യാത്ര തുടങ്ങി മൂന്ന് മിനിറ്റിനകം കൊടുങ്കാറ്റ്, തലകീഴായി മറിഞ്ഞ് ബോട്ട്; സഞ്ചാരികളിൽ ഏറെയും മൊബൈൽ ഫോൺ ഡീലർമാർ

Published : Jul 12, 2026, 07:56 AM IST
Vietnam Boat Accident

Synopsis

വിയറ്റ്നാമിൽ ഉണ്ടായ ബോട്ടപകടത്തിൽ പ്രതികരണവുമായി രക്ഷപ്പെട്ട ഇന്ത്യക്കാരൻ. യാത്ര തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ ബോട്ട് തലകീഴായി മറിഞ്ഞുവെന്ന് ഇന്ത്യക്കാരനായ നിർമൽ കുമാർ പറഞ്ഞു. 

ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് 15 ഇന്ത്യക്കാർ മരണപ്പെട്ട ദാരുണാപകടത്തിൽ പ്രതികരണവുമായി രക്ഷപ്പെട്ട ഇന്ത്യക്കാരൻ. യാത്ര തുടങ്ങി മൂന്നു മിനിറ്റിനകം അപകടം ഉണ്ടായെന്നും ശക്തമായ കൊടുങ്കാറ്റാണ് അപകടത്തിലേക്ക് നയിച്ചതെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട നിർമൽ കുമാർ പറഞ്ഞു. ബോട്ടിന് മുന്നിൽ ഉണ്ടായിരുന്ന യാത്രക്കാർ ജനാല വഴി രക്ഷപ്പെട്ടെങ്കിലും പിന്നിൽ ഉണ്ടായിരുന്നവർക്ക് അതിന് സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ മാധ്യമമായ എൻഡിടിവിയോടാണ് നിർമൽ കുമാറിൻ്റെ പ്രതികരണം.

അടച്ചുറപ്പുള്ള സ്പീഡ് ബോട്ടിലാണ് യാത്ര ചെയ്തതെന്നും ഏകദേശം 36 പേർ ബോട്ടിൽ ഉണ്ടായിരുന്നുവെന്നും നിർമൽ കുമാർ പറയുന്നു. യാത്ര തുടങ്ങി മൂന്ന് മിനിറ്റിനുള്ളിൽ തന്നെ അത് തലകീഴായി മറിഞ്ഞു. ശക്തമായ കൊടുങ്കാറ്റ് ബോട്ടിൽ അടിക്കുകയും അത് മറിയുകയുമായിരുന്നു. താനടക്കം 20 ഓളം പേർ മുൻവശത്തെ ജനലിലൂടെ ചാടി ബോട്ടിൽനിന്ന് പുറത്തുകടന്നു. പുറകിലുണ്ടായിരുന്ന 15 പേർ ബോട്ടിൽ കുടുങ്ങിപ്പോവുകയും അവർ മരണപ്പെടുകയും ചെയ്തുവെന്നും നിർമൽ കുമാർ വിശദമാക്കി.

മരണപ്പെട്ടവരിൽ തൻ്റെ അടുത്ത സുഹൃത്തായ പഴനി സ്വദേശി മുരുഗ പ്രഭുവും ഉൾപ്പെടുന്നതായി നിർമൽ കുമാർ പറഞ്ഞു. താൻ പുറത്തേക്ക് ചാടിയ അതേ ജനാലയിലൂടെ അവനെയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവന് അതിന് സാധിച്ചില്ലെന്നും അവിടെ കുടുങ്ങിപ്പോയെന്നും നിർമൽ കുമാർ പറഞ്ഞു. വിനോദയാത്ര സംഘടിപ്പിച്ചത് ലാവ മൊബൈൽസ് ആണെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ശനിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 2:30 ഓടെ ഫൂ ക്വോക്ക് ദ്വീപിലെ ഹോൺ മേയ് റുട്ട് എൻഗോയ് ദ്വീപിൽനിന്ന് ആൻ തോയ് പോർട്ടിലേക്ക് ബോട്ട് യാത്ര പുറപ്പെട്ട സംഘമാണ് അപകടത്തിൽപെട്ടത്. 32 ഇന്ത്യൻ വിനോദസഞ്ചാരികളടക്കം 36 പേരായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. മരണപ്പെട്ട 15 ഇന്ത്യക്കാരിൽ രണ്ടുപേർ കേരളത്തിൽ നിന്നും മൂന്നുപേർ ആന്ധ്രാ പ്രദേശിൽ നിന്നും 10 പേർ തമിഴ്നാട്ടിൽ നിന്നും ഉള്ളവരാണെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ 17 പേർ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്.

ബോട്ടിൽ ഉണ്ടായിരുന്നവരിൽ ഭൂരിഭാഗവും ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള മൊബൈൽ ഫോൺ ഡീലർമാരായിരുന്നു. ലാവ ഇൻ്റർനാഷണൽ സ്പോൺസർ ചെയ്ത വിനോദയാത്രയുടെ ഭാഗമായാണ് ഇവർ ഫൂ ക്വോക്ക് ദ്വീപിൽ എത്തിയത്. അതേസമയം അപകടത്തിൽ വിയ്റ്റനാം പ്രധാനമന്ത്രി ലെ മിൻ അന്വേഷണത്തിന് ഉത്തരവിട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കാനഡയിലെ ടൊറോന്റോയിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു, മൂന്നുപേർക്ക് പരിക്ക്
അമേരിക്ക ഇടപെടൽ നിർത്തണം, അതുവരെ ഹോർമുസ് അടച്ചെന്ന് ഇറാൻ; വീണ്ടും മുന്നറിയിപ്പ്, കപ്പലിന് നേരെ ആക്രമണം