൺ മസ്ക്! ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി നഷ്ടമായി; വൻ നേട്ടവുമായി ഓറക്ക്ൾ സഹസ്ഥാപകൻ ലാറി എലിസൺ

Published : Sep 10, 2025, 08:51 PM IST
Elon Musk

Synopsis

ഓറക്ക്ൾ സഹസ്ഥാപകൻ ലാറി എലിസൺ ഇലോൺ മസ്കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി. ഓറക്ക്ളിന്റെ വരുമാന റിപ്പോർട്ടിനെത്തുടർന്ന് എലിസണിന്റെ ആസ്തി 393 ബില്യൺ ഡോളറായി ഉയർന്നു.

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി ഇലോൺ മസ്കിൽ നിന്ന് ഓറക്ക്ൾ സഹസ്ഥാപകൻ ലാറി എലിസൺ സ്വന്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ഓറക്ക്ളിന്‍റെ വരുമാന റിപ്പോർട്ട് വന്നതോടെ എലിസണിന്‍റെ സമ്പത്ത് 101 ബില്യൺ ഡോളർ വർധിച്ച് 393 ബില്യൺ ഡോളറായി. ഇതോടെ മസ്കിന്‍റെ 385 ബില്യൺ ഡോളറിനെ മറികടന്ന് എലിസൺ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.

എഐ ഉപഭോക്താക്കളിൽ നിന്ന് തങ്ങളുടെ ഡാറ്റാ സെന്‍റർ ശേഷിക്ക് ആവശ്യകത വർധിച്ചതായി ഓറക്ക്ൾ (ORCL) റിപ്പോർട്ട് ചെയ്തതോടെ കമ്പനിയുടെ ഓഹരി വില കുത്തനെ ഉയർന്നു. ബുധനാഴ്ച രാവിലെ 11 മണിക്ക് ഓഹരികൾ 40 ശതമാനം ഉയർന്നു. കഴിഞ്ഞ പാദത്തിൽ തങ്ങളുടെ ഉപഭോക്താക്കളുമായി നാല് മൾട്ടിബില്യൺ ഡോളർ കരാറുകൾ ഒപ്പിട്ടതായും വരും മാസങ്ങളിൽ കൂടുതൽ കരാറുകൾ ഒപ്പിടുമെന്നും സിഇഒ സാഫ്റ കാറ്റ്സ് ചൊവ്വാഴ്ച സ്റ്റോക്ക് മാർക്കറ്റ് അടച്ചതിന് ശേഷം പ്രഖ്യാപിച്ചു. 

എഐ കമ്പനികളുടെ കമ്പ്യൂട്ടിംഗ് പവർ ആവശ്യകതകൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഓറക്ക്ളിന്‍റെ ഉയർച്ചയാണ് ഈ വളർച്ചക്ക് കാരണം. ക്ലൗഡ് സേവനങ്ങളിലും ഡാറ്റാബേസ് സോഫ്റ്റ്‌വെയർ ദാതാക്കളിലുമുള്ള ഓറക്ക്ളിന്‍റെ വളർച്ചക്ക് ഇത് വലിയ രീതിയിൽ സഹായിച്ചു. ജൂലൈയിൽ, ചാറ്റ്ജിപിടിയുടെ പാരന്‍റ് കമ്പനിയായ ഓപ്പൺ എഐക്ക് എഐ സോഫ്റ്റ്‌വെയർ പ്രവർത്തിപ്പിക്കാൻ 4.5 ജിഗാവാട്ട് വൈദ്യുതി നൽകാൻ ഓറക്ക്ൾ കരാറുണ്ടാക്കി.

ഓറക്ക്ളിന്‍റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരിയുടമയാണ് എലിസൺ. ഓഹരികളുടെ വില വർധിക്കുന്നതനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി നിലനിർത്താൻ എലിസണിന് സാധിക്കും. ബ്ലൂംബെർഗിന്‍റെ കണക്കനുസരിച്ച്, എലിസണിന്‍റെ സമ്പത്തിൽ വന്ന ഈ വർദ്ധനവ് ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഒരു ദിവസം കൊണ്ട് ഉണ്ടായ ഏറ്റവും വലിയ വർധനവാണ്. ബ്ലൂംബെർഗ് ശതകോടീശ്വരൻമാരുടെ പട്ടിക ബുധനാഴ്ച സ്റ്റോക്ക് മാർക്കറ്റ് അടച്ചതിന് ശേഷം അപ്ഡേറ്റ് ചെയ്യും.

എഐ സാങ്കേതികവിദ്യയിൽ ഓറക്ക്ൾ ഒരു വൻശക്തിയായതോടെ, അടുത്തിടെയുള്ള ടെക് ബൂമിന്‍റെ ഭാഗമായി എൻവിഡിയ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായി മാറിയിരുന്നു. ഇതിന് ശേഷം നാല് ട്രില്യൺ ഡോളറിലധികം മൂല്യവുമായി മൈക്രോസോഫ്റ്റും എൻവിഡിയക്ക് പിന്നിൽ ചേർന്നു. എസ് ആൻഡ് പി 500-ലെ ഏറ്റവും മൂല്യമേറിയ എട്ട് ഓഹരികളും എഐക്ക് സംഭാവന ചെയ്യുന്ന സാങ്കേതിക കമ്പനികളാണ്. എഐയുടെ വളർച്ച വേഗത്തിലായതോടെ ഈ വർഷം ഓറക്ക്ളിന്‍റെ ഓഹരി 103 ശതമാനം വർധിച്ചു.

2021ൽ ആണ് മസ്ക് ആദ്യമായി ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന പദവി നേടിയത്. ടെസ്ല, സ്പേസ് എക്സ് തുടങ്ങിയ വിവിധ നിക്ഷേപങ്ങൾ കാരണം കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം ആ പദവി നിലനിർത്തിയിരുന്നു. ഈ വർഷങ്ങളിൽ രണ്ട് തവണ മസ്കിന് ഈ പദവി നഷ്ടപ്പെട്ടിരുന്നു. 2021ൽ എൽവിഎംഎച്ച് സിഇഒ ബെർണാഡ് അർനോൾട്ടിനോടും, 2024-ൽ ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനോടുമാണ് മസ്കിന് പദവി നഷ്ടപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എ ഐ യുദ്ധത്തിലും ബഹുദൂരം മുന്നിൽ; നമ്മൾ വിചാരിച്ച ആളല്ല ചൈനയെന്ന് ഡീപ് മൈൻഡ് മേധാവി ഡെമിസ് ഹസാബിസ്
8 യൂറോപ്യൻ രാജ്യങ്ങൾക്ക് മേല്‍ അധിക തീരുവ ചുമത്തുന്നതില്‍ നിന്ന് പിന്മാറി ട്രംപ്; മനംമാറ്റം നാറ്റോ സെക്രട്ടറി ജനറലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം