
വാഷിംങ്ടണ്‍: ഇറാനിയന്‍ സൈനിക ജനറല്‍ കസ്സിം സൊലേമാനിയെ കൊലപ്പെടുത്തിയ അമേരിക്കന്‍ ഓപ്പറേഷന്‍റെ ഒരോ മിനുട്ടിലെ പ്രവര്‍ത്തനവും എണ്ണിപ്പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാല്‍ഡ് ട്രംപ്. ദക്ഷിണ ഫ്ലോറിഡയിലെ എസ്റ്റേറ്റില്‍ റിപ്ലബ്ലിക്കന്‍ പാര്‍ട്ടിക്കായി ഫണ്ട് സംഭാവന ചെയ്യുന്നവര്‍ക്കായി നടത്തിയ അത്താഴ വിരുന്നിലാണ് ട്രംപിന്‍റെ വിവരണം. ട്രംപിന്‍റെ വിവരണത്തിന്‍റെ ശബ്ദരേഖ സിഎന്‍എന്‍ ടെലിവിഷന് ലഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ അത്താഴ വിരുന്ന് നടന്നത്.
മാര്‍ എ ലാഗോ എന്ന എസ്റ്റേറ്റിലെ ബംഗ്ലാവിലെ ബോള്‍ റൂമിലാണ് അത്താഴ വിരുന്ന് നടന്നത്. നമ്മുടെ രാജ്യത്തിന് മോശമായ കാര്യമായതിനാലാണ് സൊലേമാനിയെ കൊലപ്പെടുത്തുന്ന ഓപ്പറേഷന് ഉത്തരവിട്ടത് എന്നാണ് സംഭാഷണത്തില്‍ ട്രംപ് പറയുന്നത്. അമേരിക്കയെ അക്രമിക്കാൻ പോകുകയാണെന്ന് സൊലേമാനി പറഞ്ഞിരുന്നത്. നമ്മുടെ ജനങ്ങളെ വധിക്കുമെന്നു ഭീഷണിപ്പെടുത്തി. നോക്കൂ, എത്രയാണ് ഇങ്ങനെ കേള്‍ക്കുക, അതാണ് ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.
തുടര്‍ന്ന് സൈനിക ഓപ്പറേഷനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. സൈനിക ഉദ്യോഗസ്ഥർ തല്‍സമയം സൊലേമാനിക്കെതിരായ നീക്കങ്ങള്‍ അറിയിക്കുന്നുണ്ടായിരുന്നു. അവർക്ക് രണ്ട് മിനിറ്റും 11 സെക്കന്റും ബാക്കിയുണ്ടെന്ന് സൈനിക സന്ദേശം കിട്ടി. സുരക്ഷയുള്ള കാറിലാണു യാത്ര ചെയ്യുന്നത് എന്ന് എന്നെ അറിയിച്ചു. പിന്നെ ഒരു മിനിറ്റ് ബാക്കിയെന്ന് പറഞ്ഞു, 30 സെക്കന്‍റ്, പത്ത്, ഒമ്പത്, എട്ട്....എന്നിങ്ങനെ എണ്ണിതുടങ്ങി. പെട്ടെന്ന് 'ബും' എന്ന് മുഴക്കം. അവസാന സന്ദേശം എത്തി സർ, അവർ മരിച്ചു
യുഎസ് ആക്രമണം ലോകത്തെ പിടിച്ചുകുലുക്കിയെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. പക്ഷെ സൊലേമാനിക്കെതിരായ നീക്കം അത്യവശ്യമായിരുന്നു. ആയിരക്കണത്തിന് യുഎസ് പൗരന്മാരുടെ ജീവൻ നഷ്ടമാകാൻ കാരണം ഇയാളാണെന്ന് ട്രംപ് പ്രതികരിച്ചു.
ഇതേ അത്താഴ വിരുന്നില്‍ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ വധിച്ച ഓപ്പറേഷന്‍ സംബന്ധിച്ചും ട്രംപ് അഭിപ്രായ പ്രകടനം നടത്തി. യുഎസ് സൈന്യം അടുത്ത് എത്തിയപ്പോള്‍ അയാള്‍ കരയുകയായിരുന്നു എന്ന് പറഞ്ഞു. അതേ സമയം ബാഗ്ദാദിയെ പിടിക്കാനുള്ള ദൗത്യത്തില്‍ പങ്കെടുത്ത ബെല്‍ജിയന്‍ മലിനോയ്സ് വിഭാഗത്തിലെ പട്ടിയെക്കുറിച്ച് സൂചിപ്പിച്ച ട്രംപ്, ബാഗ്ദാദിയെ കൊലപ്പെടുത്തുന്ന ദൗത്യത്തില്‍ എന്നെക്കാള്‍ നന്നായി അവര്‍ പങ്കെടുത്തുവെന്നും സൂചിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam