ട്രംപിന്‍റെ അന്ത്യശാസനം! ചൈന, റഷ്യ, ക്യൂബ, ഇറാൻ, ക്യൂബ; 4 രാജ്യങ്ങളുമായുള്ള ബന്ധം വെനസ്വേല അവസാനിപ്പിക്കണം; എണ്ണ തന്നെ പ്രധാന കാരണം!

Published : Jan 07, 2026, 05:13 PM IST
trump sign

Synopsis

വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് മുന്നിൽ കർശന നിബന്ധനകളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ച് എണ്ണ ഉത്പാദനത്തിലും വിതരണത്തിലും അമേരിക്കയുമായി മാത്രം സഹകരിക്കണം

വാഷിംഗ്ടൺ: നിക്കോളാസ് മഡൂറയെ ബന്ദിയാക്കിയ ശേഷമുള്ള വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള എല്ലാ സാമ്പത്തിക - രാഷ്ട്രീയ ബന്ധങ്ങളും അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ 4 രാജ്യങ്ങളെ എല്ലാ തരത്തിലും വെനസ്വേലയിൽ നിന്ന് പുറത്താക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഈ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിക്കാത്ത പക്ഷം വെനസ്വേല ഇനിയും വലിയ തിരിച്ചടികൾ നേരിടേണ്ടിവരുമെന്നും യു എസ് പ്രസിഡന്‍റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചൈന, റഷ്യ, ഇറാൻ, ക്യൂബ രാജ്യങ്ങളുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ മാത്രമേ വെനസ്വേലയെ എണ്ണ ഉത്പാദനം തുടരാൻ അനുവദിക്കൂ എന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

എണ്ണ തന്നെ പ്രധാന ലക്ഷ്യം

എണ്ണ ഉത്പാദനത്തിലും വിതരണത്തിലും വെനസ്വേല അമേരിക്കയുമായി മാത്രം സഹകരിക്കണമെന്ന നിബന്ധനയും വെനസ്വേലൻ ഇടക്കാല പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസിന് ട്രംപ് നൽകിയിട്ടുണ്ട്. അസംസ്കൃത എണ്ണ വിൽക്കുമ്പോൾ അമേരിക്കയ്ക്ക് മുൻഗണന നൽകണം. വെനസ്വേലയുടെ എണ്ണ സമ്പത്തിന്മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണം ഉറപ്പാക്കുന്ന തരത്തിലുള്ള പദ്ധതി നടപ്പിലാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് ഇതുസംബന്ധിച്ച കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു. നിലവിൽ വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണെന്നും സംഭരിക്കാൻ സ്ഥലമില്ലാത്തതിനാൽ എണ്ണക്കിണറുകൾ അടച്ചുതുടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ഈ പ്രതിസന്ധി മുതലെടുത്ത് വെനസ്വേലയെ സമ്മർദ്ദത്തിലാക്കാനാണ് യു എസ് നീക്കം. എണ്ണ വിൽക്കാൻ സാധിച്ചില്ലെങ്കിൽ ഏതാനും ആഴ്ചകൾക്കുള്ളിൽ വെനസ്വേല സാമ്പത്തികമായി തകരുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ മുന്നറിയിപ്പ് നൽകിയിരുന്നു. ചൈനയാണ് വെനസ്വേലയുടെ എണ്ണ ഏറ്റവും കൂടുതൽ വാങ്ങിയിരുന്ന രാജ്യം.

അതിനിടെ, വെനസ്വേലയിലെ ഇടക്കാല ഭരണകൂടം 30 ദശലക്ഷം മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് അവകാശപ്പെട്ടു. ഈ എണ്ണ വിപണിവിലയ്ക്ക് വിൽക്കുമെന്നും അതിൽ നിന്ന് ലഭിക്കുന്ന ഫണ്ട് തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഈ തുക വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലി'ലൂടെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അകലം മാറുന്നു, യുഎസ് കഴിഞ്ഞാൽ അടുത്ത പങ്കാളി ഇന്ത്യ; രണ്ടാം യാത്രയിൽ ഇസ്രയേലിന്‍റെ 'സ്പീക്കർ മെഡൽ' സ്വീകരിച്ച് മോദി, ഇതാദ്യം!
ട്രംപ് വിരട്ടിയാല്‍ ഇറാന്‍ മുട്ടുമടക്കുമോ, ജനീവയില്‍ മൂന്നം ഘട്ട ആണവചര്‍ച്ച, അപ്പുറം യുദ്ധതന്ത്രങ്ങള്‍!