
ലോസ് ഏഞ്ചൽസ്: ടെസ്ല കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു. ട്രക്കിലുണ്ടായിരുന്ന എട്ട് കാറുകളിൽ ആറെണ്ണവും കത്തി നശിച്ചു. അമേരിക്കയിലെ ലോസ് ഏഞ്ചൽസിലാണ് സംഭവം. ലോസ് ഏഞ്ചൽസ് അഗ്നിരക്ഷാ വിഭാഗം സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കറുത്ത പുകയ്ക്കൊപ്പം തീ ആളിപ്പടരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തി. സംഭവത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ല.
ട്രക്കിൽ മുൻപിലായുണ്ടായിരുന്ന കാറുകളാണ് പൂർണമായും കത്തിനശിച്ചത്. ഏറ്റവും പിന്നിലുണ്ടായിരുന്ന രണ്ട് കാറുകളെ തീ വിഴുങ്ങിയിട്ടില്ല. തീപിടിത്തമുണ്ടായതോടെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. ഗതാഗത കുരുക്ക് കാരണം ലോസ് ഏഞ്ചൽസ് നഗരത്തിലെയും കൗണ്ടി ഫയർ ഡിപ്പാർട്ട്മെന്‍റുകളിലെയും അഗ്നിശമന സേനയുടെ വരവ് വൈകിയെന്ന് എൽഎഎഫ്ഡി വക്താവ് ലിൻഡ്സെ ലാൻസ് പറഞ്ഞു. പൊലീസും അഗ്നിശമന സേനയും ഏറേനേരം ശ്രമിച്ചാണ് തീ അണച്ചത്. അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഗതാഗതം പുനരാരംഭിച്ചു.
ടെസ്ല വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള ലിഥിയം - അയൺ ബാറ്ററികളാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് ആദ്യം വന്ന റിപ്പോർട്ട്. എന്നാൽ ടെസ്ല ഇത് നിഷേധിച്ചു. "ഭാഗ്യവശാൽ, ഡ്രൈവർ സുരക്ഷിതനാണ്. നിർഭാഗ്യവശാൽ ടെസ്ല കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഉപഭോക്താക്കൾക്ക് എത്രയും പെട്ടെന്ന് പുതിയ വാഹനങ്ങൾ നൽകാൻ ശ്രമിക്കും"- എന്നാണ് വിതരണ ചുമതല വഹിക്കുന്ന റോഷൻ തോമസ് വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam