'ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നില്ല'; എൻജിഒകളിൽ സ്ത്രീകളെ പിരിച്ചുവിടാൻ ഉത്തരവ് നൽകി താലിബാൻ

By Web TeamFirst Published Dec 25, 2022, 10:11 AM IST
Highlights

സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് എൻജിഒകളിൽനിന്നും വിലക്കിയത്.

കാബൂൾ: സ്ത്രീകളെ സർവകലാശാലകളിൽ നിന്ന് വിലക്കിയതിന് പിന്നാലെ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി താലിബാൻ. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻ‌ജി‌ഒകളോടും വനിതാ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ താലിബാൻ ഭരണകൂടം ഉത്തരവിട്ടു. ഇസ്ലാമിക രീതിയിൽ സ്ത്രീകൾ വസ്ത്രം ധരിക്കാത്തതുകൊണ്ടാണ്  സർക്കാരിതര സംഘടനകളിലെ (എൻ‌ജി‌ഒ) വനിതാ ജീവനക്കാരെ ഇനി ഒരു അറിയിപ്പ് വരെ ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുന്നതെന്ന് സാമ്പത്തിക മന്ത്രാലയത്തിന്റെ വക്താവ് അബ്ദുൾറഹ്മാൻ ഹബീബ് പറഞ്ഞു.

സർവകലാശാലകളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവിട്ടതിന് തൊട്ടുപിന്നാലെയാണ് എൻജിഒകളിൽനിന്നും വിലക്കിയത്. താലിബാൻ ഭരണകൂടത്തിന്റെ നടപടിയിൽ പ്രതിഷേധമുയർന്നു. താലിബാന്റെ തീരുമാനം അഫ്​ഗാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദ​ഗ്ധർ വിലയിരുത്തി. ലോകരാഷ്ട്രങ്ങൾക്കിടയിൽ അംഗീകാരം നേടാനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കാനുമുള്ള താലിബാന്റെ ശ്രമങ്ങൾക്ക് പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും. താലിബാന്റെ പുതിയ തീരുമാനം ദശലക്ഷക്കണക്കിന് ആളുകളെ ജീവൻ രക്ഷിക്കുന്നതിന് സഹായകരമാകുന്ന മനുഷ്യാവകാശ പ്രവർത്തനത്തിന് തടസ്സമാകുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ട്വിറ്ററിൽ പറഞ്ഞു.

ലോകമെമ്പാടുമുള്ള മാനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സ്ത്രീകളാണ് പ്രധാന പങ്കുവഹിക്കുന്നത്. ഈ തീരുമാനം അഫ്​ഗാൻ ജനതക്ക് വിനാശകരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ ഭരണകൂടത്തിന്റെ ഉത്തരവ് ലഭിച്ചില്ലെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. സ്ത്രീകളെ പിരിച്ചുവിടുന്നത് അഫ്​ഗാനിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് അഫ്ഗാനിസ്ഥാനിലെ യു.എൻ ഡെപ്യൂട്ടി സ്‌പെഷ്യൽ പ്രതിനിധി റമീസ് അലക്‌ബറോവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു.

താലിബാൻ നേതാക്കളുടെ പെൺമക്കൾ വിദേശത്ത് പഠിക്കുന്നു; അഫ്ഗാന്‍ പെണ്‍കുട്ടികള്‍ക്ക് കോളേജും ഇല്ല, സ്കൂളും ഇല്ല.!

2021-ൽ താലിബാൻ അധികാരമേറ്റതുമുതൽ അഫ്ഗാനിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ പ്രതിസന്ധിയിലായി. ഉപരോധങ്ങളും വികസന സഹായങ്ങളിൽ വെട്ടിക്കുറയ്ക്കലും തുടരുകയാണ്. അഫ്ഗാൻ എയ്ഡിന്റെ കണക്കനുസരിച്ച്, 28 ദശലക്ഷം അഫ്ഗാനികൾക്ക് അടുത്ത വർഷം സഹായം ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു. 

click me!