
വാഷിംഗ്ടണ്‍: ഖത്തര്‍ ഭരണകൂടം സമ്മാനമായി നല്‍കിയ അത്യാധുനിക ആഡംബര ബോയിംഗ് വിമാനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ കന്നി യാത്ര നടത്തി. അമേരിക്കയുടെ പുതിയ ഔദ്യോഗിക പ്രസിഡന്‍ഷ്യല്‍ വിമാനമായ 'എയര്‍ ഫോഴ്‌സ് വണ്‍' ആദ്യ യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ വിമാനത്തിന്റെ വിദേശ നിര്‍മാതാക്കളെയും ഖത്തറിനെയും ട്രംപ് വാനോളം പുകഴ്ത്തി. 'ഇതുപോലൊരു വിമാനം നിര്‍മിക്കാന്‍ അമേരിക്കയ്ക്ക് കഴിയില്ല' എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന.
അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി നോര്‍ത്ത് ഡക്കോട്ടയിലേക്ക് പോകുന്നതിനാണ് ട്രംപ് ഈ പുതിയ വിമാനം ആദ്യമായി ഉപയോഗിച്ചത്. 400 മില്യണ്‍ ഡോളര്‍ (ഏകദേശം 3300 കോടിയിലധികം രൂപ) വിലമതിക്കുന്നതാണ് ഖത്തര്‍ അമീര്‍ യുഎസിന് നിബന്ധനകളില്ലാതെ സമ്മാനിച്ച ഈ ബോയിംഗ് 747-8 വിമാനം.
'അവര്‍ ഇതിന്റെ പണി പൂര്‍ത്തിയാക്കിയതേയുള്ളൂ. സുരക്ഷാ ക്രമീകരണങ്ങളും അത്യാധുനിക സൗകര്യങ്ങളും ഒരുക്കി ഒരു പ്രസിഡന്റിന് യാത്ര ചെയ്യാന്‍ അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തത്. വളരെ സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയാണ് ഇതിലുള്ളത്, എന്നാല്‍ ഇത് ശരിക്കും അതിശയകരമാണ്.' ട്രംപ് പറഞ്ഞു.
വിമാനത്തിനായി വലിയ തുക മുടക്കാന്‍ യുഎസ് തയ്യാറാകാത്തതിനാലാണ് ഇത്തരമൊന്ന് നിര്‍മിക്കാന്‍ കഴിയാത്തതെന്നും, ഖത്തര്‍ ഇതിനായി നന്നായി പണം ചിലവഴിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി ട്രംപ് ഉപയോഗിക്കുന്ന സ്വകാര്യ ജെറ്റിന് സമാനമായി വെള്ള, ചുവപ്പ്, നേവി ബ്ലൂ നിറങ്ങളിലാണ് ഈ പുതിയ വിമാനവും രൂപകല്‍പ്പന ചെയ്തത്. ലെതര്‍ സീറ്റുകള്‍, സ്വര്‍ണ്ണത്തില്‍ തീര്‍ത്ത ലൈറ്റുകള്‍, പ്രസിഡന്‍ഷ്യല്‍ ലോഗോ പതിപ്പിച്ച സീറ്റ് ബെല്‍റ്റുകള്‍ എന്നിവയടക്കം ലോകത്തിലെ ഏറ്റവും ആഡംബരമേറിയ വിമാനമാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു.
അതേസമയം, ഒരു വിദേശ രാജ്യത്തുനിന്ന് ഇത്രയും വലിയൊരു ആഡംബര സമ്മാനം യുഎസ് പ്രസിഡന്റ് സ്വീകരിച്ചത് നിയമപരവും ധാര്‍മ്മികവുമായി തെറ്റാണെന്ന് വിമര്‍ശനമുണ്ട്. 1990 മുതല്‍ യുഎസ് പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന പഴയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനത്തിന് പകരമായാണ് താല്‍ക്കാലികമായി ഈ വിമാനം ഉപയോഗിക്കുന്നത്. അമേരിക്ക സ്വന്തമായി നിര്‍മിക്കുന്ന പുതിയ എയര്‍ ഫോഴ്‌സ് വണ്‍ വിമാനങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ട് വര്‍ഷത്തോളം സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam