
ബർലിൻ: അവധി കഴിഞ്ഞ് മടങ്ങിയെത്തിയ യുവതിയുടെ ബാഗിൽ 55 ട്രാവൽ ബാഗുകൾ. ജർമൻ-സ്വിസ് അതിർത്തിയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ അമ്പരപ്പിച്ച സംഭവം ഉണ്ടായത്. ജർമ്മൻ നഗരമായ ബീറ്റിംഗിനും സ്വിറ്റ്‌സർലൻഡിലെ ഷാഫ്‌ഹൗസൻ പ്രവിശ്യയിലെ തായംഗിനും ഇടയിലുള്ള അതിർത്തിയിലാണ് കഴിഞ്ഞ മെയ് ആദ്യവാരം ഈ വിചിത്ര സംഭവം നടന്നത്.
ഒരു വാൻ നിറയെ വലിയ സൂട്ട്കേസുകളുമായി എത്തിയ സ്വിറ്റ്‌സർലൻഡ് സ്വദേശിയായ ഒരു യുവതിയാണ് ഇപ്പോൾ യൂറോപ്യൻ മാധ്യമങ്ങളിൽ കൗതുക വാർത്തയായിരിക്കുന്നത്. സാധാരണക്കാർ ഒരു വിനോദയാത്ര പോകുമ്പോൾ പരമാവധി ഒന്നോ രണ്ടോ പെട്ടികൾ കരുതാറുണ്ട്. എന്നാൽ, ഈ യുവതി സഞ്ചരിച്ചിരുന്ന വാനിന്റെ ഉൾവശം മുകൾഭാഗം വരെ പെട്ടികൾ കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഫെഡറൽ ഓഫീസ് ഫോർ കസ്റ്റംസ് ആൻഡ് ബോർഡർ സെക്യൂരിറ്റി ഉദ്യോഗസ്ഥർ എണ്ണിനോക്കിയപ്പോൾ വാനിൽ ആകെ 55 യാത്രാ ബാഗുകളാണ് ഉണ്ടായിരുന്നത്! ഒരു സാധാരണ ടൂർ ഗ്രൂപ്പ് പോലും കരുതുന്നതിനേക്കാൾ കൂടുതൽ ലഗേജ് ഒരാൾ മാത്രമായി കൊണ്ടുവന്നത് കസ്റ്റംസ് ഉദ്യോഗസ്ഥരിൽ വലിയ സംശയമുണ്ടാക്കി.
വൻതോതിൽ കള്ളക്കടത്ത് സാധനങ്ങളോ നിരോധിച്ച വസ്‌തുക്കളോ കടത്തുകയാണെന്ന സംശയത്തിൽ വാൻ കസ്റ്റംസ് തടഞ്ഞുനിർത്തി. തുടർന്ന് എയർപോർട്ടുകളിലേതിന് സമാനമായ രീതിയിൽ മൊബൈൽ എക്സ്-റേ മെഷീൻ സംഭവസ്ഥലത്ത് എത്തിച്ചാണ് പരിശോധന നടത്തിയത്. നിരവധി കസ്റ്റംസ് ഉദ്യോഗസ്ഥർ ചേർന്ന് ഓരോ പെട്ടിയും എക്സ്-റേ സ്കാനിംഗിന് വിധേയമാക്കി. ഏകദേശം 20 മിനിറ്റോളം ഈ അതീവ ജാഗ്രതാ പരിശോധന നീണ്ടുനിന്നു.
വലിയ തോതിലുള്ള കള്ളക്കടത്താകാമെന്ന് കരുതിയ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയായപ്പോൾ ശരിക്കും ഞെട്ടി. അത്രയും വലിയ പെട്ടികളിലൊന്നിൽ പോലും നിയമവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ല! അവയിലെല്ലാം ആ യുവതിയുടെ വ്യക്തിപരമായ ഉപയോഗത്തിനുള്ള വസ്ത്രങ്ങളും സാധനങ്ങളും മാത്രമായിരുന്നു. നിയമവിരുദ്ധമായി ഒന്നും കണ്ടെത്താത്തതിനാൽ യുവതിക്കെതിരെ കേസ് എടുക്കാതെ കസ്റ്റംസ് യാത്രാനുമതി നൽകി. എന്നാൽ ഇത്രയധികം പെട്ടികളുമായി ഈ യുവതി എങ്ങോട്ടാണ് യാത്ര ചെയ്തതെന്നോ, എത്ര ദിവസത്തെ യാത്രയായിരുന്നു ഇതെന്നോ വ്യക്തമല്ല. നിയമപരമായ കുറ്റമൊന്നും ഇല്ലാത്തതിനാൽ ഇതിനെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്വിറ്റ്‌സർലൻഡിൽ താമസിക്കുന്നവർക്ക് വ്യക്തിഗത സാധനങ്ങൾ നിയമപരമായി രാജ്യത്തേക്ക് തിരികെ കൊണ്ടുവരാൻ അനുവാദമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam