ചൈനയുടെ 'താലിബാന്‍ പ്രേമത്തിന്' പിന്നില്‍ ശരിക്കും എന്താണ്?

By Web TeamFirst Published Aug 17, 2021, 10:45 AM IST
Highlights

ചൈനയെ ശരിക്കും താലിബാനോട് സൌഹൃദം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിശാലമായ രാഷ്ട്രീയ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മൂലമാണ്. 

കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് ശേഷം 24 മണിക്കൂര്‍ പിന്നിടും മുന്‍പ് അവരെ അംഗീകരിച്ച രാജ്യമാണ് ചൈന. ചൈനയ്ക്ക് പിന്നാലെ റഷ്യ, പാകിസ്ഥാന്‍ എന്നിവരും ഔദ്യോഗികമായി താലിബാനെ പിന്തുണച്ചെങ്കിലും, ചൈനീസ് പിന്തുണയ്ക്ക് അന്താരാഷ്ട്രതലത്തില്‍ വലിയ രാഷ്ട്രീയമാനമുണ്ടെന്നാണ് വിലയിരുത്തല്‍. 

76 കിലോമീറ്റര്‍ നീളത്തില്‍ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. താലിബാന് പിന്തുണ പ്രഖ്യാപിച്ച സംഭവം ഒരു ദിവസം പെട്ടെന്ന് ഉണ്ടായ വെളിപാടല്ലെന്ന് വ്യക്തമാണ്. അമേരിക്കയുടെ അഫ്ഗാന്‍ മണ്ണില്‍ നിന്നുള്ള പിന്‍മാറ്റത്തിന് പിന്നാലെ താലിബാന്‍ തങ്ങളുടെ മുന്നേറ്റം ശക്തമാക്കിയപ്പോള്‍ തന്നെ ചൈനയ്ക്ക് കൈ കൊടുത്തിരുന്നു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി താലിബാന്‍റെ പ്രത്യേക സംഘം മുല്ല അബ്ദുള്‍ ഗനി ബറാദറിന്‍റെ നേതൃത്വത്തില്‍ ജൂലൈ അവസാനം കൂടികാഴ്ച നടത്തിയിരുന്നു. അഫ്ഗാന്‍ താലിബാന്‍ പിടിച്ച് അവിടെ സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പ്രഥമികമായ ബന്ധം ആരംഭിക്കാനുള്ള ധാരണകള്‍ ഈ യോഗത്തിലെടുത്തുവെന്നാണ് കരുതപ്പെടുന്നത്.

ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒരു യുക്തിവാദി ആശയത്തില്‍ വിശ്വസിക്കുന്നവരാണ്. ചൈനീസ് സര്‍ക്കാര്‍ ചൈനീസ് ന്യൂനപക്ഷമായ ഉയ്ഗ്യൂര്‍ മുസ്ലീംങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ നടത്തുന്നു എന്നത് നിരന്തരം പാശ്ചത്യ മാധ്യമങ്ങള്‍ അടക്കം പുറത്തുകൊണ്ടുവന്ന കാര്യമാണ്. ഇതിലെ താലിബാന്‍റെ നിലപാടാണ് ചൈനയ്ക്ക് പ്രധാനമായും അറിയേണ്ടിയിരുന്നത്. എന്നാല്‍ ഇത് തീര്‍ത്തും ചൈനീസ് ആഭ്യന്തര പ്രശ്നമാണ് എന്നാണ് താലിബാന്‍ സ്വീകരിച്ച നിലപാട്. ഇതോടെ താലിബാനോടുള്ള ആശയ ഭിന്നതകള്‍ ഒക്കെ ചൈന മാറ്റിവച്ചു. ഒപ്പം ഉയ്ഗ്യൂര്‍ വിമതര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ എന്തെങ്കിലും സഹായം നല്‍കില്ലെന്നും താലിബാന്‍ അറിയിച്ചു.

ഇതിനെല്ലാം പുറമേ ചൈനയെ ശരിക്കും താലിബാനോട് സൌഹൃദം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. വിശാലമായ സാമ്പത്തിക താല്‍പ്പര്യങ്ങള്‍ മൂലമാണ്. ചൈനയുടെ സ്വപ്ന പദ്ധതിയായ ബെല്‍റ്റ് ആന്‍റ് റോഡ് പദ്ധതിയുടെ വലിയൊരു ഭാഗം അഫ്ഗാന്‍ വഴിയാണ് പോകുന്നത്. അതിന്‍റെ പുരോഗതിക്കും, നിര്‍മ്മാണത്തിനും, നടത്തിപ്പിനും എല്ലാം അഫ്ഗാനിസ്ഥാനില്‍ അനുസരിക്കുന്ന ഒരു ഭരണകൂടം ചൈനയ്ക്ക് അത്യവശ്യമാണ്. ഒരു ജനാധിപത്യ ഭരണകൂടത്തേക്കാള്‍ ഇത്തരം ഘട്ടങ്ങളില്‍ ഭീകരവാദ ആശയത്താല്‍ നയിക്കുന്ന ഏകധിപത്യ ഭരണമായിരിക്കും നല്ലത് എന്നാണ് ചൈന കരുതുന്നത്.

ഇതിനെല്ലാം പുറമേ ഖനന വ്യവസായത്തില്‍ അടക്കം അഫ്ഗാനിസ്ഥാനില്‍ നിക്ഷേപം ഇറക്കിയവരാണ് ചൈന. അതിന്‍റെ സംരക്ഷണവും അവരുടെ പ്രധാന കാര്യമാണ്. തിങ്കളാഴ്ച താലിബാനുമായി ബന്ധം സ്ഥാപിക്കുന്ന കാര്യം പ്രസ്താവിച്ച ചൈനീസ് വക്താവ്, അഫ്ഗാന്‍റെ പുനര്‍നിര്‍മ്മാണത്തിനും, വികസനത്തിനും എല്ലാ സഹായവും നല്‍കും എന്നാണ് അറിയിച്ചത്. ലോകത്തിലെ പല രാജ്യങ്ങളിലും വന്‍കിട പദ്ധതികള്‍ ഏറ്റെടുത്ത് നടത്തി നയതന്ത്ര ബന്ധം പുതിയ രീതിയില്‍ നടത്താനുള്ള ചൈനീസ് 'ഡിപ്ലോമാറ്റ് ട്രിക്ക്' തന്നെ അഫ്ഗാനിലും കാണാമെന്ന് ചുരുക്കം. മാലിദ്വീപ്, ശ്രീലങ്ക, ആഫ്രിക്കന്‍ തീരദേശ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ പിടിമുറുക്കിയത് ചൈന ഈ രീതിയിലാണ്. 

അതേ സമയം തന്നെ പാകിസ്ഥാനുമായി എന്നും തന്ത്രപ്രധാനമായ സൌഹൃദമാണ് ചൈന പുലര്‍ത്തിയിരുന്നത്. അതേ അളവില്‍ കടുത്ത യാഥാസ്ഥിതിക ഇസ്ലാമികക സര്‍ക്കാറുള്ള മേഖലയിലെ മറ്റൊരു രാജ്യത്തോട് ബന്ധം വയ്ക്കുന്നത് ചൈന വലിയ പ്രധാന്യം കല്‍പ്പിക്കുന്നുണ്ട് എന്ന് വേണം കരുതാന്‍. നേരത്തെ തന്നെ ചൈനയുടെ സഹകരണം താലിബാന്‍ തേടിയിരുന്നു എന്നതാണ് സത്യം. 

പക്ഷെ ചൈനയുടെ ബന്ധം ശരിക്കും താലിബാന്‍ ഭീകരര്‍ക്കും അവരെ സംബന്ധിച്ച് വലിയ കാര്യമാണ്. ഒരു തീവ്രവാദ ശക്തി എന്നതിനപ്പുറം ചില ലോക രാജ്യങ്ങളില്‍ അംഗീകാരം നേടാം എന്നാണ് ചൈനീസ് പിന്തുണയിലൂടെ താലിബാന്‍ കരുതുന്നത്. ചൈനയുടെ എംബസി അഫ്ഗാനിസ്ഥാനില്‍ തുടരുന്നത് തന്നെ അവര്‍ക്ക് വലിയ നയതന്ത്ര മുന്‍തൂക്കം നല്‍കും എന്നാണ് അന്താരാഷ്ട്ര നിരീക്ഷകര്‍ പറയുന്നത്. പക്ഷെ മുന്‍പ് താലിബാന് എല്ലാ പിന്തുണയും നല്‍കിയിരുന്ന അമേരിക്കയ്ക്ക് 11/9 ദുരന്തം സമ്മാനിച്ചാണ് താലിബാന്‍ അവരുടെ എതിരാളിയായത്. അത് പോലെ ചൈനയ്ക്ക് അനുഭവം വരുമോ എന്നാണ് ഭാവിയില്‍ കാണേണ്ടത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!