സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ലെന്ന് കെസി വേണുഗോപാൽ. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് ആ പരിപാടി സംഘടിപ്പിച്ചത്. വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ

കോട്ടയം: മോഹൻലാൽ കേരളത്തിൻ്റെ പൊതു സ്വത്താണെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. ദേശീയ പുരസ്കാരം കിട്ടിയതിൽ കേരള ജനത ഒട്ടാകെ സന്തോഷിക്കുന്നുണ്ട്. സർക്കാർ ഇത്തരം കാര്യങ്ങളെ അഭിനന്ദിക്കുന്നത് നല്ലതുതന്നെയാണ്, സംശയം ഒന്നുമില്ല. രാഷ്ട്രീയ ലക്ഷ്യത്തോടുകൂടി ചെയ്യുന്നു എന്ന് തോന്നിക്കുന്ന രീതിയിൽ ആണ് ആ പരിപാടി സംഘടിപ്പിച്ചത്. മോഹൻലാലിന്റെ ചടങ്ങ് ആയതിനാൽ ഞങ്ങൾ അത് വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി.

മോഹൻലാൽ എല്ലാവരും സ്നേഹിക്കുന്ന മഹാനടനാണ്. സംഘാടകരാണ് തീരുമാനിക്കേണ്ടത് മോഹൻലാലിനെ സംഘടിത താല്പര്യത്തിന് വേണ്ടി ഉപയോഗിക്കണോ വേണ്ടയോ എന്നുള്ളത്. അത് സംഘാടകരുടെ കുഴപ്പമാണ്. മോഹൻലാലിന് സംസ്ഥാന സർക്കാർ അവാർഡ് കൊടുക്കുമ്പോൾ ഇത്തരം വിവാദങ്ങൾ ഒഴിവാക്കാൻ ആയിരുന്നു അവർ ശ്രമിക്കേണ്ടത്. ‌അത് കേരളത്തിൻറെ ആദരവാക്കി മാറ്റപ്പെട്ട വണ്ണം പ്രൗഢി കൊടുക്കേണ്ടത് സംഘാടകരുടെ താല്പര്യമല്ലേ. അവരുടെ ഹൃദയ വിശാലതയല്ലേ കാണിക്കേണ്ടത്. അവരെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള ഒരു ഒരു പി ആർ ആക്കിയിരിക്കുകയാണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

ഹൈക്കോടതി പറഞ്ഞത് പൊതു ഖജനാവിൽ നിന്നും പണമെടുക്കാതെ അയ്യപ്പ സംഗമം നടത്താനാണ്. എന്നാൽ ബോർഡ്‌ എട്ടരക്കോടി ചെലവാക്കിയാണ് പരിപാടി നടത്തിയത്. അത് ഏൽപ്പിച്ചിരിക്കുന്നത് ഊരാളുങ്കൽ സൊസൈറ്റിയെയും. ഈ രാജ്യത്ത് എല്ലാം ഊരാളുങ്കൽ ആണോ.

ഹൈക്കോടതി വിധിക്കെതിരായ തീരുമാനമാണ്. ഓരോ ദിവസവും ഇവർ ചെയ്തുകൊണ്ടിരിക്കുന്നത് ശബരിമല പോലെ പുണ്യ തീർത്ഥാടന കേന്ദ്രത്തെ വിവാദ ഭൂമിയാക്കി മാറ്റാൻ ആണ്. അത് കേരള സമൂഹം അംഗീകരിക്കില്ലെന്നും കെസി പറഞ്ഞു.