രാഹുലിൻ്റെ 'കൊല്ലാനെത്ര സെക്കൻഡ‍്' ഭീഷണി, രാജിയിൽ 'നോ കോംപ്രമൈസ്' നിലപാടിൽ സതീശൻ; മെസി വരൂട്ടാ, ധർമ്മസ്ഥലയിൽ ട്വിസ്റ്റ്, ഇന്നത്തെ വാർത്തകൾ

Published : Aug 23, 2025, 09:02 PM IST
rahul mankoottathil

Synopsis

പ്രതിപക്ഷ നേതാവും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്, ഇന്നത്തെ പ്രധാനവാർത്തകൾ ഒറ്റനോട്ടത്തിൽ

1 രാജി ആവശ്യത്തിൽ സതീശനടക്കമുള്ളവർ 'നോ കോംപ്രമൈസ്' നിലപാടിൽ, രാജി വെക്കില്ലെന്ന് രാഹുൽ, സംരക്ഷണവുമായി ഷാഫി; ഇനിയെന്ത്?

സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ എം എൽ എ സ്ഥാനത്തിലും രാജി ആവശ്യം ശക്തമാകുമ്പോൾ കോൺഗ്രസിൽ പ്രശ്നം രൂക്ഷമാകുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റു ചില നേതാക്കളും രാഹുലിന്‍റെ രാജി വേണമെന്ന കടുത്ത നിലപാട് എടുക്കുമ്പോഴും എം എൽ എ സ്ഥാനം രാജിവയ്ക്കില്ലെന്ന് ഉറച്ച നിലപാടാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവയ്ക്കുന്നത്. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചതിലൂടെ ധാർമ്മികമായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം ചെയ്തെന്ന് പറഞ്ഞ് രാഹുലിന് ഷാഫി പറമ്പിൽ എം പി സംരക്ഷണം തീർക്കുകയും ചെയ്തു. രാജി എന്തിനെന്ന ചോദ്യമാണ് കേരളത്തിന്‍റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയും ഉയർത്തുന്നത്. ഇതോടെ കോൺഗ്രസിൽ ഇനിയെന്ത് എന്ന ചോദ്യമാണ് ഉയരുന്നത്.

2 'കൊല്ലാനെത്ര സെക്കൻഡ് വേണം', ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ ഭീഷണിപ്പെടുത്തുന്ന രാഹുല്‍, ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങൾ പുറത്ത്

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് എതിരെ ഉയർന്ന ആരോപണങ്ങളിൽ ഏറ്റവും ഗൗരവതരം യുവതിയെ ഗർഭചിദ്രത്തിന് പ്രേരിപ്പിക്കുന്ന ഫോണ്‍ ശബ്ദരേഖയാണ്. അതിലെ ആദ്യ ഭാഗം വ്യാഴാഴ്ച പുറത്തുവന്നത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദത്തിൽ നിന്നുള്ള രാജിയ്ക്ക് ആക്കം കൂട്ടി. ഇന്ന് യുവതിയെ ഗർഭഛിദ്രം നടത്താൻ രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിക്കുന്ന സംഭാഷണത്തിന്റെ കൂടുതൽ ഭാഗം പുറത്തു വന്നു. കുഞ്ഞുണ്ടായാൽ തന്റെ ജീവിതം തകരുമെന്നാണ് രാഹുൽ യുവതിയോട് പറയുന്നത്. ഗർഭഛിദ്രം നടത്താൻ സമ്മതിക്കാതെ വന്നപ്പോൾ യുവതിയോട് രാഹുൽ അസഭ്യം പറയുന്നുമുണ്ട്. നേരിട്ട് കാണണം എന്ന് രാഹുൽ പറയുമ്പോൾ കൊല്ലാനാണോ എന്നാണ് യുവതി ചോദിക്കുന്നത്. കൊല്ലാനാണെങ്കിൽ അതിന് എത്ര സെക്കൻഡ് വേണം എന്ന് രാഹുൽ എന്ന പൊതുപ്രവർത്തകൻ പറയുന്നതും ഞെട്ടിക്കുന്നതാണ്. ആദ്യ ദിവസം പുറത്ത് വന്ന സംഭാഷണത്തിലുള്ള അതേ യുവതിയുടെ കൂടുതൽ ഓഡിയോയാണ് ഇപ്പോൾ പുറത്ത് വന്നത്.

3 യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പൊരിഞ്ഞ പോര്

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ യൂത്ത് കോൺഗ്രസിൽ പൊരിഞ്ഞ പോര്. അധ്യക്ഷ പദവിയ്ക്കായി രണ്ടും കൽപ്പിച്ച് നീക്കങ്ങൾ ശക്തമാക്കുകയാണ് അബിൻ വർക്കി. നിലവിലെ ഭാരവാഹികൾ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാൽ രാജി വെക്കുമെന്ന് അബിൻ വർക്കി അടക്കം 40 ഭാരവാഹികൾ നേതൃത്വത്തെ അറിയിച്ചു. സ്വാഭാവിക നീതി നിഷേധിക്കരുതെന്നാണ് ഭാരവാഹികൾ ദേശീയ നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെ ചതിച്ചത് താൻ ആണെന്ന തരത്തിൽ നടന്ന 'ബാഹുബലി' പ്രചാരണം തന്നെ വെട്ടാൻ ആണെന്നും അബിൻ വർക്കി വിശദീകരിക്കുന്നു. എ ഗ്രൂപ്പും ഐ ഗ്രൂപ്പും അധ്യക്ഷ പദത്തിനായി മുണ്ടുമുറുക്കുമ്പോൾ പിടി മുറുക്കാൻ കെ സി പക്ഷവും ഉണ്ടെന്നതാണ് മറ്റൊരു കാര്യം.

