അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകേണ്ടി വന്നാൽ ഡോസേജിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പ് വിൽക്കരുതെന്ന് ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ. 2 വയസിൽ താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുത് നിർദേശിച്ച് മെഡിക്കൽ സ്റ്റോറുകൾക്ക് സർക്കുലർ നൽകി. മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് കഫ് സിറപ്പിന്റെ 170 ബോട്ടിലുകൾ കേരളത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ജാഗ്രത കടുപ്പിക്കുകയാണ് കേരളവും. കേന്ദ്ര നിർദേശത്തിന് പിന്നാലെയാണ് മരുന്ന് വ്യാപാരികൾക്കും ഫാർമിസിസ്റ്റുകൾക്കും ഡ്രഗ് കൺട്രോളർ സർക്കുലർ നൽകിയത്.
2 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കായോ ജലദോഷത്തിനായോ കഫ് സിറപ്പുകൾ നൽകരുത്. ഒന്നിലധികം മരുന്ന് ചേരുവകൾ ചേർത്തിട്ടുള്ള സംയുക്ത ഫോർമുലേഷനുകൾ ഒഴിവാക്കണം. ഇത്തരം മരുന്ന് കുറിപ്പടികൾ വന്നാൽ മരുന്ന് നൽകേണ്ടതില്ലെന്നും നിർദ്ദേശം ഉണ്ട്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ നൽകേണ്ടി വന്നാൽ ഡോസേജിലും കാലയളവിലും കൃത്യമായ നിർദ്ദേശം നൽകണം. അംഗീകൃത നിർമാതാക്കളുടെ മരുന്ന് മാത്രമേ വിൽക്കാവൂ. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ ഇത്തരം മരുന്നുകൾ വിറ്റാൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ് ഉണ്ട്.
സംസ്ഥാനവ്യാപകമായി മെഡിക്കൽ സ്റ്റോറുകളിൽ നടത്തിയ പരിശോധനയിൽ മധ്യപ്രദേശിൽ കുട്ടികൾ മരിച്ചെന്ന പരാതിക്കിടയാക്കിയ കോൾഡ്രിഫ് കഫ്സിറപ്പിന്റെ 170 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. 52 സാമ്പിളുകൾ സംസ്ഥാന ഡഗ് കൺട്രോളർ വകുപ്പ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, ഡ്രഗ് ടസ്റ്റിംഗ്
ലബോറട്ടറികളിലാണ് പരിശോധന അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്. അപകടമുണ്ടാക്കിയതായി കരുതുന്ന SR 13 എന്ന ബാച്ച് കേരളത്തിൽ വില്പനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് നിഗമനം. സംസ്ഥാനത്ത് ഈ ബ്രാൻഡിന്റെ വിൽപ്പന തന്നെ ഡ്രഗ് കൺട്രോളർ നിരോധിച്ചിട്ടുണ്ട്. ഈ കഫ് സിറപ്പിന്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും. കേരളത്തിന് പുറത്ത് നിന്നെത്തിക്കുന്ന മറ്റ് ബ്രാൻഡുകളുടെ സാമ്പിളുകളും ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട് ഇതിന് പുറമേ കേരളത്തിൽ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.

