ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നത് വരെ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി.
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് അടച്ചെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്ത്. മേഖലയിലെ യുഎസ് ഇടപെടൽ അവസാനിക്കുന്നതുവരെ ഒരു കപ്പലിനെയും കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഹോർമുസ് അടച്ചുവെന്നും ഇറാൻ പറഞ്ഞു. അനധികൃത പാതയിലൂടെ സഞ്ചരിച്ച കപ്പലിനെ ആക്രമിച്ചതായും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് അറിയിച്ചു. ഇറാൻ അംഗീകരിക്കാത്ത ഒരു വഴിയിലൂടെയും കപ്പലുകൾ കടക്കാൻ ശ്രമിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മസ്കറ്റിൽ നടന്ന ചർച്ചയ്ക്കിടെ ഒമാൻ കടലിടുക്കിലൂടെ രണ്ട് വ്യത്യസ്ത പാതകൾ നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ വന്നതിന് തൊട്ടുപിന്നാലെയാണ് പുതിയ പ്രഖ്യാപനം.
അതേസമയം, ഇറാൻ-അമേരിക്ക സമാധാന ധാരണ അട്ടിമറിക്കാൻ അന്താരാഷ്ട്ര ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ഹോർമുസിൽ കപ്പലുകളെ ആക്രമിച്ചത് ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട തീവ്ര വിഭാഗക്കാരാണെന്ന് ഇറാൻ സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന് മേൽ അമേരിക്ക കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി. വിഷയത്തിൽ ചർച്ചകൾക്കുള്ള ശ്രമങ്ങളും സജീവമാണ്.
അയത്തുള്ള അലി ഖംനഇയുടെ വിലാപയാത്ര നടക്കുമ്പോൾ പ്രകോപനം ഒന്നുമില്ലാതെ ഹോർമുസിൽ കപ്പലുകളാക്രമിച്ച് മധ്യസ്ഥ രാഷ്ട്രങ്ങളെ വരെ പിണക്കിയതാരാണെന്നതാണ് ചോദ്യം. ധാരണ പൊളിക്കാൻ ലക്ഷ്യമിട്ട, ഇറാനുള്ളിലെ തന്നെ ഗ്രൂപ്പുകളാണെന്ന് ഇറാൻ സമ്മതിച്ചതായി അമേരിക്കൻ വൃത്തങ്ങളെ ഉദ്ദരിച്ച് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ധാരണകൾ പാലിക്കുന്നതിൽ ഇറാന്റെ വിശ്വാസ്യത സമീപരാഷ്ട്രങ്ങൾ പോലും സംശയിക്കുന്ന നിലയിലായി. പാക് പ്രധാനമന്ത്രിയുമായി സംസാരിച്ച ഇറാൻ പ്രസിഡൻ്റ് ആരോപണം ഉന്നയിക്കുന്നത് ഇസ്രയേലിനും അമേരിക്കയ്ക്കും നേരെയാണ്. ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ തന്റെ സ്വന്തം റിസ്ക്കിൽ എതിർപ്പുകൾ മറികടന്ന് അമേരിക്കയുമായി ഒപ്പിട്ട ധാരണയാണിത് എന്നത് ശ്രദ്ധേയമാണ്. ഇറാൻ പ്രതിരോധത്തിലായതോടെ അമേരിക്ക കടുപ്പിക്കുകയാണ്. യുറേനിയം ശേഖരം കൈമാറിയില്ലെങ്കിൽ ഇറാനുമായി കരാറില്ല എന്നാണ് ഒരു നിലപാട്.
മുജ്ത ഖംനഇയുടെ ഉൾപ്പടെ ഫണ്ട് മാനേജർ അലി അൻസാരിക്കും വിവിധ എക്സ്ചേഞ്ച് കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തി. അമേരിക്കൻ പടക്കപ്പലുകൾ ഹോർമുസിനോട് വീണ്ടും കൂടുതലടുക്കുന്നു. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് സൗദി കിരീടാവകാശിയുമായി ഇറാൻ വിഷയം ചർച്ച ചെയ്തു. ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി ഒമാനിൽ എത്തി. ഭരണ നേതൃത്വവും താഴെത്തട്ടിലേ സേനകളും തമ്മിലെ ഏകോപനമില്ലായ്മയ്ക്ക് ഇറാൻ കൂടുതൽ വില നൽകേണ്ടി വരുമെന്നുറപ്പാണ്.



