യുവതിയുമായുള്ള രാഹുലിന്‍റെ ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങൾ പുറത്ത്
തിരുവനന്തപുരം: യുവതിയുമായുള്ള രാഹുലിന്‍റെ ഫോണ്‍ സംഭാഷണത്തിന്‍റെ കൂടുതല്‍ ഭാഗങ്ങൾ പുറത്ത്. ഗര്‍ഭഛിദ്രം നടത്താന്‍ യുവതിയെ രാഹുല്‍ നിര്‍ബന്ധിക്കുന്ന സംഭാഷണ ഭാഗമാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിന്‍റെ തുടര്‍ച്ചയായാണ് ഇപ്പോൾ കൂടുതല്‍ ഭാഗങ്ങൾ പുറത്തുവന്നിട്ടുള്ളത്. ഗര്‍ഭഛിദ്രത്തെ എതിത്ത് സംസാരിക്കുന്ന യുവതിയോട് രാഹുല്‍ വളരെ മോശമായി സംസാരിക്കുന്നതും അസഭ്യം പറയുകയും ചെയ്യുന്നത് പുറത്തുവന്ന ഫോണ്‍ സംഭാഷണത്തിലുണ്ട്. യുവതിയെ കാണണം എന്ന് ഫോണ്‍ കോളില്‍ രാഹുല്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എന്തിനാണ് കാണുന്നത് കൊല്ലാനാണോ എന്ന് യുവതി തിരിച്ച് ചോദിച്ചു. കൊല്ലാനാണെങ്കില്‍ സെക്കന്‍റുകൾ മതി എന്നാണ് രാഹുല്‍ യുവതിയോട് പറയുന്നത്.
നിലവില്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് ഉയരുന്നത്. എന്നാല്‍ എംഎൽഎ സ്ഥാനം രാജിവെയ്ക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ മാങ്കൂട്ടത്തില്‍ പറയുന്നത്.
