+919717785379 എന്ന ഫോൺ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയിൽ ഐഡിയിലും ഇന്ത്യാക്കാർക്ക് സഹായം ആവശ്യപ്പെടാം

അഫ്ഗാനിസ്ഥാനിൽ അന്താരാഷ്ട്ര മര്യാദയും മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടണമെന്ന് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. അഫ്ഗാൻ മണ്ണ് ഭീകരവാദികളുടെ താവളമാക്കരുതെന്നും താലിബാൻ ഒരു രാജ്യത്തെയും ഭീകരസംഘടനകളെ പിന്തുണയ്ക്കരുതെന്നും ഇന്ത്യയുടെ അധ്യക്ഷതയിൽ ചേർന്ന യുഎൻ രക്ഷാസമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

അതിനിടെ അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ സഹായിക്കാനായി പ്രത്യേക അഫ്ഗാൻ സെല്ല് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം തുറന്നു. പ്രവാസികളുടെ പുനരധിവാസം കൈകാര്യം ചെയ്യുകയാണ് സെല്ലിൻ്റെ ലക്ഷ്യം. +919717785379 എന്ന ഫോൺ നമ്പറിലും MEAHelpdeskIndia@gmail.com എന്ന മെയിൽ ഐഡിയിലും സഹായം ആവശ്യപ്പെടാം.

അതേസമയം അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചു. സ്ത്രീകളും കുട്ടികളും വൻ ഭീതിയിൽ കഴിയുകയാണെന്ന് ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ ഇന്ത്യൻ പ്രതിനിധി ടി എസ് തിരുമൂര്‍ത്തി ചൂണ്ടികാട്ടി. താലിബാനെതിരെ കടുത്ത നിലപാട് സ്വീകരിച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ ഭയത്തോടെ കഴിയുകയാണെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനെ വീണ്ടും ഭീകരപ്രവര്‍ത്തനത്തിന്‍റെ താവളമാക്കി മാറ്റാതിരിക്കാൻ ഇത് അവസരംകൂടി ആക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു.

മനുഷ്യാവകാശം സംരക്ഷിക്കണം എന്ന ശക്തമായ നിലപാടാണ് രക്ഷാസമിതി യോഗത്തിൽ ഉയര്‍ന്നത്. താലിബാൻ ധാരണ ലംഘിച്ചുവെന്ന് അമേരിക്കയും ബ്രിട്ടണും ആരോപിച്ചു. ചൈന മൃതു നിലപാട് സ്വീകരിച്ചു. യോഗത്തിൽ പങ്കെടുക്കാനുള്ള പാക്കിസ്ഥാന്‍റെ ആവശ്യം ഇന്ത്യ തള്ളിയതിലെ അതൃപ്തിയും ചൈന പ്രകടിപ്പിച്ചു. നേരത്തെ ചൈനയും പാകിസ്ഥാനും താലിബാനെ സ്വാഗതം ചെയ്തിരുന്നു.

അതിനിടെ കാബൂളിലെ ഇന്ത്യൻ ഏംബസി അടച്ച് ഉദ്യോഗസ്ഥരെ ഒഴുപ്പിക്കാൻ ഇന്ത്യ നടപടി ഊർജിതമാക്കി. ഇന്ത്യൻ ഏംബസിയിലുള്ള ഇരുനൂറിലധികം പേരെ ഒഴുപ്പിക്കാൻ രണ്ട് വ്യോമസേന വിമാനങ്ങളാണ് കാബൂളിലെത്തിയത്. ഇതിൽ ഒരു വിമാനം ദില്ലിയിൽ തിരിച്ചെത്തി. ഒഴുപ്പിക്കൽ ഇന്നും തുടരും എന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ പറഞ്ഞു.