4 കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി; 'എല്ലാ കുൽസിത മാർഗങ്ങളും സ്വീകരിക്കും'

കേരളത്തിൽ ഭരണം പിടിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനത്തെ കരുതിയിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്താൻ ബിജെപി എല്ലാകുൽസിത മാർഗങ്ങളും സ്വീകരിക്കുമെന്നും അവർക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ടും നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരവും എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. ബിജെപി അധികാരത്തിൽ ഉള്ളിടത്തെല്ലാം ന്യൂനപക്ഷ വേട്ട നടക്കുകയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങൾക്ക് ആശങ്കയില്ലാതെ ജീവിക്കാൻ കഴിയുന്ന നാടാണ് കേരളം. ബിജെപി ആഗ്രഹിക്കുന്ന മാറ്റംവന്നാൽ ആ നാളുകൾ നഷ്ടമാകും. ബിജെപിക്ക് ചെയ്യുന്ന ഓരോ വോട്ടും കേരളത്തനിമ നശിപ്പിക്കുമെന്നും മുഖ്യമന്ത്രി കൊച്ചിയിൽ പറഞ്ഞു.

5 ധര്‍മ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്; വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ, 'ആരോപണങ്ങള്‍ വ്യാജം'

രാ‍ജ്യത്തെ ഞെട്ടിച്ച ധർമസ്ഥല വെളിപ്പെടുത്തൽ വ്യാജമെന്ന് പ്രത്യേക അന്വേഷണ സംഘം. ബലാത്സംഗം ചെയ്തുകൊന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെ നൂറിലേറെ മൃതദേഹം കുഴിച്ചിട്ടെന്ന് വെളിപ്പെടുത്തിയ മുൻ ശുചീകരണ തൊഴിലാളിയെ അറസ്റ്റ് ചെയ്തു. സി.എൻ.ചിന്നയ്യ എന്നയാളാണ് ധർമസ്ഥലയിലെ അജ്ഞാതനായ പരാതിക്കാരൻ. ഇയാളെ കോടതിയിൽ ഹാജരാക്കി. ഇയാളെ 10 ദിവസത്തേക്ക് എസ് ഐ ടി കസ്റ്റഡിയിൽ വിട്ടു. ശുചീകരണ തൊഴിലാളി അറസ്റ്റിൽ ആയപ്പോൾ ഈ കേട്ടതെല്ലാം കെട്ടുകഥയാണോ എന്നതാണ് ഉയരുന്ന ചോദ്യം.

6 മെസി വരൂട്ടാ...; അർജന്റീന ടീം കേരളത്തിലെത്തും, നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

അർജന്റീന ഫുട്ബോൾ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പായി. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബ‌ർ 10 നും 18 നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം കേരളത്തിൽ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുക. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്.

7 അനധികൃത സ്വത്ത് സമ്പാദനം; കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര അറസ്റ്റില്‍

കർണാടകയിലെ കോൺഗ്രസ് എംഎല്‍എ കെസി വീരേന്ദ്ര ഇഡിയുടെ അറസ്റ്റിൽ. അഴിമതി നിരോധന നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിക്കിമില്‍ വെച്ചായിരുന്നു അറസ്റ്റ്. വീരേന്ദ്രയെ സിക്കിം കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലെത്തിക്കും എന്നാണ് വിവരം. ഇദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ഇഡി കണ്ടെത്തിയത് അനധികൃതമായ 12 കോടി രൂപയാണ്.

8 ട്രംപിൻ്റെ ഏറ്റവും വിശ്വസ്‌തനായ സുഹൃത്ത്; സെർജിയോ ഗോർ ഇന്ത്യയിലെ പുതിയ അംബാസഡറാകും

ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി സെർജിയോ ഗോറിനെ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തു. അധിക തീരുവ പ്രശ്നത്തിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഉലഞ്ഞതിന് പിന്നാലെയാണ് ട്രംപിന്‍റെ വിശ്വസ്തൻ ഗോർ അംബാസഡറായെത്തുന്നത്. ദക്ഷിണ - മധ്യേഷ്യൻ രാജ്യങ്ങളുടെ പ്രത്യേക ചുമതലയുണ്ടാകും ഇദ്ദേഹത്തിന്. ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള മേഖലയിൽ അമേരിക്കൻ അജണ്ട നടപ്പിലാക്കാൻ തനിക്ക് ഏറ്റവും വിശ്വാസമുള്ള ഒരാളെ തന്നെ അംബാസഡറായി നിയമിക്കേണ്ടത് അത്യാവശ്യമായിരുന്നു എന്നാണ് ട്രംപിന്‍റെ പ്രതികരണം. ട്രംപ് നാമനിർദേശം ചെയ്തെങ്കിലും യു എസ് കോൺഗ്രസ് കൂടി ഗോറിന്‍റെ നിയമനം അംഗീകരിക്കേണ്ടതുണ്ട്.

PREV
Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
മ്യൂട്ടേഷൻ ബാധിച്ച ജീനുകൾ അടങ്ങിയ ബീജം, 197 കുട്ടികൾ ജനിച്ചത് കാൻസർ ബാധിതരായി