ഇനി സമയം 20 ദിവസം മാത്രം! ട്രംപ് പ്രഖ്യാപിച്ചത് 30% പകര തീരുവ, അന്യായവും വിനാശകരവുമെന്ന് മെക്സിക്കോയും യുറോപ്യൻ യൂണിയനും

Published : Jul 12, 2025, 10:56 PM IST
US President Donald Trump (File Photo/Reuters)

Synopsis

യൂറോപ്യൻ യൂണിയനും മെക്സിക്കോയ്ക്കുമെതിരെ 30% പകര തീരുവ പ്രഖ്യാപിച്ച് ഡോണൾഡ് ട്രംപ്. ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ട്രംപ്. 20 ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ ഓഗസ്റ്റ് 1 മുതൽ തീരുവ നിലവിൽ വരും

വാഷിംഗ്ടൺ: പകര തീരുവ യുദ്ധത്തിൽ പുതിയ പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കുമെതിരെ 30 ശതമാനം തീരുവയാണ് യു എസ് പ്രസിഡന്‍റ് പ്രഖ്യാപിച്ചത്. ചർച്ചകൾ പരാജയപ്പെട്ടതുകൊണ്ടാണ് പകര തീരുവ പ്രഖ്യാപിക്കുന്നതെന്നും ഓഗസ്റ്റ് 1 ന് ഇത് നടപ്പിലാകുമെന്നും ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിൽ വ്യക്തമാക്കി. ഇനി ചർച്ചകൾക്ക് 20 ദിവസമുണ്ടെന്നും അതിനകം കരാറുകളിൽ ഏർപ്പെട്ടാൽ യൂറോപ്യൻ യൂണിയനും മെക്സിക്കോക്കും അത് ഗുണം ചെയ്യുമെന്നുമാണ് ട്രംപിന്‍റെ പക്ഷം. ട്രംപിന്‍റെ പുതിയ തീരുവ പ്രഖ്യാപനം അന്യായവും വിനാശകരവുമെന്നാണ് മെക്സിക്കോയും യുറോപ്യൻ യൂണിയനും വിശേഷിപ്പിച്ചത്. ഇതിനൊപ്പം തന്നെ അമേരിക്കയുമായുള്ള തുടർ ചർച്ചകൾക്ക് തയ്യാറാണെന്നും മെക്സിക്കോയും യുറോപ്യൻ യൂണിയനും വ്യക്തമാക്കിയിട്ടുണ്ട്.

വിശദ വിവരങ്ങൾ ഇങ്ങനെ

2025 ഓഗസ്റ്റ് 1 മുതൽ യൂറോപ്യൻ യൂണിയനിൽ നിന്നും മെക്സിക്കോയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 30% തീരുവ ഏർപ്പെടുത്തുമെന്നാണ് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കത്തുകളിലാണ് ഈ പ്രഖ്യാപനം. യു എസിന്റെ പ്രധാന വ്യാപാര പങ്കാളികളുമായുള്ള ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ നടപടിയെന്നും അദ്ദേഹം വിവരിച്ചു. എന്നാൽ ആഗോള വ്യാപാര യുദ്ധം കടുപ്പിക്കുന്നതാണ് ട്രംപിന്‍റെ പ്രഖ്യാപനമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയനും മെക്സിക്കോയും ഈ തീരുവയെ അന്യായവും വിനാശകരവുമെന്നാണ് വിശേഷിപ്പിച്ചത്. ഈ തീരുവ പ്രഖ്യാപനം യു എസ് - യൂറോപ്പ്, യു എസ് - മെക്സിക്കോ വ്യാപാര ബന്ധങ്ങളെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ട്രംപിന്റെ നയം, വിപണികളിൽ അനിശ്ചിതത്വം വർദ്ധിപ്പിക്കുകയും യൂറോ, മെക്സിക്കൻ പെസോ തുടങ്ങിയ കറൻസികളിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുമെന്നും വിലയിരുത്തലുകളുണ്ട്. 30% തീരുവ ട്രാൻസ് അറ്റ്‌ലാന്റിക് വിതരണ ശൃംഖലകളെ തകർക്കുമെന്നും ഇത് ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും ദോഷം ചെയ്യുമെന്നും യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയെൻ പറഞ്ഞു.

ട്രംപിന്റെ ഈ നീക്കം 2025 ഏപ്രിലിൽ ആരംഭിച്ച വ്യാപാര യുദ്ധത്തിന്റെ തുടർച്ചയാണ്. അന്ന് ട്രംപ്, 90 ദിവസത്തെ ഇടവേളയിൽ നിരവധി രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, ബ്രിട്ടൻ, ചൈന, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി മാത്രമാണ് കരാറുകൾ ഉണ്ടായത്. യൂറോപ്യൻ യൂണിയൻ 27 രാജ്യങ്ങൾക്കായി ഒരു സമഗ്ര വ്യാപാര കരാർ പ്രതീക്ഷിച്ചിരുന്നെങ്കിലും, ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം ഈ പ്രതീക്ഷകൾക്ക് മേൽ മങ്ങലേൽപ്പിക്കുകയാണ്. ഓഗസ്റ്റ് 1 വരെ ചർച്ചകൾക്ക് സമയമുണ്ടെങ്കിലും, ഈ തീരുവ നടപ്പാക്കിയാൽ ആഗോള സമ്പദ്‌വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ചർച്ചകൾ തുടരുമെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കിയതിൽ പ്രതീക്ഷ വയ്ക്കുന്നവരും കുറവല്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആണവ ദുരന്തത്തെത്തുടർന്ന് അടച്ച ലോകത്തെ ഏറ്റവും വലിയ ആണവ നിലയം വീണ്ടും പ്രവർത്തനമാരംഭിക്കുന്നു; നിർണായക നീക്കവുമായി ജപ്പാൻ, പ്രതിഷേധം
യുദ്ധക്കൊതിയന്മാർ പലതും പറഞ്ഞു പരത്തുകയാണെന്ന് തുൾസി ഗബ്ബാർഡ്; 'റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനാവില്ല'